Security Concerns | തന്റെ സുരക്ഷ പിന്‍വലിക്കണമെന്ന് സുപ്രിയ സുലെ; തൊട്ടുപിന്നാലെ ശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷയുമായി കേന്ദ്ര സര്‍കാര്‍; കാരണമുണ്ട്!
അറുപതിലധികം ഉദ്യോഗസ്ഥരെ വൈകാതെ തന്നെ ഏര്‍പ്പെടുത്തും
എണ്‍പത്തിമൂന്നുകാരനായ പവാറിന്റെ വസതിയിലും രാജ്യത്തുടനീളമുള്ള യാത്രയ്ക്കിടയിലും സുരക്ഷയുണ്ടാകും.
മുംബൈ: (KVARTHA) എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍കാര്‍. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപോര്‍ടിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
പവാറിന്റെ സുരക്ഷയ്ക്കായി അറുപതിലധികം ഉദ്യോഗസ്ഥരെ വൈകാതെ തന്നെ ഏര്‍പ്പെടുത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. എണ്‍പത്തിമൂന്നുകാരനായ പവാറിന്റെ വസതിയിലും രാജ്യത്തുടനീളമുള്ള യാത്രയ്ക്കിടയിലും സുരക്ഷയുണ്ടാകും.
താനെ ജില്ലയിലെ ബദ് ലാപൂരിലെ സ്‌കൂളില്‍ ശുചീകരണത്തൊഴിലാളി നാലുവയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിന്നാലെ തന്റെ സുരക്ഷ പിന്‍വലിക്കാന്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സംസ്ഥാന സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് സുലെ ഇക്കാര്യം ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് ശരദ് പവാറിന്റെ സുരക്ഷ കേന്ദ്രസര്‍കാര്‍ വര്‍ധിപ്പിച്ചത് എന്നതും കൗതുകകരമാണ്.
സുപ്രിയ സുലെയുടെ അഭ്യര്‍ഥന:
ഞാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കും സുരക്ഷ നല്‍കുന്നതിന് പൊലീസ് സേനയുടെ ഒരു പ്രധാന ഭാഗം ഉപയോഗിക്കുന്നു. നിയമപാലകരുടെ നിലവിലുള്ള ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോള്‍, അത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ നിലനിര്‍ത്തുന്നത് അനുചിതമാണ്. അതിനാല്‍, എന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി അവരെ പുനര്‍നിയോഗിക്കാനും ഞാന്‍ ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ഥിക്കുന്നു- എന്നായിരുന്നു സുപ്രിയ സുലേയുടെ ആവശ്യം.
#SharadPawar #SupriyaSule #Security #Maharashtra #NCP #CentralGovernment