Morbi Bridge Accident | 'യുവാക്കളുടെ ഒരു സംഘം മനഃപൂര്‍വം കുലുക്കി, പിന്നാലെ തകര്‍ന്നുവീണു'; മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നത് ചിലര്‍ മനഃപൂര്‍വം ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് ആക്ഷേപം
Oct 31, 2022, 13:25 IST
ADVERTISEMENT
അഹ് മദാബാദ്: (www.kvartha.com) ഗുജറാതിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുവീണ സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുടുംബം. അപകടം ചിലര്‍ മനഃപൂര്‍വം ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് ആക്ഷേപം. പാലം തകരുന്നതിന് തൊട്ടുമുന്‍പ് യുവാക്കളുടെ ഒരു സംഘം തൂക്കുപാലത്തില്‍ കയറിനിന്ന് പാലം കുലുക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍. അപകടത്തിന് മുന്‍പ് പാലത്തിലുണ്ടായിരുന്ന അഹ് മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദീപാവലി അവധി ആഘോഷിക്കാനാണ് ഗോസ്വാമിയും സംഘവും മോര്‍ബിയിലെത്തിയത്. യുവാക്കള്‍ പാലം കുലുക്കിയതോടെ ഭയചകിതരായ വിജയ് ഗോസ്വാമിയും കുടുംബവും പാതിവഴിയില്‍ തിരിച്ചു പോരുകയായിരുന്നുവെന്ന് പറയുന്നു.
പാലത്തിലൂടെ കുടുംബാംഗങ്ങള്‍ക്കൊപ്പം നടക്കുന്ന സമയത്ത് ഒരുകൂട്ടം യുവാക്കള്‍ മനഃപൂര്‍വം പാലം കുലുക്കിയെന്ന് ഗോസ്വാമി പറഞ്ഞു. പാലത്തിലുണ്ടായിരുന്ന ആളുകള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരത്തില്‍ പാലം കുലുക്കുന്നത് അപകടകരമാണെന്ന് തോന്നിയതോടെ, ഗോസ്വാമിയും കുടുംബവും അതിവേഗം തിരികെ വന്നു.
വൈകാതെ വൈകിട്ട് ആറരയോടെ പാലം തകര്‍ന്നു വീണു. അതിനിടെ യുവാക്കള്‍ പാലം കുലുക്കുന്ന കാര്യം അവിടെയുണ്ടായിരുന്ന പാലം ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും, അവര്‍ ഗൗനിച്ചില്ലെന്നും ഗോസ്വാമി പറഞ്ഞു.
അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം യുവാക്കള്‍ പാലത്തില്‍നിന്ന് ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ പാലം കുലുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
നേരത്തെ, പാലത്തില്‍ ഒട്ടേറെ ആളുകള്‍ നില്‍ക്കെ ഏതാനും പേര്‍ ചേര്‍ന്ന് പാലം കുലുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അത് പഴയ വീഡിയോയാണെന്നും വാദമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

