Investigation | ശിവജി പ്രതിമ തകർന്നുവീണ സംഭവത്തിൽ കരാറുകാരനെതിരെ കേസെടുത്തു; അന്വേഷിക്കുമെന്ന് നാവികസേനയും
സംഭവത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തി അതേ സ്ഥലത്ത് ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ എട്ട് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജി മഹാരാജിൻ്റെ കൂറ്റൻ പ്രതിമ തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. കരാറുകാരൻ ജയദീപ് ആപ്‌തെ, സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീൽ എന്നിവർക്കെതിരെയാണ് സിന്ധുദുർഗ് പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 109, 110, 125, 318, 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
മാൽവാനിലെ രാജ്‌കോട്ട് കോട്ടയിൽ സ്ഥിതി ചെയ്തിരുന്ന 35 അടി പ്രതിമ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തകർന്നുവീണത്. ശരീരഭാഗം മൊത്തം തകർന്നടിഞ്ഞ പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ച് രാജ്‌കോട്ട് കോട്ടയിൽ നടന്ന ആഘോഷ ചടങ്ങിലായിരുന്നു പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്.
Sindhudurg, Maharashtra: The full-sized statue of Chhatrapati Shivaji Maharaj has collapsed. More details are awaited pic.twitter.com/hYK3opSS7M
— IANS (@ians_india) August 26, 2024
Sindhudurg, Maharashtra: The full-sized statue of Chhatrapati Shivaji Maharaj has collapsed. More details are awaited pic.twitter.com/hYK3opSS7M
— IANS (@ians_india) August 26, 2024
സംഭവത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രതിമ നിർമാണത്തിന്റെ ഗുണനിലവാരത്തിന് സർക്കാർ വലിയ ശ്രദ്ധ നൽകിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം ശക്തമായ കാറ്റിനെ തുടർന്നാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. പ്രതിമ തകർന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തി അതേ സ്ഥലത്ത് ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ പുനഃസ്ഥാപിക്കുമെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. നാവികസേനയാണ് ഈ പ്രതിമ സ്ഥാപിച്ചത്. അവർ അത് ഡിസൈൻ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിനെത്തുടർന്ന് തകർന്ന് വീഴുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൻ്റെ കാരണം അന്വേഷിക്കുമെന്ന് നാവികസേന പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാൻ സ്ഥലം സന്ദർശിച്ചു.
#ShivajiStatue #Maharashtra #India #statuecollapse #controversy #NarendraModi