CM Post | ശിവകുമാറുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ തയാറാണെന്ന് സിദ്ധരാമയ്യ അറിയിച്ചതായുള്ള റിപോര്‍ടുകള്‍ പുറത്ത്

 


ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും മുഖ്യമന്ത്രി ആരാവും എന്നതിനെ കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ തയാറാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ അറിയിച്ചതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നു. പാര്‍ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി ഐ എ എന്‍ എസ് ആണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. എന്നാല്‍, ആദ്യത്തെ രണ്ടുവര്‍ഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചതായും റിപോര്‍ട് വ്യക്തമാക്കുന്നു.

ആദ്യ രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സ്ഥാനമൊഴിയുമെന്നും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തില്‍ തുടരാമെന്നുമാണ് സിദ്ധരാമയ്യയുടെ നിര്‍ദേശം. ഈ നിര്‍ദേശത്തോട് ശിവകുമാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും, എന്നാല്‍, മന്ത്രിസഭയില്‍ താന്‍ മാത്രമേ ഉപമുഖ്യമന്ത്രി സ്ഥാനത്തുണ്ടാകാവൂ എന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രിക്ക് വേണം.

ബിജെപിയെ തറപറ്റിച്ച് നേടിയ നിര്‍ണായക വിജയത്തിനൊടുവില്‍ ആരാണ് മുഖ്യമന്ത്രി പദത്തിലേറുക എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്റേതാകും അന്തിമ തീരുമാനം.

കര്‍ണാടകയിലെ 70 ശതമാനം എംഎല്‍എമാരും സിദ്ധരാമയ്യക്കാണ് പിന്തുണ നല്‍കിയതെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എംഎല്‍എമാരുമായി സംസാരിച്ച് മുഖ്യമന്ത്രിപദത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നിരീക്ഷക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, ബെംഗ്ലൂറില്‍ ചേര്‍ന്ന നിയമസഭ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല പാര്‍ടി അധ്യക്ഷന് വിടുകയായിരുന്നു. നിരീക്ഷക സമിതി തിങ്കളാഴ്ച ഡെല്‍ഹിയില്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുമായി ചര്‍ച നടത്തും.

വ്യാഴാഴ്ചയാകും കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായ കോണ്‍ഗ്രസ്, ബിജെപി എംഎല്‍എമാരെ വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസിന്റെ മുന്‍ സഖ്യകക്ഷിയായ ജെഡിഎസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.

CM Post | ശിവകുമാറുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ തയാറാണെന്ന് സിദ്ധരാമയ്യ അറിയിച്ചതായുള്ള റിപോര്‍ടുകള്‍ പുറത്ത്

Keywords: Siddaramaiah, D K Shivakumar likely to share Karnataka chief minister term, Bengaluru, News, Controversy, Trending, Congress, Media, Report, Meeting, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia