Marriage | വളര്‍ത്തുനായകളെ വിവാഹം കഴിപ്പിച്ച് മക്കളില്ലാത്ത ദമ്പതികള്‍; ചടങ്ങിനെത്തിയത് 100 ഓളം പേര്‍; വീഡിയോ വൈറല്‍
Nov 14, 2022, 19:36 IST
ചണ്ഡീഗഡ്: (www.kvartha.com) വളര്‍ത്തുനായകളെ വിവാഹം കഴിപ്പിച്ച് മക്കളില്ലാത്ത ദമ്പതികള്‍. ഹരിയാനയിലെ പാലം വിഹാര്‍ എക്സ്റ്റന്‍ഷനിലെ ജിലെ സിങ് കോളനിയിലെ അയല്‍വീട്ടുകാരാണ് തങ്ങളുടെ ഓമനകളായ സ്വീറ്റിയുടേയും ഷേരുവിന്റേയും വിവാഹത്തിന് മുന്‍കയ്യെടുത്തത്. നാല് ദിവസം മുമ്പാണ് ഇത്തരമൊരു വിവാഹാലോചന ഉണ്ടായത്. പിന്നെ ഒട്ടും വൈകാതെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. വിവാഹത്തിന് ഒരു കുറവുമില്ലാതെ കേമമായി നടത്തി.
പൊട്ടു തൊട്ട്, പാദസരങ്ങളണിഞ്ഞ്, ചുവന്ന ഷോള്‍ കൊണ്ട് തലമറച്ച സ്വീറ്റിയെ വീട്ടുകാര്‍ മണ്ഡപത്തിലിരുത്തി. ഷേരുവിനേയും നവവരനെയെന്ന പോലെ വീട്ടുകാര്‍ മണ്ഡപത്തിലെത്തിച്ചു. ഇവരുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട നൂറോളം അതിഥികളും പങ്കെടുത്തു. അഗ്‌നിയ്ക്ക് വലംവെക്കുന്നതുള്‍പെടെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. അങ്ങനെ വീട്ടുകാരുടെ അനുഗ്രഹത്തോടെ സ്വീറ്റിയും ഷേരുവും നവംബര്‍ 14 ന് വിവാഹിതരായി.
മൃഗസ്‌നേഹികളായ സവിതയും ഭര്‍ത്താവുമാണ് സ്വീറ്റിയുടെ ഉടമകള്‍. മക്കളില്ലാത്തതിനാല്‍ സ്വന്തം മകളെ പോലെയാണ് സ്വീറ്റിയെ ഇവര്‍ വളര്‍ത്തുന്നത്. വഴിയില്‍ അലഞ്ഞുനടക്കുന്ന നായകള്‍ക്കും മറ്റും ഭക്ഷണം കൊടുക്കുന്ന പതിവുണ്ടായിരുന്ന സവിതയുടെ ഭര്‍ത്താവിന്റെ പിന്നാലെ മൂന്ന് കൊല്ലം മുമ്പ് വീട്ടിലെത്തിയതാണ് സ്വീറ്റി.
പിന്നീട് സ്വന്തം മകളെ പോലെ വളര്‍ത്തി. അയല്‍വാസികള്‍ക്കും പ്രിയങ്കരിയാണ് സ്വീറ്റി. സ്വീറ്റിയുടെ വിവാഹത്തെ കുറിച്ച് ആളുകള്‍ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നാണ് അയല്‍പക്കത്തെ ഷേരുവുമായി വിവാഹം നടത്താമെന്നുള്ള തീരുമാനത്തിലെത്തിയത്. വിവാഹത്തില്‍ തങ്ങള്‍ക്കുള്ള ആഹ്‌ളാദം ഷേരുവിന്റെ വളര്‍ത്തമ്മയായ മനിതയും പങ്കുവെച്ചു.
വിവാഹച്ചടങ്ങിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് യൂട്യൂബില്‍ ഷെയര്‍ ചെയ്തത്. മകളുടെ വിവാഹം കാണുന്ന പോലെ സന്തോഷാശ്രുക്കളോടെ നില്‍ക്കുന്ന സവിതയേയും ആഹ്‌ളാദം പ്രകടിപ്പിക്കുന്ന മനിതയേയും വീഡിയോയില്‍ കാണാം. വിവാഹത്തിനെത്തിയ അയല്‍വാസികളും ആട്ടവും പാട്ടുമായി ആഘോഷക്കാഴ്ചയൊരുക്കുന്നതും വീഡിയോയിലുണ്ട്.
Keywords: Sweety weds Sheru: Haryana couple conducts Hindu wedding rituals for two pet dogs, Haryana, News, Video, Marriage, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.