Siddique Kappan | മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വ്യാഴാഴ്ച ജയില്‍മോചിതനാകും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

 


ന്യൂഡെല്‍ഹി: (www.kvartha.com) മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വ്യാഴാഴ്ച ജയില്‍മോചിതനാകും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. റിലീസിങ് ഓര്‍ഡര്‍ വിചാരണ കോടതിയില്‍ നിന്ന് ജയിലിലേക്ക് അയച്ചു. നീണ്ടനാളത്തെ നിയമയുദ്ധം ഒടുവില്‍ കാപ്പനെ തുണച്ചു. രണ്ടുവര്‍ഷത്തിനുശേഷമാണ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.

Siddique Kappan | മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വ്യാഴാഴ്ച ജയില്‍മോചിതനാകും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നുവെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്തുമ്പോള്‍ നാല് മണി കഴിഞ്ഞതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു. അറസ്റ്റിലായ ശേഷം രണ്ടുതവണ മാത്രമാണ് സിദ്ദീഖ് പ്രത്യേക ജാമ്യത്തില്‍ ഇറങ്ങിയത്. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോള്‍ എയിംസില്‍ ചികിത്സക്ക് വേണ്ടിയുമായിരുന്നു ഇത്.

ഹാഥറസ് ബലാത്സംഗ കേസ് റിപോര്‍ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് യുപി പൊലീസ് സിദ്ദീഖ് കാപ്പന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഡെല്‍ഹിക്കടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വെച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പിന്നീട് കാപ്പനെതിരെ യുഎപിഎ ചുമത്തി. കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യുഎപിഎ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യുപി പൊലീസ് കാപ്പനെതിരെ ചുമത്തിയിരുന്നു.

കാപ്പന്റെ അകൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇഡി കേസെടുത്തത്. പോപുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥറസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ വാദം. സെപ്റ്റംബര്‍ ഒമ്പതിനാണ് യുഎപിഎ കേസില്‍ സുപ്രീം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 23ന് ഇഡി കേസില്‍ അലഹബാദ് ഹൈകോടതിയില്‍നിന്നും ജാമ്യം ലഭിച്ചു. പ്രധാനപ്പെട്ട രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെയാണ് രണ്ട് വര്‍ഷത്തിന് ശേഷം ജയില്‍ മോചനത്തിന് അവസരമൊരുങ്ങുന്നത്.

Keywords: Siddique Kappan will be released from jail tomorrow, New Delhi, News, Media, Bail, Court, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia