സ്ത്രീധനപീഡനം; നടന്‍ കൃഷ്ണയ്‌ക്കെതിരെ കേസ്

 


മേട്ടുപ്പാളയം: (www.kvartha.com 18.09.15) സ്ത്രീധനപീഡനത്തെ തുടര്‍ന്ന് തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മേട്ടുപ്പാളയം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് കൃഷ്ണ തന്നെ ശാരീരികമായി പീഡിപ്പിയ്ക്കുന്നുണ്ടെന്ന ഭാര്യ ഹേമലതയുടെ പരാതിയിലാണ് കേസെടുത്തത്.

ഫേസ്ബുക്ക് വഴിയാണ് ഹേമലത  കൃഷ്ണയെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം വളര്‍ന്ന് പ്രണയമാവുകയും ഒടുവില്‍ 2014 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹസമയത്ത് 300 സ്വര്‍ണ നാണയങ്ങളായിരുന്നു കൃഷ്ണയുടെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 118 സ്വര്‍ണം മാത്രമാണ് ഹേമലതയുടെ കുടുംബം നല്‍കിയിരുന്നത്. ബാക്കി സ്വര്‍ണം പിന്നീട് നല്‍കാമെന്ന വ്യവസ്ഥയിലാണ് വിവാഹം കഴിച്ചത്.

എന്നാല്‍ ബാക്കി വന്ന സ്വര്‍ണം പറഞ്ഞ സമയത്തിനകം  കൊടുക്കാന്‍ കഴിയാതെവന്നതോടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആദ്യം കോടമ്പാക്കത്ത് താമസിച്ചിരുന്ന ഇരുവരും പിന്നീട് ചെന്നൈയിലെ ടി നഗറിലേയ്ക്ക് താമസം മാറ്റി. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹേമലത ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഓഫീസില്‍ പോകാന്‍ ഹേമലതയ്ക്ക്  കൃഷ്ണ കാര്‍ വാങ്ങി കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് കാറില്‍ പോകുന്നത് തടയുകയും ബസില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഹേമലതയുടെ പരാതിയിലുണ്ട്.

കൃഷ്ണയുടെ പിതാവും സിനിമാ നിര്‍മാതാവുമായ ശേഖറും മാതാവ് മധുബാലയും തന്നെ ബാക്കിവന്ന സ്ത്രീധനത്തുക കൊടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഹേമലത പരാതിയില്‍ പറയുന്നുണ്ട്. മാത്രമല്ല കൃഷ്ണയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു തന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നും ഹേമലത ആരോപിക്കുന്നു.  മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ജൂലായ് മാസത്തില്‍ കൃഷ്ണ ഹേമലതയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. യാച്ചന്‍, കഴുഗു എന്നീ സിനിമകളിലാണ് കൃഷ്ണ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്.

സ്ത്രീധനപീഡനം; നടന്‍ കൃഷ്ണയ്‌ക്കെതിരെ കേസ്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia