ജല്ലിക്കട്ട് പരിശീലനത്തിനിടെ കാളകള്‍ വിരണ്ടോടി അപകടം; 50 ഓളം പേര്‍ക്ക് പരിക്ക്, അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് സംഘാടകര്‍ക്കെതിരെ പൊലീസ് കേസ്
Jan 3, 2022, 16:59 IST
ചെന്നൈ: (www.kvartha.com 03.01.2022) തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടക്കുന്ന പരിശീലനത്തിനിടെ കാളകള്‍ വിരണ്ടോടി 50 ഓളം പേര്‍ക്ക് പരിക്ക്. അനുമതി നിഷേധിച്ചിട്ടും ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകര്‍ക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ചടങ്ങ് പൊലീസ് ഇടപെട്ട് നിര്‍ത്തിവച്ചു.
തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് ചടങ്ങ് നടന്നത്. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി ജില്ലകളില്‍ നിന്നായി 500 ലേറെ കാളകളും 1000 ലേറെ ആളുകളും ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
ചടങ്ങ് നടത്താന്‍ സംഘാടകര്‍ പൊലീസ് അനുമതി തേടിയിരുന്നെങ്കിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചിരുന്നു. ചടങ്ങില്‍ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ലെന്നും വിവരമുണ്ട്. ഇതിന് ഇടയിലാണ് കാളകള്‍ വിരണ്ടോടി അപകടം ഉണ്ടായത്.
കാളകളെ മെരുക്കാന്‍ നടത്തുന്ന 'ഊര് തിരുവിഴ'ക്കിടെയാണ് അപകടം ഉണ്ടായത്. മാര്‍കഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴ നടക്കുന്നത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ പരിശീലിപ്പിക്കാന്‍ ആചാരപരമായി നടക്കുന്ന ചടങ്ങാണിത്.
ഈ മാസം 15നാണ് തമിഴ്‌നാട്ടില്‍ മാട്ടുപൊങ്കല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ചെറുതും വലുതുമായ ജല്ലിക്കട്ടുകള്‍ നടക്കും. എന്നാല്‍ തമിഴ് ജനതയ്ക്ക് മേല്‍ വലിയ വൈകാരിക സ്വാധീനമുള്ള ജല്ലിക്കട്ടിന് സര്‍കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.