Missing | കർണാടകയിലെ മണ്ണിടിച്ചിൽ: മലയാളി ഡ്രൈവർ അർജുൻ എവിടെ? നാലാം ദിവസവും വിവരമില്ല; ലോറിയുടെ ജിപിഎസ് ലൊകേഷൻ കാണിക്കുന്നത് മണ്ണിനടിയിൽ 

 
shirur landslide
shirur landslide

Photo/ Video: Arranged

നിലവില്‍ എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്

 

ഉത്തരകന്നഡ: (KVARTHA) കർണാടകയിലെ ഷിരൂരിൽ (Shirur) ദേശീയപാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ (Landslide) കാണാതായ മലയാളി (Malayali) ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. അർജുന്റെ ലോറി മണ്ണിടിച്ചിലിൽ പൂർണമായും മണ്ണിൽ പുതഞ്ഞതായി ജിപിഎസ് ലൊകേഷൻ (GPS Location) വ്യക്തമാക്കുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നിലവില്‍ എന്‍ഡിആര്‍എഫ് (NDRF), പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

അർജുൻ ജൂലൈ എട്ടിനാണ് ലോറിയിൽ പോയത്. തിങ്കളാഴ്ചയാണ് അവസാനമായി വീട്ടുകാരെ വിളിച്ചത്.
ചൊവ്വാഴ്ച മുതൽ അർജുൻ ഫോണിൽ ലഭ്യമല്ല. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് അർജുന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തു, പിന്നീട് ഓഫായി. അതേസമയം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത്, ദുരന്തത്തിന് ഇരയായ ലക്ഷ്മൺ നായക് എന്നയാൾ നടത്തിയിരുന്ന ചായക്കടയിൽ അർജുൻ എപ്പോഴും നിർത്താറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. 

ദുരന്തദിവസം അർജുൻ രാവിലെ നാല് മണിക്കും ചായക്കടയിൽ എത്തി വിശ്രമിക്കുകയായിരുന്നു,  അപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ നടന്ന സമയത്ത് മൂന്ന് ലോറികൾ സ്ഥലത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. കോഴിക്കോട് സ്വദേശിയാണ് അർജുൻ.

മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

മണ്ണിടിച്ചിൽ സ്ഥലത്തിന് സമീപം ജനപ്രിയ ചായക്കട നടത്തിയിരുന്ന അഞ്ചംഗ കുടുംബത്തിൽ നിന്നും മണ്ണിനടിയിൽ പെട്ട് മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഹോട്ടൽ ഉടമ ലക്ഷ്മൺ നായക്, ഭാര്യ ശാന്തി നായക്, മകൻ റോഷൻ നായക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia