Retirement Signs | ശരദ് പവാര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നുവോ? സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍
● അംഗത്വ കാലാവധി 18 മാസം കൂടി ബാക്കിനില്‍ക്കെയാണ് അദ്ദേഹം വിരമിക്കല്‍ സൂചന നല്‍കിയത്
● 2014 മുതല്‍ പവാര്‍ രാജ്യസഭാംഗമാണ്
● 2026 ഏപ്രിലില്‍ കാലാവധി അവസാനിക്കും
● 1999 ല്‍ എന്‍സിപി സ്ഥാപിച്ച പവാറിന് മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം
ന്യൂഡെല്‍ഹി: (KVARTHA) മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിരമിച്ചേക്കുമെന്ന സൂചന നല്‍കി എന്‍സിപി(എസ് പി) അധ്യക്ഷന്‍ ശരദ് പവാര്‍. രാജ്യസഭയിലെ കാലാവധി തീരുന്നതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. 2014 മുതല്‍ പവാര്‍ രാജ്യസഭാംഗമാണ്. 2026 ഏപ്രിലില്‍ കാലാവധി അവസാനിക്കും.
അംഗത്വ കാലാവധി 18 മാസം കൂടി ബാക്കിനില്‍ക്കെയാണ് അദ്ദേഹം വിരമിക്കല്‍ സൂചന നല്‍കിയത്. 'ഞാന്‍ അധികാരത്തിലില്ല. രാജ്യസഭയില്‍ എനിക്ക് ഒന്നര വര്‍ഷം മാത്രമാണ് കാലാവധി ബാക്കിയുള്ളത്. അതിനുശേഷം ഞാന്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. എനിക്ക് എവിടെയെങ്കിലും വച്ച് ഇത് നിര്‍ത്തേണ്ടി വരും-' എന്നാണ് ശരദ് പവാര്‍ പറഞ്ഞത്. 14 തവണ എംപിയും എംഎല്‍എയും ആക്കിയതിന് ബാരാമതിയിലെ വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പവാറിന്റെ വിരമിക്കലിനെ പറ്റി കുറച്ചുകാലമായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 1999 ല്‍ എന്‍സിപി സ്ഥാപിച്ച ശരദ് പവാറിന് മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.
അനന്തരവന്‍ അജിത് പവാറുമായി നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഏത് എന്‍സിപിയെ ആയിരിക്കും ജനം പിന്തുണയ്ക്കുക എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ബാരാമതിക്ക് വേണ്ടിയുള്ള പോരാട്ടം വോട്ടര്‍മാര്‍ക്കിടയില്‍ യഥാര്‍ഥ എന്‍സിപിക്ക് വേണ്ടിയുള്ള ജനഹിത പരിശോധനയായി കണക്കാക്കപ്പെടുമെന്ന് ഉറപ്പാണ്.
നേരത്തേ ബാരാമതിയില്‍ നിന്ന് അഞ്ച് തവണ അജിത് പവാര്‍ എംഎല്‍എയായിട്ടുണ്ടെങ്കിലും അതെല്ലാം ശരദ് പവാറിന്റെ തണലിലായിരുന്നു. ഇത്തവണ സ്വന്തം കരുത്തിലാണ് എന്‍ഡിഎ പക്ഷത്തുനിന്ന് അജിത് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
യുഗേന്ദ്ര പവാറിനെയാണ് ഇവിടെ അജിത്തിനെതിരെ ശരദ് പവാര്‍ വിഭാഗം നിര്‍ത്തിയിരിക്കുന്നത്. ബാരാമതി ലോക്സഭാ മണ്ഡലത്തില്‍ നടന്ന 'പവാര്‍' പോരാട്ടത്തില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയ്ക്കായിരുന്നു വിജയം. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് സുപ്രിയ പരാജയപ്പെടുത്തിയത്.
#SharadPawar #NCP #MaharashtraPolitics #Retirement #AjitPawar #SupriyaSule