Sonia Gandhi | കോൺഗ്രസിലെ അധികാരമോഹികൾ മാതൃകയാക്കണം സോണിയാഗാന്ധിയെ!

 


/ മിൻ്റാ മരിയ തോമസ്

(KVARTHA) ഇന്ന് നമ്മുടെ രാജ്യത്ത് നോക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാം ബി.ജെ.പി യ്ക്ക് ബദലായി പ്രതിപക്ഷ ഐക്യനിര കെട്ടിപ്പെടുക്കാൻ ഓടി നടക്കുകയാണ്. ലക്ഷ്യം 2024 - ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്നത് തന്നെ. പക്ഷേ, മുൻപ് നമ്മുടെ രാജ്യത്ത് ആരാലും ശ്രദ്ധിക്കാതെ മാധ്യമങ്ങൾ പോലും വലിയ വില കൽപ്പിക്കാതെ ഒരാൾ തനിച്ച് ഭാരതത്തിൻ്റെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് കാണേണ്ട എല്ലാ നേതാക്കളെയും കണ്ട് പ്രതിപക്ഷ ഐക്യനിര കെട്ടിപ്പെടുത്തിയ ഒരു സാഹചര്യമുണ്ടായിരുന്നു. തുടർന്ന് 10 വർഷം അവർക്ക് ഇവിടെ ബി.ജെ.പി യെ വെട്ടിമാറ്റി ഭരണം കയ്യാളാനും കഴിഞ്ഞു. ഇങ്ങനെ ഒറ്റയ്ക്ക് സംസ്ഥാനം മുഴുവൻ ഓടിനടന്ന് സ്വന്തം പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന വ്യക്തി മറ്റാരുമല്ല, 

Sonia Gandhi | കോൺഗ്രസിലെ അധികാരമോഹികൾ മാതൃകയാക്കണം സോണിയാഗാന്ധിയെ!

സോണിയാ ഗാന്ധി തന്നെയാണ്. അന്ന് അവർക്ക് ആരോടും ചോദിക്കാതെ പ്രധാനമന്ത്രിയാകാമായിരുന്നു. നിലവിൽ കോൺഗ്രസ് ഭരണത്തിൽ എത്തിയപ്പോൾ ബി.ജെ.പി പോലുള്ള പാർട്ടികൾ സോണിയ വിദേശിയാണെന്ന് പറഞ്ഞ് ആക്ഷേപം ചൊരിഞ്ഞപ്പൊൾ യാതൊരുമടിയും കൂടാതെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറി നിന്ന് മാതൃക കാണിച്ച് മഹനീയ വ്യക്തിത്വത്തിനുടമകൂടിയായിരുന്നു സോണിയാ ഗാന്ധി.

അധികാരം കിട്ടുന്നതിന് മുൻപ് 5 കൊല്ലം വാജ്പേയി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ സോണിയാ ആയിരുന്നു പ്രതിപക്ഷ നേതാവ് എന്നോർക്കണം. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഭാര്യയായി, രാഹുലിൻ്റെയും പ്രിയങ്കയുടെയും അമ്മയായി, സർവ്വോപരി രാഷ്ട്രീയത്തിൽ പോലും ഇടപെടാതെ വർഷങ്ങളോളം സാധാരണ ഒരു ഇന്ത്യൻ വീട്ടമ്മയായി ഇന്ത്യയിൽ ജീവിച്ച വ്യക്തിയായിരുന്നു സോണിയാ ഗാന്ധി. അവർ പ്രധാനമന്ത്രിയായി വരുന്നതിനെയാണ് അന്ന് പ്രതിപക്ഷ പാർട്ടികൾ എതിർത്തത്. അത് കൂടുതൽ വിവാദമാക്കാതെ മൻമോഹൻ സിംഗിനെ പിന്നീട് പ്രധാനമന്ത്രിയാക്കി കൊണ്ടുവരികയായിരുന്നു. സോണിയാ ഘടകകക്ഷി ഫോറത്തിൻ്റെ കൺവീനറായി. അതായത് ഇന്നത്തെ യു.പി.എ യുടെ കൺവീനറായി മാത്രം നിലകൊണ്ടു. ഒപ്പം സോണിയാഗാന്ധി കോൺഗ്രസ് പാർട്ടിയുടെ നാഷണൽ പ്രസിഡൻ്റും ആയി പ്രവർത്തിച്ചു.

അഞ്ച് വർഷത്തിനു ശേഷവും കേന്ദ്രത്തിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വന്നു. അന്ന് വേണമെങ്കിലും മൻമോഹൻ സിംഗിനെ മാറ്റി നിർത്തി സോണിയായ്ക്ക് പ്രധാനമന്ത്രി ആകാമായിരുന്നു. പക്ഷേ, അവർ അതിന് ശ്രമിച്ചില്ല. എന്നുമാത്രമല്ല. താല്പര്യവും ഇല്ലായിരുന്നു. ഇതാണ് അധികാരത്തിന് വേണ്ടി കടിപിടികൂടുന്ന കോൺഗ്രസ് പാർട്ടിയിൽ സോണിയാ ഗാന്ധിയുടെ മഹത്വവും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിൽ വരുമ്പോൾ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമായിരുന്നു പാർലമെൻ്റിൽ ഉണ്ടായിരുന്നത്. 

ബി.ജെ.പി വെറും നാമമാത്രമായിരുന്നു. പിന്നീട് വന്ന ബോഫേഴ്സ് വിഷയങ്ങളും വി.പി.സിംഗിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി പിളർക്കലുമൊക്കെ ആയപ്പോൾ കോൺഗ്രസ് പതിയെ ശിഥിലമാകാൻ തുടങ്ങിയിരുന്നു. രാജീവിനെ മറ്റി നിർത്തി വി.പി.സിംഗും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രി ആകുകയും ചെയ്തു. പിന്നീട് രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചു വീണ്ടും അധികാരത്തിൽ വന്നു. അന്ന് നേതൃത്വം എറ്റെടുക്കാൻ രാജീവ് ഗാന്ധിയുടെ പത്നി സോണിയായെ എല്ലാവരും നിർബന്ധിച്ചതാണ്. പക്ഷേ, അവർ അതിന് തയ്യാറായില്ല.

തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.വി. നരസിംഹറാവു പാർട്ടി പ്രസിഡൻ്റായും പ്രധാനമന്ത്രിയായും ചുമതലയേറ്റു. അദ്ദേഹത്തിൻ്റെ 5 വർഷക്കാല ഭരണം സംഭവബഹുലമായിരുന്നു. കോഴ കൊടുത്ത് എം.പി മാരെ ചാക്കിട്ട് പിടിച്ച് ഭരണം നിലനിർത്തിയത് വലിയ വിവാദമായിരുന്നു. പിന്നീട് കോൺഗ്രസ് അധികാരത്തിൽ തൂത്തെറിയപ്പെട്ടു. നരസിംഹറാവു മാറി സീതാറാം കേസരി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റായി. എന്നാലും കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല. എ ബി വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുകയായിരുന്നു. ഈ സമയത്ത് സോണിയാ ഗാന്ധി പാർട്ടി ശിഥിലമാകുന്നത് കണ്ട് അന്നത്തെ എ.ഐ.സി.സി പ്രസിഡൻ്റ് സീതാറാം കേസരിയിൽ നിന്ന് പാർട്ടി പ്രസിഡൻ്റ് പദം എറ്റെടുക്കുകയായിരുന്നു. ഒപ്പം ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനവും അലങ്കരിച്ചു.

അന്ന് ഒരു പാവ പ്രതിപക്ഷ നേതാവ് എന്ന് പ്രധാനമന്ത്രി പോലും സോണിയായെ കളിയാക്കിയത് ഓർക്കുന്നു. പക്ഷേ, ആ പാവ പുലിയാണെന്ന് പിന്നീട് വാജ്പേയി അറിഞ്ഞു. ആ പാവയായിരുന്നു പിന്നീട് ഒറ്റയ്ക്ക് സംസ്ഥാനമായ സംസ്ഥാനങ്ങളൊക്കെ സന്ദർശിച്ച് യു.പി.എ കെട്ടിപ്പെടുത്തി കോൺഗ്രസിന് ഭരണം തിരിച്ചു കൊണ്ടുവന്നത്. അവരുടെ ഒറ്റയാൾ പോരാട്ടത്തിന് അന്ന് സ്വന്തം പാർട്ടിയിൽ നിന്നു പോലും വലിയ പിന്തുണ ഉണ്ടായില്ല എന്നതാണ് സത്യം. 

ഇനി ഒരു ഉയർത്തെഴുന്നെൽപ്പ് കോൺഗ്രസിന് ഉണ്ടാകില്ലെന്ന് ചിന്തിച്ചവരാണ് അന്ന് കോൺഗ്രസ് നേതാക്കളിൽ പലരും. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയ പാർട്ടി ഇവിടെ 10 വർഷം ഭരിച്ചു എന്നതാണ് യാഥാർത്ഥ്യം. ഇതാണ് പുതിയ കോൺഗ്രസ് നേതാക്കൾ കണ്ടുപഠിക്കേണ്ടത്. ഒപ്പം രാഹുൽ ഗാന്ധിയെപ്പോലുള്ളവർ സ്വന്തം അമ്മയെ മാതൃകയാക്കിയാൽ തന്നെ പാർട്ടി രക്ഷപ്പെടും . അതെ, സോണിയായ്ക്ക് തുല്യം സോണിയാ മാത്രം.

Keywords: News, Malayalam News, Congress, Politics, Sonia Gandhi, Priminister, Rahul Gandhi, Priyanka, Sonia Gandhi, ideal model for future of Congress
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia