Siddaramaiah | മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, വസതിക്ക് മുന്നില്‍ അനുയായികളുടെ ആഘോഷം തുടങ്ങി

 


ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആശയക്കുഴപ്പമെല്ലാം ഇല്ലാതായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം എടുത്തിരിക്കയാണ് നേതൃത്വം. ഏറെ നീണ്ട ചര്‍ചകള്‍ക്കൊടുവിലാണു തീരുമാനം. മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാനാണ് തീരുമാനം എന്നാണ് അറിയുന്നത്.

ആദ്യ ടേമില്‍ സിദ്ധരാമയ്യയും പിന്നീട് ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണ് റിപോര്‍ട്. സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ആദ്യം സിദ്ധരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക എന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ബെംഗ്ലൂറില്‍ സിദ്ധരാമയ്യയുടെ വസതിക്കു മുന്നില്‍ അനുയായികള്‍ ആഘോഷം തുടങ്ങി.

മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായി ചര്‍ച നടത്തി. ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ഹൈകമാന്‍ഡ് ഡികെ ശിവകുമാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം പങ്കിടാമെന്ന് ഡികെയ്ക്ക് രാഹുലും സോണിയയും ഉറപ്പ് നല്‍കും. സോണിയയുടെ വീട്ടില്‍ രാഹുലും ഡികെയും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയാണ്.

അതേസമയം, ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി വന്നേക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാര്‍ തുടരും. മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ലിംഗായത്ത്, എസ് സി, മുസ്ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്.

എംബി പാട്ടീല്‍ (ലിംഗായത്ത്), ഡോ.ജി പരമേശ്വര (എസ് സി), യുടി ഖാദര്‍ (മുസ്ലിം) എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യുടി ഖാദര്‍. അഞ്ചാം വട്ടവും മംഗ്ലറു മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജയിച്ചിരുന്നു. ഖാദറിനെ ഹൈകമാന്‍ഡ് ഡെല്‍ഹിയിലേക്കു വിളിപ്പിച്ചു.

ഇതിനിടെ മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതമെന്ന വീതംവയ്പ്പിന് തയാറല്ലെന്ന നിലപാടില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉറച്ചുനില്‍ക്കുന്നതായുള്ള റിപോര്‍ടുകളും പുറത്തുവന്നു. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അനുനയശ്രമങ്ങള്‍ തുടരുകയാണ്. വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചേക്കും.

Siddaramaiah | മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, വസതിക്ക് മുന്നില്‍ അനുയായികളുടെ ആഘോഷം തുടങ്ങി


Keywords: Siddaramaiah emerges as preferred choice for CM, New Delhi, News, Meeting, Trending, Politics, Congress, Report, Rahul Gandhi, Sonia Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia