Investigation | ജഡ്‌ജിന്റെ വീട്ടിൽ‌നിന്ന് പണം കണ്ടെത്തിയതായി സ്ഥിരീകരിച്ച് സുപ്രീം കോടതി; കത്തിയ നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു

 
Currency notes recovered from Delhi High Court judge's residence.
Currency notes recovered from Delhi High Court judge's residence.

Photo Credit: Website/ Suprem Court Of India

● അന്വേഷണറിപ്പോർട്ടും ചിത്രങ്ങളും സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
● ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ജസ്റ്റിസ് വർമ്മ. 
● ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.

ന്യൂഡൽഹി: (KVARTHA) ഡൽഹി ഹൈകോടതി ജഡ്‌ജ്‌ ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ തീപ്പിടുത്തത്തിനിടെ പണം കണ്ടെത്തിയെന്ന വാർത്ത ശരിയാണെന്ന് സുപ്രീം കോടതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാർച്ച് 14 ന് ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈകോടതി നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി പുറത്തുവിട്ടു.

ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും സുപ്രീം കോടതി  അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ, ഭാഗികമായി കത്തിക്കരിഞ്ഞ കറൻസി കെട്ടുകൾ ഒരു അഗ്നിശമന സേനാംഗം പുറത്തെടുക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലും ചിത്രങ്ങളിലും കാണാം. കത്തിയ നോട്ടുകളിലെ ഗാന്ധി ചിത്രം ശ്രദ്ധയിൽപ്പെട്ടപ്പോൾ, 'മഹാത്മാഗാന്ധിക്ക് തീ പിടിച്ചിരിക്കുന്നു' എന്ന് വീഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം.

അന്വേഷണ റിപ്പോർട്ടും ചിത്രങ്ങളും ശനിയാഴ്ചരാത്രി 11.30-ഓടെയാണ് സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് എ എസ് ഓഖ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നടത്തിയ കൂടിക്കാഴ്‌ചക്കൊടുവിലാണ് റിപ്പോർട്ട് പരസ്യമാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

സ്റ്റോർറൂമിൽ നോട്ടുകെട്ടുകൾ കത്തിയതായി കാണിക്കുന്ന ഡൽഹി പൊലീസ് കമ്മിഷണർ കൈമാറിയ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോൾ താൻ വീട്ടിലില്ലായിരുന്നെന്നും അത് തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നും ജസ്റ്റിസ് വർമ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. മാർച്ച് 14ന് ഹോളി ആഘോഷത്തിൻ്റെ രാത്രി 11:35 മണിയോടെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായതിനെത്തുടർന്നാണ് സംഭവം പുറത്തായത്. 

അഗ്നിശമന സേനാംഗങ്ങളെത്തി തീ അണച്ചതിന് ശേഷം ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് വലിയ തോതിൽ പണം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, ഡൽഹി അഗ്നിശമന സേനയുടെ മേധാവി അതുൽ ഗാർഗ്, അഗ്നിശമന സേനാംഗങ്ങൾക്ക് ജഡ്ജിയുടെ വസതിയിൽ നിന്ന് പണമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞിരുന്നു.

ഹൈകോടതി ജഡ്ജിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. പഞ്ചാബ് - ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

The Supreme Court confirmed the recovery of cash from Delhi High Court Judge Justice Yashwant Varma's residence during a fire. The court released videos and images from the Delhi Police Commissioner. An investigation committee has been appointed.

#SupremeCourt, #DelhiHighCourt, #JusticeYashwantVarma, #CashRecovery, #FireIncident, #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia