Skincare | വെയിലത്തു മാത്രമാണോ, എപ്പോഴെല്ലാം സൺസ്ക്രീൻ ഉപയോഗിക്കാം ?!

 

ന്യൂഡെൽഹി: (KVARTHA) വേനൽക്കാലമിങ്ങെത്തിയാൽ ആകെയൊരു അങ്കലാപ്പാണ്. വെയിലും ചൂടും കാരണം പുറത്തിറങ്ങാൻ വയ്യ. സൂര്യാഘാതമാണ് മറ്റൊരു പ്രശ്നം. അമിതമായ അളവിൽ അൾട്രാവയലറ്റ് കിരണങ്ങള്‍ നമ്മുടെ ശരീരത്തിലെത്തുന്നത്, കാൻസറിനു വരെ കാരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം പ്രശ്നങ്ങൾക്കിടയിലും പുറത്തിറങ്ങുവാൻ പലർക്കും ധൈര്യം നൽകുന്നത് സൺസ്ക്രീൻ തന്നെയായിരിക്കും.

Skincare | വെയിലത്തു മാത്രമാണോ, എപ്പോഴെല്ലാം സൺസ്ക്രീൻ ഉപയോഗിക്കാം ?!

എന്താണ് സൺസ്ക്രീൻ?

സൂര്യരശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന ഒരു കവചമായി പ്രവർത്തിക്കുന്ന ക്രീമുകളാണ് സൺസ്ക്രീനുകള്‍. അപകടകരമായ അൾട്രാവയലറ്റ് കിരണങ്ങൾ വഴി ഏൽക്കാൻ സാധ്യതയുള്ള കേടുപാടുകളിൽ നിന്നും ഇവ ചർമത്തെ സംരക്ഷിക്കുന്നു. ക്രീമുകളായും, സ്പ്രേകളായും വ്യത്യസ്ത രൂപങ്ങളിൽ ഇവ ലഭ്യമാണ്. എന്നാൽ ഇവയെ സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലനിൽക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്നും യഥാർത്ഥ വസ്തുതകള്‍ എന്താണെന്നും പ്രമുഖ ചർമരോഗവിദഗ്ദൻ ഡോ സച്ചിൻ ഗുപ്ത വിവരിക്കുന്നത് ഇങ്ങനെയാണ്.

മിഥ്യ: ചൂടു കാലങ്ങളില്‍ മാത്രമേ സൺസ്ക്രീൻ ആവശ്യമുള്ളൂ

വസ്‌തുത: വെയിലില്ലാത്ത സമയങ്ങളില്‍, സൺസ്‌ക്രീൻ ഇല്ലാതെ പുറത്തിറങ്ങുന്നത് സുരക്ഷിതമാണെന്നാണ് പൊതുവെയുള്ള ധാരണ. പക്ഷേ അതൊരു തെറ്റിദ്ധാരണയാണ്. കാരണം അൾട്രാവയലറ്റ് രശ്മികൾക്ക് മേഘങ്ങളിലൂടെ തുളച്ചുകയറി ഭൂമിയിലെത്താൻ കഴിയും. അതിനാൽ എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കേണ്ടതാണ്.

മിഥ്യ: ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് സൺസ്ക്രീൻ ആവശ്യമില്ല.

വസ്തുത: ഇരുണ്ട ചർമ്മത്തിൽ, കൂടുതൽ മെലാനിൻ അടങ്ങിയിട്ടുണ്ടെങ്കിലും, ഇത് സൂര്യരശ്മികളെ തടയാൻ പര്യാപ്തമല്ല. എന്നാൽ, സൺസ്‌ക്രീനിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് വിദഗ്ധർ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ അഭിപ്രായത്തിൽ, കുറഞ്ഞത് 15 എസ്പിഎഫ് (SPF) ഉള്ള ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീനുകൾ, അപകടകാരികളായ സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം നൽകുന്നു.

മിഥ്യ: സൺസ്ക്രീൻ ഉപയോഗിച്ചാൽ വിറ്റാമിൻ ഡി ലഭിക്കില്ല

വസ്‌തുത: എല്ലാ തരം സൂര്യകിരണങ്ങളെയും സൺസ്ക്രീൻ തടയും. എന്നാൽ, നമുക്കാവശ്യമുള്ള വൈറ്റമിൻ ഡി ലഭ്യമാകുന്നത് പുലർകാല സൂര്യപ്രകാശത്തില്‍ നിന്നു മാത്രമാണ്. കൂടാതെ പകൽ എട്ടു മണിക്കു ശേഷമുള്ള വെയിൽ ഏൽക്കുന്നത് ചർമത്തിനു ദോഷകരം തന്നെയാണ്. പുലർകാലങ്ങളില്‍ പൊതുവെ ആരും സൺസ്ക്രീൻ ഉപയോഗിക്കാറില്ല.

മിഥ്യ: എസ് പി എഫ്, ഉപയോഗിച്ചുള്ള മേക്കപ്പ് മാത്രം മതി, പ്രത്യേക സൺസ്ക്രീൻ ആവശ്യമില്ല.

വസ്‌തുത: സാധാരണഗതിയിൽ, എസ് പി എഫ് അഥവാ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നൽകാൻ കഴിയുന്ന സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിച്ചുള്ള മേക്കപ്പ്, സൺസ്‌ക്രീനുമായി താരതമ്യം ചെയ്യുമ്പോൾ അത്ര കണ്ട് സംരക്ഷണം നൽകുവാൻ പര്യാപ്തമല്ല. അതിനാൽ, മേക്കപ്പിനൊപ്പം സൺസ്ക്രീൻ പ്രത്യേകം ഉപയോഗിക്കേണ്ടതുണ്ട്.

മിഥ്യ: 50-ന് മുകളിലുള്ള എസ്പിഎഫ്, സംരക്ഷണം ഇരട്ടിയാക്കുന്നു

വസ്തുത: ഉയർന്ന എസ്പിഎഫ് കൂടുതൽ പരിരക്ഷ നൽകുന്നു എന്നതു ശരിയാണ്. എന്നാൽ അവ അമ്പതിനു താഴെയുള്ള സൺസ്ക്രീനുകള്‍ നൽകുന്നതിൻ്റെ ഇരട്ടിയാണെന്നു പറയാൻ കഴിയില്ല. ഉദാഹരണത്തിന്, എസ്പിഎഫ്-30 ഏതാണ്ട് 97 ശതമാനം യുവി രശ്മികളെ തടയുന്നു, അതേസമയം എസ്പിഎഫ്-50 ആകട്ടെ, 98 ശതമാനവും. വ്യത്യാസം നാമമാത്രമാണ്, അതിനാല്‍ ഈ ധാരണ ശരിയല്ല.

മിഥ്യ: ഒരു സൺസ്ക്രീൻ പ്രയോഗം, ദിവസം മുഴുവൻ നീണ്ടുനിൽക്കും.

വസ്തുത: നിലവില്‍ ലഭ്യമായ സൺസ്ക്രീനുകള്‍ ഒന്നും തന്നെ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്നതല്ല. അതിനാൽ, ഓരോ രണ്ട് മുതൽ മൂന്ന് മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും പ്രയോഗിക്കേണ്ടതുണ്ട്.

മിഥ്യ: അളവ് കൂടുന്നതിനനുസരിച്ച് ഗുണവും കൂടും


വസ്‌തുത: മിക്ക ആളുകളും ആവശ്യത്തിലധികം സൺസ്‌ക്രീൻ പ്രയോഗിക്കുന്നത് അതിൻ്റെ ഫലപ്രാപ്തി കുറയ്ക്കുകയാണു ചെയ്യുക. ശരിയായ ചർമസംരക്ഷണത്തിനായി, മുഖത്തും കഴുത്തിലും ഒരു ടീസ്പൂൺ സൺസ്ക്രീൻ ഉപയോഗിക്കുക. അതാണു ശരിയായ അളവ്.

മിഥ്യ: സൺസ്ക്രീൻ വാട്ടർപ്രൂഫ് ആണ്

വസ്തുത: പല നിർമ്മാതാക്കളും വാട്ടർപ്രൂഫ് സൺസ്ക്രീൻ നിർമിക്കുമെന്ന് പറയുന്നുണ്ടെങ്കിലും, പൂർണ്ണമായും വാട്ടർപ്രൂഫ് ആയ സൺസ്ക്രീൻ ഇനിയും ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ വെള്ളവുമായി സമ്പർക്കത്തില്‍ വരികയാണെങ്കില്‍ ഉടനെ വീണ്ടും സൺസ്ക്രീൻ ഇടേണ്ടതാണ്.

മി ഥ്യ: സൺസ്‌ക്രീൻ വിറ്റാമിൻ കുറവിന് കാരണമാകുന്നു.

വസ്‌തുത: സൺസ്ക്രീൻ ഉപയോഗം, വിറ്റാമിൻ കുറവുകള്‍ക്ക് കാരണമാകുമോ എന്നു പരിശോധിക്കുന്നതിനായി ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാൽ അത്തരമൊരു സാധ്യത കണ്ടെത്താനായിട്ടില്ല.

മിഥ്യ: ബേബി സൺസ്ക്രീൻ കുട്ടികൾക്ക് മാത്രമുള്ളതാണ്.

വസ്‌തുത: ബേബി സൺസ്‌ക്രീൻ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. എന്നാൽ ഇത് സെൻസിറ്റീവ് ചർമമുള്ള ഏതൊരാൾക്കും ഉപയോഗിക്കാം. ദോഷകരമായ രാസവസ്തുക്കളിൽ നിന്നും കാ‌ഠിന്യമുള്ള സുഗന്ധങ്ങളിൽ നിന്നും മുക്തമായ സൺസ്ക്രീനുകൾ ആണ് ഇവ.

ശരിയായ സൺസ്ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം?

എല്ലായ്പോഴും ചർമത്തിൻ്റെ തരം അനുസരിച്ച് സൺസ്ക്രീനുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം.

എണ്ണമയമുള്ള ചർമ്മം: സുഷിരങ്ങൾ അടയാത്ത ജെൽ അടിസ്ഥാനമാക്കിയുള്ളതോ കോമഡോജെനിക് അല്ലാത്തതോ ആയ സൺസ്‌ക്രീനുകൾ ഉപയോഗിക്കുക.

വരണ്ട ചർമ്മം: മോയ്സ്ചറൈസറുകളുള്ള സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കുക.

സെൻസിറ്റീവ് ചർമ്മം: ടൈറ്റാനിയം ഡയോക്സൈഡ് അല്ലെങ്കിൽ സിങ്ക് ഓക്സൈഡ് അടങ്ങിയ ധാതു അല്ലെങ്കിൽ ഫിസിക്കൽ സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുക, കാരണം അവ സെൻസിറ്റീവ് ചർമ്മത്തെ പ്രകോപിപ്പിക്കാനുള്ള സാധ്യത കുറവാണ്.

ചർമത്തിനനുസൃതമായ സൺസ്ക്രീനുകള്‍ തെരഞ്ഞെടുക്കുന്നതിലാണ് കാര്യമെന്ന് ചർമരോഗവിദഗ്ദനായ ഡോ സച്ചിൻ ഗുപ്ത പറയുന്നു.

Keywords:  News, Malayalam News, Health, Health Tips,  Lifestyle, National, Sunscreen, Skincare, Sunscreen: 10 myths about sun protection debunked!
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia