HC Order Suspended | മുന്‍ അധ്യാപകന്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു
Oct 15, 2022, 15:50 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈകോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. സായിബാബ ഉള്‍പെടെ ആറുപേരെയും കുറ്റവിമുക്തരാക്കിയ വിധിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തെളിവുകള്‍ വിശദമായി പരിശോധിച്ചാണ് ശിക്ഷിച്ചതെന്ന് സുപ്രീം കോടതി വിലയിരുത്തി. ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയാണ് കുറ്റങ്ങളെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സായിബാബയെ 2014 ല്‍ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവിലാണ്.
സായ്ബാബയെ യുഎപിഎ (നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം) പ്രകാരം ചട്ടം പാലിക്കാതെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതുതന്നെ നിയമത്തിന് കളങ്കമാണെന്നായിരുന്ന് ബോംബെ ഹൈകോടതി വിധി. നടപടിക്രമം പാലിക്കാതെ യുഎപിഎ ചുമത്തിയതിനാല്‍ വിചാരണകോടതിയുടെ ശിക്ഷാവിധിക്ക് സാധുതയില്ലെന്നും 101 പേജുള്ള ഉത്തരവില്‍ ഹൈകോടതി നാഗ്പുര്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
മഹാരാഷ്ട്ര സര്‍കാരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയിലെ കോടതിയാണ് 2017 ല്‍ സായ്ബാബയ്ക്കും ഡെല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലികര്‍, മഹേഷ് ടിര്‍കി, പാണ്ഡു നരോതെ എന്നിവര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചത്. മറ്റൊരു പ്രതി വിജയ് ടിര്‍കിക്ക് 10 വര്‍ഷം തടവും. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്മാരായ രോഹിത് ദേവ്, അനില്‍ പന്‍സാരെ എന്നിവരുടെ അനുകൂല വിധി. ഇതിനിടെ എച്1എന്‍1 പനി ബാധിച്ചു പാണ്ഡു ഓഗസ്റ്റില്‍ ജയിലില്‍ മരിച്ചു.
ഡെല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇന്‍ഗ്ലിഷ് അധ്യാപകനായിരിക്കെയാണ് മഹാരാഷ്ട്ര പൊലീസ് സായ്ബാബയെ അറസ്റ്റ് ചെയ്തത്. പിന്നാലെ ജോലി നഷ്ടപ്പെട്ടു. വൃക്കരോഗം ഉള്‍പെടെ അലട്ടുന്ന അദ്ദേഹം ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി മോചനത്തിന് അപേക്ഷിച്ചെങ്കിലും വിട്ടയച്ചില്ല. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ചക്രക്കസേരയുടെ സഹായത്തോടെയാണ് സായ്ബാബ ജീവിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.