Court Ruling | യു പി മദ്‌റസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; ഹൈകോടതി വിധി റദ്ദാക്കി; 26 ലക്ഷം വിദ്യാര്‍ഥികൾക്കും 10,000ത്തിലേറെ അധ്യാപകർക്കും ആശ്വാസം
● 2004-ലെ മദ്റസാ നിയമം സുപ്രീംകോടതി ശരിവച്ചു.
● മദ്റസാ നിയമത്തിന്റെ ഭരണഘടനാ വിശ്വാസം ഉറപ്പാക്കുന്ന വിധി.
ന്യൂഡൽഹി: (KVARTHA) 2004-ലെ ഉത്തർപ്രദേശ് മദ്റസാ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവെച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി റദ്ദാക്കി. ഹൈകോടതി വിധിക്കെതിരെ വിവിധ മദ്റസാ മാനേജർമാരും അധ്യാപകരുടെ സംഘടനകളും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.
മദ്റസകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ബോർഡുകളെ ശക്തിപ്പെടുത്താനാണ് 2004ൽ ഉത്തർപ്രദേശ് മദ്റസാ വിദ്യാഭ്യാസ ബോർഡ് നിയമം കൊണ്ടുവന്നത്. നിയമം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ഹൈകോടതി റദ്ദാക്കിയത്. മദ്റസ വിദ്യാർഥികളെ ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.
മദ്റസാ നിയമം ഹൈകോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെ 26 ലക്ഷം വിദ്യാർഥികളും 10,000ത്തിലേറെ അധ്യാപകരും പ്രതിസന്ധിയിലായിരുന്നു. ഇത്രയും പേരുടെ വിദ്യാഭ്യാസവും ജോലിയുമാണ് അനിശ്ചിതത്വത്തിലായിരുന്നത്. മദ്റസാ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് യു പി സര്‍കാറിനോട് മാര്‍ച്ച് 22ന് പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.
മദ്റസാ നിയമം മതേതരത്വത്തിൻ്റെ ലംഘനമാണെന്നും 14 വയസ് വരെയോ എട്ടാം ക്ലാസ് വരെയോ ഗുണനിലവാരമുള്ള നിർബന്ധിത വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്നും കാണിച്ച് അൻഷുമാൻ സിംഗ് റാത്തോഡ് എന്ന അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, മദ്റസകൾ മതവിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി മാത്രമുള്ളതല്ലെന്നും അതിനായി ഗ്രാന്റുകൾ സ്വീകരിക്കുന്നില്ലെന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും മദ്റസ അധ്യാപകരുടെ സംഘടനകൾ വാദിച്ചിരുന്നു.
തുടർന്ന് നേരത്തെ ഹൈക്കോടതി വിധി നടപ്പാക്കുന്നത് ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരമുണ്ടെന്നും, അത്തരം നിയമങ്ങളിൽ മതപരമായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസം:
ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസത്തെ കാര്യക്ഷമമാക്കുകയും രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2004-ൽ 'യുപി മദ്രസ ബോർഡ് ആക്റ്റ്' എന്ന ഒരു പ്രത്യേക നിയമം നിലവിൽ വന്നു. ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തെ മദ്രസകളുടെ വിദ്യാഭ്യാസം നിയന്ത്രിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുക എന്നതാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് മദ്രസ ബോർഡ് സ്ഥാപിക്കപ്പെട്ടു.
ഈ നിയമം അറബി, ഉറുദു, പേർഷ്യൻ, ഇസ്ലാമിക് സ്റ്റഡീസ്, ടിബ് (പരമ്പരാഗത വൈദ്യശാസ്ത്രം), തത്ത്വചിന്ത തുടങ്ങിയ പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസത്തെ വ്യക്തമായി നിർവചിക്കുന്നു. അതേസമയം, മതപരവും സാംസ്‌കാരികവുമായ പഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും ഉൾക്കൊള്ളിക്കുന്നതിന്, ഘടനാപരമായ പാഠ്യപദ്ധതി അനുസരിച്ച് പ്രവർത്തിക്കാൻ മദ്രസകൾക്ക് ഈ നിയമം ഒരു ചട്ടക്കൂട് നൽകുന്നു.
ഉത്തർപ്രദേശിൽ ഏകദേശം 25,000 മദ്രസകളുണ്ട്. ഇതിൽ 16,000 മദ്രസകൾ യുപി മദ്രസ ബോർഡിന്റെ അംഗീകാരമുള്ളവയാണ്. ഉന്നത വിദ്യാഭ്യാസ തലത്തിൽ, മദ്രസ ബോർഡ് 'കാമിൽ' എന്ന പേരിൽ ബിരുദങ്ങളും 'ഫാസിൽ' എന്ന പേരിൽ ബിരുദാനന്തര ബിരുദങ്ങളും നൽകുന്നു.
#UPMadrasaLaw, #SupremeCourt, #EducationLaw, #UttarPradesh, #ReligiousEducation, #Madrasa