Covid | ഇന്ത്യയിലെ യഥാർഥ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കിന്റെ 8 ഇരട്ടി! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്; '11.9 ലക്ഷം അധിക മരണങ്ങൾ സംഭവിച്ചു'

 
COVID
COVID

Representational Image Generated by Meta AI

പകർച്ചവ്യാധിയുടെ ഇരകൾക്കിടയിൽ ലിംഗഭേദം, ജാതി, മതം എന്നിവ അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള അസമത്വങ്ങളും പഠനം കണ്ടെത്തിയിട്ടുണ്ട്

ന്യൂഡെൽഹി: (KVARTHA) 2020 ലെ കോവിഡ് -19 മഹാമാരി സമയത്ത് ഇന്ത്യയിൽ ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ എട്ട് ഇരട്ടി അധിക മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പഠനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉൾപ്പെടെയുള്ളവർ നടത്തിയ പഠനത്തിൽ 2020 ൽ 11.9 ലക്ഷം അധിക മരണങ്ങൾ സംഭവിച്ചതായി കണ്ടെത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 ൽ കോവിഡ് മൂലം മരണം 1.48 ലക്ഷം ആണ്. 

ലോകാരോഗ്യ സംഘടനയുടെ (WHO) 2020 ലെ കണക്കിനേക്കാൾ 1.5 മടങ്ങ് കൂടുതലാണ് ഈ പഠനത്തിലെ കണക്കുകൾ. 2021 അവസാനം വരെ ഇന്ത്യയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളുടെ എണ്ണം 481,000 ആണ്. കോവിഡ്-19 മഹാമാരി മൂലമുണ്ടായ അധിക മരണങ്ങളിൽ മൂന്നിലൊന്ന് ഇന്ത്യയിൽ സംഭവിച്ചതായി കരുതപ്പെടുന്നു.  7.65 ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ ഗവേഷകർ പരിശോധിച്ചു. 
ഇന്ത്യൻ ഗവൺമെന്റിന്റെ 2019-21 ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 

പകർച്ചവ്യാധിയുടെ ഇരകൾക്കിടയിൽ ലിംഗഭേദം, ജാതി, മതം എന്നിവ അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള അസമത്വങ്ങളും പഠനം കണ്ടെത്തിയിട്ടുണ്ട്. 2020 ൽ, ഉന്നത ജാതിയിലുള്ള ഹിന്ദു വിശ്വാസികളുടെ ആയുർദൈർഘ്യം 1.3 വർഷം കുറഞ്ഞു എന്നാണ് പഠനത്തിൽ കണ്ടെത്തിരിക്കുന്നത്. ഇതിനു വിപരീതമായി, നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയ്ക്ക് കീഴിൽ ഏറ്റവും കടുത്ത വിവേചനം നേരിട്ടിരുന്ന ‘പട്ടികജാതി’ സമൂഹങ്ങളിലെ ആളുകളുടെ ശരാശരി ആയുർദൈർഘ്യം  2.7 വർഷം കുറഞ്ഞു.
ഏറ്റവും ദുരിതം അനുഭവിച്ചത് മുസ്‌ലിങ്ങളാണ്, 2020 ൽ അവരുടെ ആയുർദൈർഘ്യം 5.4 വർഷം കുറഞ്ഞു.

സ്ത്രീകളുടെ ആയുർദൈർഘ്യം 3.1 വർഷം കുറഞ്ഞപ്പോൾ പുരുഷന്മാരുടെ ആയുർദൈർഘ്യം 2.1 വർഷം കുറഞ്ഞതായി ഗവേഷകർ പറഞ്ഞു. കുടുംബങ്ങളിൽ ആരോഗ്യ പരിചരണയിലെയും വിഭവ വിതരണത്തിലെയും ലിംഗപാത വ്യത്യാസങ്ങൾ ഇതിന് കാരണമായിരിക്കാം എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 'ഞങ്ങളുടെ പഠനം മരണനിരക്ക് അളക്കുമ്പോൾ അസമത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും പകർച്ചവ്യാധികൾ നിലവിലുള്ള അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനുപകരം വഷളാക്കുകയാണെന്ന് കാണിക്കുകയും ചെയ്യുന്നു', ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഡെമോഗ്രഫി ആൻഡ് കമ്പ്യൂട്ടേഷണൽ സോഷ്യൽ സയൻസ് പ്രൊഫസർ റിധി കശ്യപ് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia