Supreme Court | കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍കാരിന് തിരിച്ചടി; ഡോ. സിസ തോമസിന് എതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

 


ന്യൂഡെല്‍ഹി: (KVARTHA) കേരള സാങ്കേതിക സര്‍വകലാശാല (KTU) വൈസ് ചാന്‍സലര്‍ (VC) നിയമനത്തില്‍ സംസ്ഥാന സര്‍കാരിനു തിരിച്ചടി. മുന്‍ വിസി ഡോ. സിസ തോമസിന് എതിരായ സര്‍കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് ഹര്‍ജി കോടതി തള്ളിയത്. ഗവര്‍ണറും സര്‍കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് പരിഗണിച്ച ആദ്യ ദിവസം തന്നെയാണ് ഹര്‍ജി തള്ളിയത്.

സര്‍കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 48 -ാം വകുപ്പ് പ്രകാരം കാരണം കാണിക്കല്‍ നോടീസ് നല്‍കാനും നടപടി എടുക്കാനും സര്‍കാരിന് അധികാരം ഉണ്ടെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ വാദിച്ചു, എന്നാല്‍ ഇതിനോട് കോടതി വിയോജിച്ചു. ഗവര്‍ണറാണ് നിയമനം നടത്തിയത് എന്ന സിസ തോമസിന്റെ വാദം കോടതി കണക്കിലെടുത്തു.

Supreme Court | കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍കാരിന് തിരിച്ചടി; ഡോ. സിസ തോമസിന് എതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

വിശദമായി വാദം കേള്‍ക്കണം എന്ന സംസ്ഥാനത്തിന്റെ ആവശ്യവും ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവര്‍ നിരസിച്ചു. സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപത്, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. സിസ തോമസിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാഘവേന്ദ്ര സിസോഡാ, അഭിഭാഷകരായ ഉഷ നന്ദിനി, കോശി ജേകബ് എന്നിവര്‍ ഹാജരായി.

സിസ തോമസിനെതിരായ അച്ചടക്ക നടപടി നേരത്തെ ഹൈകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍കാര്‍ അപീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയതിനെ തുടര്‍ന്നാണു യൂനിവേഴ്‌സിറ്റി യുജിസി ചട്ടങ്ങള്‍ പ്രകാരം സിസ തോമസിനെ താല്‍കാലിക വിസി ആയി ഗവര്‍ണര്‍ നിയമിച്ചത്.

ഇതിനെതിരെ സര്‍കാര്‍ ഹൈകോടതിയ സമീപിച്ചപ്പോള്‍, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. അതിനു ശേഷമാണ് സര്‍കാരിന്റെ അനുമതി കൂടാതെ വിസി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ചു അവര്‍ക്ക് സര്‍കാര്‍ കാരണം കാണിക്കല്‍ നോടിസ് നല്‍കിയത്. തനിക്കെതിരായുള്ള സര്‍കാരിന്റെ നോടിസിനെതിരെ സിസ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷാ നടപടികള്‍ തുടരാമെന്ന് ഉത്തരവിട്ടു.

ഇതിനെതിരെ സിസ ഹൈകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച്, സര്‍കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോടിസ് നിയമപരമായി നിലനില്‍ക്കില്ലെന്നും സിസയെ നിയമിച്ചത് യൂനിവേഴ്‌സിറ്റിയുജിസി ചട്ടങ്ങള്‍ അനുസരിച്ചാണെന്നും ഉത്തരവിട്ടു. ഈ വിധിക്കെതിരെയാണു സര്‍കാര്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയതും തിരിച്ചടി നേരിട്ടതും.

Keywords: Supreme court dismissed petition against Sisa Thomas, New Delhi, News, Politics, Controversy, Supreme Court, Petition, Dismissed, Sisa Thomas, Governor, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia