Caste Discrimination | രാജ്യത്തെ ജയിലുകളില്‍ ഇന്നും ജാതി വ്യവസ്ഥയോ? ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ


നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്
ദക്ഷ മനു
മുംബൈ: (KVARTHA) രാജ്യത്തെ ജയിലുകളിലെ (Jail) ജാതി വിവേചനം ഇല്ലാതാക്കാന്‍ ഒരു നോഡല്‍ ഓഫീസറെ (Nodal Officer) നിയമിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് (Ministry of Home Affairs) നിര്‍ദേശം നല്‍കുമെന്ന് സുപ്രീംകോടതി (Supreme Court) ചീഫ് ജസ്റ്റിസ് (Chief Justice) ഡി വൈ ചന്ദ്രചൂഡ് സൂചിപ്പിക്കുകയുണ്ടായി. ജയിലുകളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെയും വേര്‍തിരിവിനെയും കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സുകന്യ ശാന്ത എന്ന മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇതുവരെ സര്‍ക്കാര്‍ ക്രിമിനലുകള്‍ എന്ന് മുദ്രകുത്താത്ത ഗോത്രങ്ങളെ (Tribes) പ്രത്യേകം ബാധിക്കുന്ന, വിവേചനപരമായ വ്യവസ്ഥകളെ കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. (1871ലെ ബ്രിട്ടീഷ് ക്രിമിനല്‍ ആക്ടിന് കീഴില്‍ ഗോത്രവര്‍ഗങ്ങളെ ക്രിമിനലുകളായാണ് പരിഗണിച്ചിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം അത് എടുത്ത് കളഞ്ഞു) പുലിറ്റ്സര്‍ സെന്റര്‍ ഫോര്‍ ക്രൈസിസ് റിപ്പോര്‍ട്ടിംഗുമായി സഹകരിച്ച് നിര്‍മ്മിച്ച 'ബാര്‍ഡ് - ദി പ്രിസണ്‍സ് പ്രോജക്റ്റ്' എന്ന അഞ്ച് ഭാഗങ്ങളുള്ള ജയില്‍ പരമ്പരയിലെ ലേഖനങ്ങളിലൊന്നിനെ അടിസ്ഥാനമാക്കിയാണ് ഈ ഹര്‍ജി നല്‍കിയത്.
മഹാരാഷ്ട്ര ജയില്‍ മാനുവലിലെ (Maharashtra Jail Manual) ചില വ്യവസ്ഥകള്‍ വായിച്ച സുപ്രീം കോടതി, ഈ രീതികള്‍ 'ഏറ്റവും അസ്വസ്ഥമാക്കുന്നത്' എന്നാണ് പറഞ്ഞത്. ഹര്‍ജി അന്തിമ വിധിപറയുന്നതിനായി കോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് ഇത് സംബന്ധിച്ച് ഈ വര്‍ഷം ജനുവരിയില്‍ 15 ലധികം സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചിരുന്നു, മിക്ക സംസ്ഥാനങ്ങളിലെയും ജയില്‍ മാന്വലുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഭരണഘടനാ വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെയുള്ള നിലപാട് അറിയിക്കാനും നിര്‍ദ്ദേശിച്ചു.
കേന്ദ്ര സര്‍ക്കാരും ജാര്‍ഖണ്ഡ്, ഒഡീഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും മാത്രമാണ് ഇതുവരെ നിലപാട് അറിയിച്ചത്. മിക്ക സംസ്ഥാനങ്ങളും ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തെ നിഷേധിക്കുകയോ അല്ലെങ്കില്‍ അത്തരം സമ്പ്രദായങ്ങളെ ന്യായീകരിക്കുകയോ ചെയ്തിട്ടുണ്ട്.
മാനുവല്‍ മാതൃക
ഫെബ്രുവരി 26 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ഈ രീതികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. 2016ലെ ജയില്‍ മാനുവല്‍ അനുസരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കി. എന്നാല്‍, ഹരജിയില്‍ വളരെ വിശദമായി ചൂണ്ടിക്കാണിച്ച രീതിയിലുള്ള പ്രിസണ്‍ മാന്വലിലെ പ്രശ്‌നങ്ങളും അപര്യാപ്തതയും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചുവെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് മാന്വലിലെ പോരായ്മകളും കോടതി ബുധനാഴ്ച പരിഗണിച്ചു. പ്രിസണ്‍ മാനുവല്‍ ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ നിയമനം വ്യക്തമായി നിരോധിക്കുന്നുണ്ടെങ്കിലും, മിക്ക സംസ്ഥാനങ്ങളിലും വ്യാപകമായി കാണുന്ന, രേഖകളിലില്ലാത്ത ആദിവാസികളുടെയും അലഞ്ഞുതിരിയുന്ന സമൂഹങ്ങളുടെയും നേരെയുള്ള മറ്റ് വിവേചനപരമായ കാര്യങ്ങളെക്കുറിച്ച് മാനുവലില്‍ ഒന്നും പറയുന്നില്ല.
വൃത്തിഹാനമായ ടോയ്ലുകളുടെ ഉപയോഗം, മാനുവല്‍ തോട്ടിപ്പണി നിരോധനം എന്നിവ 2013 ലെ അവരുടെ പുനരധിവാസ നിയമം എന്നിവ പ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇവരെ കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നതിനെ കുറിച്ച് ജയില്‍ മാനുവലില്‍ ഒന്നും പറയുന്നില്ല. ഇത് ജയില്‍ അധികൃതര്‍ ദുരുപയോഗം ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുന്നു. മിക്ക സംസ്ഥാനങ്ങളും ഇപ്പോഴും തടവുകാരെ ശാരീരികമായി വേര്‍തിരിക്കുന്നതും ജാതി അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്നെന്ന് സുകന്യയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും ഗോത്രങ്ങള്‍ക്കെതിരെ അനുവദിച്ചിട്ടുള്ള നിയമലംഘന നടപടികളും അവര്‍ ചൂണ്ടിക്കാട്ടി.
വിവേചനപരമായ രീതികള്‍ക്കൊപ്പം, തടവിലാക്കപ്പെട്ടവരുടെ സാക്ഷിമൊഴികളുടെ സമാഹാരവും ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കി. പല സംസ്ഥാനങ്ങളിലുമുള്ള വിവേചനങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, മൊഴികള്‍ ഇവ സംബന്ധിച്ച വ്യക്തമായ വിവരം നല്‍കുന്നുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും ഹര്‍ജിക്ക് മറുപടി നല്‍കാത്തതിനാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കണമെന്ന് കോടതി ഉത്തരവിടണമെന്നും അത് നടപ്പാക്കണമെന്ന് പ്രസ്താവിക്കണമെന്നും അഭിഭാഷകര്‍ വാദിച്ചു. ഇതോടെയാണ് ഉ്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചത്. എന്നാല്‍ സംസ്ഥാനങ്ങള്‍ മറുപടി നല്‍കുന്നത് വരെ കാത്തിരിക്കണമെന്ന് സുകന്യയുടെ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന മാനുവലിലെ നിയമവിരുദ്ധമയ വ്യവസ്ഥകള്‍ അഭിഭാഷകര്‍ കോടതിയില്‍ വായിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രദീപ് മിശ്ര കോടതിയില്‍ ഹാജരായി. സംസ്ഥാനത്തെ ന്യായീകരിക്കാന്‍ ശ്രമിച്ച അദ്ദേഹം അവിടുത്തെ ജയിലുകളില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചന സമ്പ്രദായമില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍ സംസ്ഥാന മാനുവലിലെ ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ സുകന്യയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും മാനുവലില്‍ നിന്നുള്ള നിയമങ്ങള്‍ വായിച്ചു. റൂള്‍ 158, തോട്ടിപ്പണി ജോലിയിലുള്ള കുറ്റവാളികള്‍ക്ക് ഇളവ് നല്‍കുന്നു. എന്താണ് ഈ തോട്ടിപ്പണി ജോലിയെന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാനത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. ഈ ചട്ടത്തിൽ തോട്ടിപ്പണിക്കാരനെ കുറിച്ച് പറയുന്നു, എന്താണ് അതിനര്‍ത്ഥം എന്നും ചോദിച്ചു.
പശ്ചിമ ബംഗാളിലെ ജയിലുകളില്‍ നിലനില്‍ക്കുന്ന നിയമലംഘന നടപടികള്‍ ചൂണ്ടിക്കാണിച്ച ജസ്റ്റിസ് പര്‍ദിവാല ഹരജിയിലെ വിശദമായ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചു. ജയില്‍ മാനുവലില്‍ നിന്നുള്ള വ്യവസ്ഥകള്‍ വായിക്കുകയും ഞാനും സംസ്ഥാന അഭിഭാഷകനായ ഹിമാന്‍ഷു ചക്രബര്‍ത്തിയെ ശല്യപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. മാത്രമല്ല ചക്രവര്‍ത്തിയോട് ചില റൂളുകള്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. റൂള്‍ 793ല്‍ ഇങ്ങിനെ പറയുന്നു; ബാര്‍ബര്‍ എ ക്ലാസില്‍ ഉള്‍പ്പെട്ടിരിക്കണം. തൂപ്പുകാരെ തിരഞ്ഞെടുക്കേണ്ടത് മേത്തര്‍ അല്ലെങ്കില്‍ ഹരി ജാതിയില്‍ നിന്നോ, ചണ്ഡാളില്‍ നിന്നോ മറ്റ് ജാതികളില്‍ നിന്നോ ആയിരിക്കണം. ആചാരമനുസരിച്ച്, അവര്‍ ജയിലുകള്‍ക്ക് പുറത്തായിരുന്നപ്പോള്‍ സമാനമായ ജോലി ചെയ്യുന്നുവെങ്കില്‍, ജയിലിലും അതേ ജോലി ചെയ്യാണം.
പശ്ചിമ ബംഗാള്‍ ജയില്‍ മാന്വലില്‍ ഇത്തരം നിരവധി പ്രശ്നകരമായ വ്യവസ്ഥകള്‍ ഉണ്ട്. ഹര്‍ജിയില്‍ ഇതുവരെ പ്രതികരിക്കാത്ത സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളും ഉണ്ടെന്ന് സുകന്യയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സുകന്യയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എസ് മുരളീധറും അഭിഭാഷക ദിഷ വഡേക്കറും ഹാജരായി.
മധ്യപ്രദേശ് ജയില്‍ മാന്വലില്‍ നിന്നുള്ള വ്യവസ്ഥകളും സിജെഐ ചന്ദ്രചൂഡ് വായിച്ചു, അതില്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും അല്ലാത്ത കുറ്റവാളികളെയും കുറിച്ച് പറയുന്നുണ്ട്. ഡീനോട്ടിഫൈഡ് ട്രൈബിലെ അംഗങ്ങളെ സ്ഥിരം കുറ്റവാളികളായി വിശേഷിപ്പിക്കുന്നു.
ജൂലൈ 13നകം ഈ വിഷയത്തില്‍ മറുപടി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 കൊല്ലം പിന്നിട്ടിട്ടും ഭരണകൂടം ജാതിയുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ പോലും വേര്‍തിരിക്കുന്നു എങ്കില്‍ നമ്മള്‍ നേടിയ സ്വതന്ത്ര്യത്തിന് എന്ത് അര്‍ത്ഥമാണുള്ളതെന്നാണ് ഉയരുന്ന ചോദ്യം.