Supreme Court | തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നോക്ക സംവരണം ഏര്‍പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി

 


ന്യൂഡെല്‍ഹി: (www.kvartha.com) തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നോക്ക സംവരണം ഏര്‍പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

103-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നോക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചവര്‍.

Supreme Court | തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നോക്ക സംവരണം ഏര്‍പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട് എന്നിവര്‍ സംവരണത്തെ എതിര്‍ത്തു. ആകെ നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായിരുന്നത്. ജസ്റ്റിസ് എസ് രവീന്ദ്ര ഭടിന്റെ വിധിയോട് അനുകൂലിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

മുന്നോക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സാമൂഹികനീതിക്കും എതിരാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട് വിയോജന വിധിയില്‍ പറയുന്നു. ഭരണഘടന വിലക്കിയ വിവേചനം ഭേദഗതിയിലൂടെ നടപ്പാക്കുകയാണ്. ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നോക്ക സംവരണമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട് നിരീക്ഷിച്ചു.

2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍കാര്‍ ജോലികളിലും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ സാമ്പത്തികം മാത്രം മാനദണ്ഡമാക്കി സംവരണം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നോക്ക സംവരണം അനുവദിച്ചതെന്നായിരുന്നു കോടതിയില്‍ കേന്ദ്രസര്‍കാരിന്റെ വിശദീകരണം. പിന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നോക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍കാര്‍ വാദിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദമാണ് ഹര്‍ജികളില്‍ നടന്നത്. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഉള്‍പെടെ പങ്കാളിയായി.

Keywords: Supreme Court upholds 10% quota law for economically weaker sections, New Delhi, News, Supreme Court of India, Education department, Finance, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia