Allegation | തനിക്ക് ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനില്‍ക്കില്ല; ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചെന്നും നടന്‍ സിദ്ദീഖ് 

 
Siddique's Rebuttal Against Investigation in Molest Case: SC Update
Siddique's Rebuttal Against Investigation in Molest Case: SC Update

Photo Credit: Facebook / Sidhique

● ന്യായത്തിന്റെയും, നിഷ് പക്ഷതയുടെയും അതിര്‍വരമ്പുകള്‍ ഉദ്യോഗസ്ഥന്‍ മറികടന്നു
● പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നു
● തനിക്കെതിരെ മെനയുന്നത് ഇല്ലാ കഥകള്‍
● തന്നെ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെ
● തനിക്ക് എതിരെ പറയുന്ന പ്രധാന പരാതി 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയില്ല എന്നത്

ന്യൂഡെല്‍ഹി: (KVARTHA) ബലാത്സംഗ കേസില്‍ തനിക്ക് ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി നടന്‍ സിദ്ദീഖ് സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് എതിരെ സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ് മൂലത്തിലാണ് സിദ്ദീഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ് മൂലം.

ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ആരോപണം ആണ് മറുപടി സത്യവാങ് മൂലത്തില്‍ സിദ്ദീഖ് ഉന്നയിച്ചിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ന്യായത്തിന്റെയും, നിഷ് പക്ഷതയുടെയും അതിര്‍വരമ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മറികടന്നു. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നു. തനിക്കെതിരെ ഇല്ലാ കഥകളാണ് മെനയുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദീഖ് എതിര്‍ സത്യവാങ് മൂലത്തില്‍ ആരോപിക്കുന്നു.

ബലാത്സംഗ കേസില്‍ തനിക്കെതിരെ തെളിവുകളുടെ ഒരു കെട്ട് തന്നെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അറസ്റ്റ് ചെയ്തില്ലെന്ന് മറുപടി സത്യവാങ് മൂലത്തില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കേസെടുക്കാന്‍ ഉണ്ടായ കാലതാമസത്തെ കുറിച്ചുള്ള വിശദീകരണം നിലനില്‍ക്കില്ലെന്നും ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നില്‍ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ സിദ്ദീഖ് പറയുന്നു. തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതില്‍ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദീഖ് പറയുന്നു.

2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ പറയുന്ന പ്രധാന പരാതി. എന്നാല്‍ പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്നാണ് തന്റെ അറിവെന്നും സിദ്ദീഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

പരാതി നല്‍കാന്‍ എട്ട് വര്‍ഷം എന്തുകൊണ്ട് വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനോടും പരാതിക്കാരിയോടും സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആകുന്നില്ലെന്ന് സിദ്ദീഖ് ആരോപിക്കുന്നു. പരാതി നല്‍കിയ വ്യക്തി 2019 ലും 2020 ലും ഫേസ് ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകളിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റുകളില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ അല്ല ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയാത്തത് എന്തുകൊണ്ടാണെന്നും സിദ്ദീഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ ആരാഞ്ഞിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പ്രത്യേക അന്വേഷണ സംഘം 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താന്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. വിവിധ സെഷന്‍സ് കോടതികളും, ഹൈകോടതിയും നല്‍കിയ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ല. തന്റെ മുന്‍കൂര്‍ ജാമ്യം മാത്രം സര്‍ക്കാര്‍ എതിര്‍ക്കുന്നത് ചില ബാഹ്യമായ കാരണങ്ങളാല്‍ ആണെന്നും സിദ്ദീഖ് സത്യവാങ് മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

#Siddique, #SupremeCourt, #MolestCase, #MalayalamCinema, #Investigation, #BailPlea

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia