INDIA Bloc Rally | കേന്ദ്രസര്‍കാരിനെതിരായ ശക്തിപ്രകടനം; രാംലീല മൈതാനത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ടികളുടെ റാലി തുടങ്ങി; കേജ് രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത
Mar 31, 2024, 15:55 IST
ന്യൂഡെല്‍ഹി: (KVARTHA) കേന്ദ്രസര്‍കാരിനെതിരായ ശക്തിപ്രകടനമായി ഡെല്‍ഹിയിലെ രാംലീല മൈതാനത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ടികളുടെ റാലി തുടങ്ങി. കോണ്‍ഗ്രസിനും സി പി ഐ ക്കുമുള്ള ആദായനികുതിവകുപ്പ് നോടീസുകളില്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുള്ളതാണ് ഞായറാഴ്ചത്തെ റാലി. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയില്‍ 28 പ്രതിപക്ഷ പാര്‍ടികളാണ് പങ്കെടുക്കുന്നത്.
നിലവില്‍ പ്രതിപക്ഷം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും റാലിയില്‍ അവതരിപ്പിച്ചു. രാജ്യം നിലനില്‍ക്കാനുള്ള പോരാട്ടം എന്ന പേരിലാണ് ശക്തി പ്രകടനം. കേജ് രിവാളിന്റെയും ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഡെല്‍ഹി രാംലീല മൈതാനത്ത് പ്രതിപക്ഷ പാര്‍ടികള്‍ ലോകതന്ത്ര ബചാവോ മഹാ റാലി സംഘടിപ്പിച്ചത്.
മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേജ് രിവാള്‍ നല്‍കിയ ആറ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശമാണ് സുനിത വായിച്ചത്. പുതിയ ഭാരതത്തെ പടുത്തുയര്‍ത്തുമെന്ന് കേജ് രിവാള്‍ സന്ദേശത്തില്‍ പറയുന്നു. ശത്രുതയില്ലാതെ പുതിയ ഭാരതം സൃഷ്ടിക്കണമെന്നും സന്ദേശത്തിലുണ്ട്.
താന്‍ ജയിലിലിരുന്ന് വോട് അഭ്യര്‍ഥിക്കുകയല്ല. പുതിയ ഒരു ഭാരതം നിര്‍മിക്കണം. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസ, ആരോഗ്യ, രംഗങ്ങളില്‍ നമ്മള്‍ ഏറെ പിറകിലാണ്. താന്‍ ഇപ്പോള്‍ ജയിലിലായതിനാല്‍ ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്. ഭാരതത്തെക്കുറിച്ചാണ് തന്റെ ചിന്തകള്‍. രാജ്യം വേദനയോടെ നിലവിളിക്കുകയാണെന്നും കേജ് രിവാള്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
രാജ്യവ്യാപകമായി 24 മണിക്കൂര്‍ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സര്‍കാര്‍ സ്‌കൂളുകള്‍, എല്ലാ ഗ്രാമങ്ങളിലും ക്ലിനികുകള്‍, സ്വാമിനാഥന്‍ കമിറ്റി പ്രകാരം വിളകള്‍ക്ക് താങ്ങുവില, ഡെല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി തുടങ്ങിയവയാണ് കേജ് രിവാളിന്റെ വാഗ്ദാനങ്ങള്‍.
കേജ് രിവാള്‍ രാജിവെക്കണോ എന്ന് സുനിത ചോദിച്ചപ്പോള്‍ വെക്കരുത് എന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി. കെജ് രിവാളിന് നീതി വേണമെന്നും ഒരു കാരണവുമില്ലാതെയാണ് തടവിലിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
'ജയിലില്‍ കഴിയുന്ന നിങ്ങളുടെ സ്വന്തം അരവിന്ദ് കേജ് രിവാളിന്റെ സന്ദേശമാണ് ഞാന്‍ വായിക്കുന്നത്. ഒരു കാര്യം ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ ഭര്‍ത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ? കേജ് രിവാള്‍ യഥാര്‍ഥ ദേശസ്‌നേഹിയാണെന്നും സത്യസന്ധനായ വ്യക്തിയാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? കേജ് രിവാള്‍ ജയിലിലാണെന്നും രാജിവെക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. നിങ്ങളുടെ കേജ് രിവാള്‍ ഒരു സിംഹമാണ്. അദ്ദേഹത്തെ അവര്‍ക്ക് ഒരുപാട് കാലം ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല.'- എന്നും സുനിത കേജ് രിവാള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖനേതാക്കള്‍ റാലിയില്‍ അണിനിരന്നു. ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറനും വേദിയിലെത്തി.
രാജ്യത്തെ പ്രതിപക്ഷ പാര്‍ടി നേതാക്കളെ ജയിലില്‍ അടയ്ക്കുകയാണെന്നും അനാവശ്യ റെയ്ഡ് നടത്തി ഭീഷണപ്പെടുത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. മോദി ഇഡിയേയും സി ബി ഐയേയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. 400 സീറ്റിനായി മോദി മാച് ഫിക്‌സിംഗ് നടത്തുന്നു എന്നും വേദിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയുടെ ബാങ്ക് അകൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് ഭീതിയിലാണ് മോദി ഇതൊക്കെ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അകൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്. ആറു മാസങ്ങള്‍ക്ക് മുമ്പെങ്കിലും അകൗണ്ട് മരവിപ്പിക്കാമായിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Keywords: Sunita Kejriwal reads out husband's message at INDIA bloc rally: ‘Arvind Kejriwal sher (lion) hai’ INDIA Bloc Rally, New Delhi, News, Sunita Kejriwal, Message, INDIA Bloc Rally, Criticism, Politics, Rahul Gandhi, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.