SWISS-TOWER 24/07/2023

PC George's Politics | പിസി ജോർജിൻ്റെ ബിജെപിയിലേക്കുള്ള യാത്ര ദൈവം കൊടുത്ത പണി, മുസ്ലിം സഹോദരങ്ങളെ വഞ്ചിച്ചതിന്!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) ?ഒരിടത്തും ഗതി കിട്ടാതെ പി.സി.ജോർജിൻ്റെ പാർട്ടി കേരള ജനപക്ഷം ബി.ജെ.പി യിൽ ലയിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ശരിക്കും പറഞ്ഞാൽ പി.സി.ജോർജിൻ്റെ അധപതനമാണ് പുറത്തു വരുന്നത്. അത്രയ്ക്ക് ഗതികേടിൽ ആയിരിക്കുന്നു പി.സിയും കൂട്ടരും എന്ന് വേണം പറയാൻ. ഒരിക്കൽ എല്ലാ മുന്നണികളും പി.സി യെ തള്ളിയപ്പോൾ പൂഞ്ഞാറിലെ മുസ്ലിം സമുദായാംഗങ്ങൾ ആണ് പി.സി.ജോർജിനെ സംരക്ഷിച്ചത്. മുന്നണി സ്ഥാനാർത്ഥിയാകാൻ പരക്കം പാഞ്ഞു നടന്ന പി.സി.ജോർജിന് പിന്നീട് പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിക്കേണ്ട ഗതി വന്നു. അന്ന് പി.സി.യ്ക്കൊപ്പം ഇടം -വലം താങ്ങായി നിന്നത് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കത്തോലിക്കരെ പോലെ തന്നെ ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായാംഗങ്ങൾ ആണ്.

PC George's Politics | പിസി ജോർജിൻ്റെ ബിജെപിയിലേക്കുള്ള യാത്ര ദൈവം കൊടുത്ത പണി, മുസ്ലിം സഹോദരങ്ങളെ വഞ്ചിച്ചതിന്!

ആദ്യം പി.സി പൂഞ്ഞാറിൽ സ്വതന്ത്രനായി നിൽക്കുമ്പോൾ ഇടതു വലത് മുന്നണികളെ തോൽപ്പിച്ച് വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതിന് മുൻപും പി.സി.ജോർജ് മുന്നണികൾ മാറി മാറി മത്സരിച്ചപ്പോഴും വിജയിച്ചതിന് പിന്നിൽ മുസ്ലിം സമുദായമായിരുന്നു. പി.സി.യുടെ സ്വന്തം സമുദായത്തിലെ ബിഷപ്പുമാരും ഒക്കെ പരസ്യമായി അദ്ദേഹത്തെ തോൽപ്പിക്കാൻ നോക്കിയ കാലമുണ്ടായിരുന്നു. അന്ന് പി.സി.ജോർജിൻ്റെ ബദ്ധശത്രുവായിരുന്ന കെ.എം. മാണിയെ തൃപ്തിപ്പെടുത്താൻ പി.സി.യെ തോൽപ്പിക്കണമെന്ന് പള്ളീലച്ചന്മാരും ബിഷപ്പുമൊക്കെ പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ട് പള്ളികളും മഠങ്ങളും കയറി ഇറങ്ങി നടന്നപ്പോൾ അന്നും രക്ഷകരായത് പൂഞ്ഞാറിലെ പാവപ്പെട്ട മുസ്ലിം സഹോദരങ്ങൾ ആയിരുന്നു.

ഇക്കാലമത്രയും പി.സി.ജോർജിന് വേണ്ടി ചോരയും നീരും ഒഴുക്കി കഷ്ടപ്പെട്ടവരാണ് ഇവർ. ഒടുവിൽ ആ സമുദായത്തെയാണ് പി.സി.ജോർജ് പച്ചയായി തള്ളിപ്പറഞ്ഞത്. അവരെ വർഗീയ വാദികളെന്നും തീവ്രവാദികളെന്നും ഒക്കെ ആക്ഷേപിച്ചു. ശേഷമോ, പിന്നീട് ഒരിക്കൽ പോലും പി.സി.യ്ക്ക് പൂഞ്ഞാറിൽ ജയിക്കാൻ പറ്റിയിട്ടില്ല. എന്ന് മാത്രമല്ല, ഒരു മുന്നണിയിലും ചേക്കേറാനും പറ്റിയിട്ടില്ല. മുസ്ലിം സമുദായത്തെ പേടിച്ച് പി.സി.യെ എല്ലാ മുന്നണികളും എടുക്കാൻ ഭയപ്പെടുന്നു. അവസരോചിതമായി സംസാരിച്ച് പി.സി ഇടത് വലത് മുന്നണികളിൽ കയറിക്കൂടാൻ നോക്കിയെങ്കിലും പി.സി.യെ മുന്നണിയിൽ എടുക്കാൻ എല്ലാ നേതാക്കൾക്കും ഭയമായിരുന്നു. പിന്നെ അദേഹത്തിൻ്റെ മോശം ഭാഷയും ആർക്കും ഉൾക്കൊള്ളാവുന്നതല്ല. കൂടാതെ ബ്ലാക്ക് മെയിൽ രാഷ്ട്രീയവും.

ഇതൊക്കെ പൊതുജനം കണ്ടു മടുത്തു കഴിഞ്ഞു. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിൻ്റെ പിന്തുണയില്ലെങ്കിലും താൻ ജയിക്കുമെന്ന വാശിയിൽ ഇരുമുന്നണികൾക്കെതിരെ മത്സരിച്ച പി.സി.ജോർജിന് ശരിക്കും പൂഞ്ഞാറിൽ കാലിടറുന്ന കാഴ്ചയാണ് കണ്ടത്. അന്ന് പി.സി.യെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ഇടതു മുന്നണിയിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആണ് വിജയി ആയത്. മുസ്ലിം സമുദായം തനിക്കെതിരെ തിരിഞ്ഞതാണ് തോൽവിയ്ക്ക് കാരണമെന്ന് പി.സി.യ്ക്ക് ഒരവസരത്തിൽ സമ്മതിക്കേണ്ടിയും വന്നു. മുസ്ലിം സമുദായത്തോട് മാപ്പ് പറയുന്നുവെന്ന് പറഞ്ഞ് കോട്ടയത്ത് ഒരു വാർത്താസമ്മേളനമൊക്കെ പി.സി.ജോർജ് വിളിച്ചു ചേർത്തെങ്കിലും പി.സി. എന്ന കുറുക്കനെ ഉൾക്കൊള്ളാൻ സമുദായം തയാറായില്ല എന്നതാണ് വാസ്തവം.

പി.സിയുടെ ക്ഷമ പറച്ചിൽ ആത്മാർത്ഥമല്ലെന്ന് സമുദായം തിരിച്ചറിയുകയായിരുന്നു. ഇപ്പോൾ ഒരു ഗതിയും പരഗതിയും ഇല്ലാതെ അലയുന്ന പി.സി യെ യാണ് കാണുന്നത്. ഒടുവിൽ അദേഹത്തിൻ്റെ സ്വന്തം പാർട്ടിയായ ജനപക്ഷത്തെ ബി.ജെ.പി യിൽ ലയിപ്പിക്കുന്ന അവസ്ഥയിൽ വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. എന്ത് ഓഫർ ആണ് ബി.ജെ.പി പി.സി യ്ക്ക് മുന്നിൽ വെച്ചതെന്ന് അറിയില്ല. ഒരു സീറ്റിൽ പോലും രക്ഷപെടാൻ പറ്റാതെ കഴിയുന്ന ബി.ജെ.പി പി.സി.ജോർജിനെ വെച്ച് മുതലെടുക്കുകയെയുള്ളു. വല്ല സംസ്ഥാന ഉപാധ്യക്ഷ സ്ഥാനവും വല്ലതും കൊടുത്തെന്ന് ഇരിക്കും. വലിയ ഗീർവാണം ഒക്കെ അടിച്ച് എൻ.ഡി.എ മുന്നണിയുടെ ഭാഗമായ തുഷാർ വെള്ളാപ്പള്ളിയുടെയും വെള്ളാപ്പള്ളി നടേശൻ്റെയും ഒക്കെ അവസ്ഥ നമ്മളൊക്കെ കണ്ടതാണല്ലോ. പലരെയും ഗവർണർ സ്ഥാനം കൊടുക്കാമെന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിക്കും. പക്ഷേ, അത് പ്രസ്താവനയിൽ മാത്രം ഒതുങ്ങും.

എന്തിന് ഏറെ പറയുന്നു . ബി.ജെ.പി യുടെ വലിയ നേതാവ് കുമ്മനം രാജശേഖരന് പോലും ഗവർണർ സ്ഥാനത്ത് അധികം പിടിച്ചിരിക്കാൻ പറ്റിയില്ല എന്നോർക്കണം. കത്തോലിക്ക സമുദായത്തെ ബി.ജെ.പി യിൽ എത്തിക്കുക എന്ന ദൗത്യമാകും ബി.ജെ.പി പി.സി.ജോർജിനെ ഏൽപ്പിക്കുന്നതെന്ന് എതൊരാൾക്കും സംശയം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അതിന് പറ്റിയ ആൾ ആണോ പി.സി യെന്ന് ബി.ജെ.പി നേതൃത്വവും ഒന്ന് ചിന്തിച്ചാൽ നന്നായിരുന്നു. കത്തോലിക്കാ വിശ്വാസികൾ ഒന്നടങ്കം വെറുക്കുന്ന ഫ്രാങ്കോ ബിഷപ്പിനെ പിന്തുണച്ച പി.സി.ജോർജിനെ എത്ര വിശ്വാസികൾ അംഗീകരിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. പി.സി.വിചാരിക്കുന്നു ബിഷപ്പുമാർ വിചാരിച്ചാൽ വിശ്വാസികൾ മുഴുവൻ തൻ്റെ കൂടെ പോരുമെന്ന്. പക്ഷേ, കെ.എം. മാണി അല്ലല്ലോ പി.സി.ജോർജ്. ഒപ്പം ഇത് പഴയകാലവുമല്ല. കണ്ണടച്ച് അച്ചന്മാർക്കും ബിഷപ്പിനുമൊക്കെ സിന്ദാബാദ് വിളിക്കുന്ന കാലവും കഴിഞ്ഞു.

അവിടെയാണ് ഇപ്പോൾ പി.സി.ജോർജിന് തെറ്റ് പറ്റിയിരിക്കുന്നത്. പി.സി.ജോർജിൻ്റെ പാർട്ടിയായ കേരള ജനപക്ഷം ബിജെപി യിൽ ലയിച്ചാൽ പി.സി.ജോർജ് കോട്ടയത്തുനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തയുണ്ട്. എന്തായാലും അങ്ങനെയെങ്കിലും അടങ്ങിക്കിടന്ന പി.സി.ജോർജിന് ഒന്ന് അനക്കം വെയ്ക്കാം. കേരളാ കോൺഗ്രസിൻ്റെ മണ്ഡലമായ കോട്ടയത്ത് ത്രികോണ മത്സരം എന്ന പ്രതീതി ജനിപ്പിക്കാനും പി.സിയ്ക്ക് ആകും . പക്ഷേ, ഇനി ഒരിക്കലും അധികാര കസേരയിൽ വന്നെന്ന് വരില്ല. ഇപ്പോൾ കേരളത്തിലെ ജനം പി.സി.യെ എഴുതി തള്ളി. ഇടതു വലതു മുന്നണികൾ എഴുതി തള്ളി. വൈകാതെ എൻ.ഡി.എ യും പിസി യെ എഴുതി തള്ളും. അതിന് അധികകാലമൊന്നും ഇനി വേണ്ടി വരില്ല.
Aster mims 04/11/2022

PC George's Politics | പിസി ജോർജിൻ്റെ ബിജെപിയിലേക്കുള്ള യാത്ര ദൈവം കൊടുത്ത പണി, മുസ്ലിം സഹോദരങ്ങളെ വഞ്ചിച്ചതിന്!

പക്ഷേ, മകൻ ഷോൺ ജോർജ് നല്ലൊരു ചെറുപ്പക്കാരനാണ്. വളർന്നു വരുന്ന നേതാവാണ്. അദേഹത്തിൻ്റെ രാഷ്ട്രീയ ഭാവി കൂടിയാണ് ഇവിടെ ഇരുൾ അടയപ്പെടുന്നത്. അപ്പൻ്റെ കൂടെ ചേർന്ന് ഇങ്ങനെയൊരു വിഡ്ഡി വേഷം കെട്ടണമായിരുന്നോ എന്ന് ഷോൺ ജോർജ് ചിന്തിക്കേണ്ടിയിരുന്നു. എന്തായാലും പി.സി യും മകനും വലിയൊരു കെണിയിൽപ്പെടാൻ പോകുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം ഇനി കാണാൻ പോകുന്നത്. അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർക്കുള്ള ഒരു പാഠമാകും ഇത്. ഒപ്പം മനുഷ്യ സ്നേഹികളായ മുസ്ലിം സമുദായാംഗങ്ങളെ മുഴുവൻ അടിച്ചാക്ഷേപിച്ചതിന് തമ്പുരാൻ കൊടുക്കുന്ന എട്ടിൻ്റെ പണിയും.

Keywords: News, Politics, Election, PC George, BJP, Political Party, Seven-time Kerala MLA PC George's Kerala Janapaksham (Secular) to merge with BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia