Controversy | ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നു
Nov 16, 2022, 12:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നു. താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയതിനു പിന്നാലെ ഗുജറാതിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്.
കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന ഗുജറാതിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി ശശി തരൂരിനെ സമീപിച്ചുവെങ്കിലും അദ്ദേഹം അത് നിരസിച്ചതായുള്ള വാര്‍ത്തകളാണ് വന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള മത്സരത്തില്‍ ഹൈകമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച ശശി തരൂരിനെ നേതൃത്വം മനഃപൂര്‍വം അവഗണിക്കുകയാണെന്നാണ് ആരോപണം.
ഇതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. താരപ്രചാരകരുടെ പട്ടികയില്‍ മുന്‍പും ശശി തരൂര്‍ ഇടം പിടിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും പാര്‍ടി വൃത്തങ്ങള്‍ പ്രതികരിച്ചു.
പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് തുടങ്ങിയവരുള്‍പെടെ 40 പേരുള്ള താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സചിന്‍ പൈലറ്റ്, ജിഗ്‌നേഷ് മേവാനി, കനയ്യ കുമാര്‍, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജ്യസഭാ എംപി ദിഗ്വിജയ് സിങ്, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവരും പട്ടികയിലെ മറ്റ് പ്രമുഖരാണ്.
മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ത്വാരിഖ് അന്‍വര്‍, ബികെ ഹരിപ്രസാദ്, മോഹന്‍ പ്രകാശ്, ശക്തിസിന്‍ഹ് ഗോഹില്‍, രഘു ശര്‍മ, ജഗദീഷ് താകൂര്‍, സുഖ്റാം രത്വ, ശിവാജിറാവു മോഗെ എന്നിവരും പാര്‍ടിക്ക് വേണ്ടി പ്രചാരണത്തിന് ഗുജറാതിലെത്തും.
രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോടെടുപ്പ്. ഡിസംബര്‍ എട്ടിന് ഫലപ്രഖ്യാപനം. 182 നിയമസഭാ മണ്ഡലങ്ങളില്‍ 89 എണ്ണത്തില്‍ ആദ്യ ഘട്ടത്തിലും 93 എണ്ണത്തില്‍ രണ്ടാം ഘട്ടത്തിലും വോടെടുപ്പ് നടക്കും. തുടര്‍ഭരണം ഉറപ്പിക്കാന്‍ ബിജെപി ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അട്ടിമറിയിലൂടെ ഗുജറാതില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ടിയും രംഗത്തുണ്ട്.
Keywords: Shashi Tharoor Won't Campaign In Gujarat, Wasn't Part Of Key Party List, New Delhi, News, Social Media, Congress, Politics, Assembly Election, Shashi Taroor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.