മമതയ്ക്ക് തിരിച്ചടി; സിംഗൂര്‍ ഭൂമി ടാറ്റയ്ക്ക് തന്നെ

 


മമതയ്ക്ക് തിരിച്ചടി; സിംഗൂര്‍ ഭൂമി ടാറ്റയ്ക്ക് തന്നെ
കൊല്‍ക്കത്ത : സിംഗൂരിലെ വിവാദ ഭൂമി ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് മമത സര്‍ക്കാര്‍ തിരിച്ചെടുത്തത് നിയമവിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. കഴിഞ്ഞ എട്ട് മാസമായി ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷും മൃണാള്‍ കാന്തി ചൗധുരിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ടാറ്റയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ രണ്ട് മാസം സമയം കോടതി അനുവദിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി എന്ന നിലയില്‍ പിനാകി ഘോഷിന്റെ അവസാനത്തെ വിധി പ്രഖ്യാപനമായിരുന്നു വെള്ളിയാഴ്ചത്തേത്. ഈ വിധിക്ക് ശേഷം അദ്ദേഹം ചീഫ് ജസ്റ്റിസ് ആയി ഹൈദരബാദ് ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറി പോകും.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറാണ് സിംഗൂരിലെ ഭൂമി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ടാറ്റാ മോട്ടോഴ്‌സിന് നല്‍കിയത്. ഇതിനെതിരെ രാജ്യത്തെ സി.സി.എം വിരുദ്ധ ചേരി ഒറ്റക്കെട്ടായി പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാറിനെതിരെ അണിനിരന്നിരുന്നു. ഇത് ഏറ്റവുമൊടുവില്‍ 37 വര്‍ഷം നീണ്ടുനിന്ന ബംഗാളിലെ സി.പി.എം ഭരണം തകരുന്നതില്‍ കലാശിച്ചു. നിയമസഭയില്‍ മമത ഭൂമി തിരിച്ചെടുക്കാനുള്ള നിയമം കൊണ്ടുവന്നപ്പോള്‍ ഇടതു മുന്നണി അംഗങ്ങള്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു.
മമതയ്ക്ക് തിരിച്ചടി; സിംഗൂര്‍ ഭൂമി ടാറ്റയ്ക്ക് തന്നെ


നിയമം പാസ്സാക്കിയ ഉടന്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് 2011 ജൂണ്‍ 21ന് രാത്രി തന്നെ ഭൂമി സര്‍ക്കാര്‍ അധീനതയിലാക്കിയിരുന്നു. ടാറ്റ മോട്ടോഴ്‌സ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് സൗമിത്രപാല്‍ കേസിന്റെ വാദം കേട്ടെങ്കിലും പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നു.

അതിനുശേഷം ചീഫ് ജസ്റ്റിസ് ജെ.എന്‍.പട്ടേല്‍ കേസ് ജസ്റ്റിസ് ഇന്ദ്രപ്രസന്ന മുഖോപാധ്യായയ്ക്ക് കൈമാറി. അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിവെക്കുകയും അതേസമയം ടാറ്റയ്ക്ക് ഉപയുക്തമായ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് ടാറ്റ മോട്ടോഴ്‌സ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഇന്നത്തെ വിധി മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. ഇപ്പോള്‍ തന്നെ ജീവിതവൃത്തിയ്ക്ക് വഴിയില്ലാതെ വലയുന്ന സിംഗൂരിലെ കര്‍ഷകരെ സംബന്ധിച്ച് ഈ വിധി ദുര്‍വിധിയായി മാറിയിരിക്കുകയാണ്.

Keywords:  Kolkata, Mamata Banerjee, National, High Court 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia