Shashi Tharoor | ഒടുവില്‍ 400 കടന്നു, പക്ഷേ വേറൊരു രാജ്യത്താണെന്ന് മാത്രം; ബിജെപിയെ കൊട്ടി ശശി തരൂര്‍ എംപി
ന്യൂഡെല്‍ഹി: (KVARTHA) യുകെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു തരൂരിന്റെ പരിഹാസം. 'അവസാനം അബ് കി ബാര്‍ 400 പാര്‍ (ഇത്തവണ നാനൂറിന് അപ്പുറം) സംഭവിച്ചു, പക്ഷേ വേറൊരു രാജ്യത്ത്' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ലോക് സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി 370 സീറ്റില്‍ കൂടുതലും എന്‍ഡിഎ നാനൂറ് സീറ്റിന് മുകളിലും നേടുമെന്ന് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിക്ക് ഒറ്റയ്ക്ക് നേടാന്‍ കഴിഞ്ഞത് 240 സീറ്റുകള്‍ മാത്രമായിരുന്നു.
Finally “ab ki baar 400 paar” happened — but in another country! pic.twitter.com/17CpIp9QRl
— Shashi Tharoor (@ShashiTharoor) July 5, 2024
ഇതോടെ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ഘടക കക്ഷികളുടേയും സഹായത്തോടെ കേവല ഭൂരിപക്ഷം തികച്ച് സര്‍കാര്‍ രൂപവത്കരിക്കുകയായിരുന്നു. എന്നിരുന്നാലും മോദി സര്‍കാര്‍ മൂന്നാമതും അധികാരത്തിലെത്തും എന്ന് പറഞ്ഞ വാക്ക് പാലിക്കാനും കഴിഞ്ഞു.
യുകെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച ഫലം പുറത്തുവന്നപ്പോള്‍ ആകെയുളള 650 സീറ്റുകളില്‍ ലേബര്‍ പാര്‍ടി 412 സീറ്റുകള്‍ നേടി വന്‍ വിജയം സ്വന്തമാക്കിയിരുന്നു. 2019-ലെ 211 എന്ന നിലയില്‍ നിന്നായിരുന്നു ലേബര്‍ പാര്‍ടിയുടെ കുതിപ്പ്. ഇതിനെയായിരുന്നു തരൂര്‍ താരതമ്യം ചെയ്തത്. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ടി 121 സീറ്റുകളില്‍ ഒതുങ്ങി.