CPM | കര്‍ണാടകയിലെ കണ്ണൂരായ ബാഗേപള്ളി ഗെറ്റൗടടിച്ചത് എന്തിനാ സഖാവെ? മറുപടി പറയാതെ മൗനം പാലിച്ച് സിപിഎം ദേശീയ നേതൃത്വം

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വര്‍ഗീയ നയങ്ങളെ ഗെറ്റൗടടിച്ചുവെന്ന് അഭിമാനിക്കുന്ന സിപിഎം മത്സരിച്ച നാലുമണ്ഡലങ്ങളിലും തങ്ങള്‍ തോറ്റു തുന്നം പാടിയതിനെ കുറിച്ചു മൗനം പാലിക്കുന്നു. കനല്‍ ഒരുതരിമാത്രമേ വേണ്ടുവെന്ന് സോഷ്യല്‍ മീഡിയ പ്രൊപഗന്‍ഡ നടത്തുന്നവര്‍ കേരളത്തിന് തൊട്ടടുത്തുളള സംസ്ഥാനത്ത് മുനിഞ്ഞുകത്തിയ കനലുംകെട്ടതായി കാണുന്നില്ല. പാര്‍ടി പത്രം പോലും കണ്ണൂരിന് സമാനമായ പാര്‍ടി കോട്ടയായ ബാഗേപളളിയില്‍ സിപിഎം തോല്‍വിയെ കുറിച്ചു മൗനം പാലിക്കുന്നുവെന്നതാണ് വിചിത്രം. ബി.ജെ.പിയെ ദേശീയരാഷ്ട്രീയത്തില്‍ ചെറുക്കാനുളള കരുത്ത് കോണ്‍ഗ്രസിനില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും മറ്റു നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്.
            
CPM | കര്‍ണാടകയിലെ കണ്ണൂരായ ബാഗേപള്ളി ഗെറ്റൗടടിച്ചത് എന്തിനാ സഖാവെ? മറുപടി പറയാതെ മൗനം പാലിച്ച് സിപിഎം ദേശീയ നേതൃത്വം

ബാഗേപളളിയില്‍ ഇക്കുറി വിജയമുറപ്പിച്ചതായിരുന്നു പാര്‍ടി. ദേശീയ സെക്രടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ വന്‍പൊതുയോഗങ്ങളില്‍ ഇവിടെ പ്രസംഗിച്ചു. പാര്‍ടി പി ബി അംഗമായ എം എ ബേബിക്കായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍. എണ്ണയിട്ട യന്ത്രം പോലെ പാര്‍ടി മെഷിനറി ഒന്നാകെ നാലുമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ജെ ഡി എസിന്റെ പിന്‍തുണ നേടുകയും ചെയ്തിട്ടും എന്തുകൊണ്ടു സിപിഎം തോറ്റുവെന്ന ചോദ്യത്തിന് മുന്‍പിലാണ് സിപിഎം ദേശീയ നേതൃത്വത്തിന് ഇപ്പോള്‍ ഉത്തരമില്ലാതായിരിക്കുന്നത.

പാമ്പും കോണിയും കളി

കോണ്‍ഗ്രസിനും ബിജെപിക്കും സംസ്ഥാനങ്ങളിലെ അധികാര നഷ്ടങ്ങളും കയറ്റങ്ങളും താല്‍ക്കാലിക പ്രതിഭാസങ്ങള്‍ മാത്രമാണ്. അധികാരം നഷ്ടമായ സംസ്ഥാനങ്ങളില്‍ തിരിച്ചുവരാന്‍ ദുര്‍ബലമായ അവസ്ഥയില്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിപിഎം അധികാരത്തില്‍ നിന്നും പോയ സ്ഥലങ്ങളില്‍ തരിപോലുമില്ല എടുക്കാനെന്ന അവസ്ഥയിലാണ്. കാല്‍നൂറ്റാണ്ടുകളോളം പാര്‍ടി ഭരിച്ച ബംഗാളിലും ത്രിപുരയിലും നാമാവശേഷമായിരിക്കുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ടി. നേരത്തെ ശക്തിയുണ്ടായിരുന്ന തെലങ്കാനയില്‍ ഇപ്പോള്‍ ചുവപ്പു തീരെ മാഞ്ഞുകഴിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടില്‍ ഡിഎംകെയുടെ തണല്‍പറ്റി ജീവിച്ചു പോവുകയാണ്. ആകെയുണ്ടായിരുന്ന കേരളമെന്ന ഒറ്റതുരത്തുകൊണ്ടാണ് സിപിഎം ദേശീയ നേതൃത്വം കഞ്ഞികുടിച്ചു പോകുന്നത്.

ഈ സാഹചര്യത്തിലാണ് പാര്‍ടി പിബി അംഗം കൂടിയായ എംവി ഗോവിന്ദന്‍ ഓരോ സംസ്ഥാനത്തെയും ഓരോ യൂനിറ്റായി കണ്ടു ബിജെപിയെ തോല്‍പിക്കണമെന്നു പറയുന്നത്. അവിടെ ബിജെപിക്കെതിരെ മത്സരിക്കുന്ന ശക്തരായ പാര്‍ടികളെ പിന്‍തുണയ്ക്കണമെന്നു പറയുന്ന എം വി ഗോവിന്ദന്‍ ഉള്‍പെടെയുളള പൊളിറ്റ്ബ്യൂറോ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നതിനായി ജെ ഡി എസിന്റെ കൂടയാണ് മത്സരിച്ചതെന്നാണ് വിചിത്രം. വൈരുദ്ധ്യാത്മിക ഭൗതികവാദമാണ് മാര്‍ക്സിസത്തിന്റെ കാതലെന്നതിനാല്‍ ഇതൊക്കെയാണ് പാര്‍ടിയുടെ ശൈലിയെന്നു വേണമെങ്കില്‍ പറഞ്ഞു പോകാം. അടിയും കിട്ടി പുളിയും കുടിച്ചുവെന്ന അവസ്ഥയിലും ഇത്തരം വാദങ്ങള്‍ വീണ്ടും വിളമ്പുന്നത് ഇവര്‍ക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ലെന്നതിന്റെ ഉദാഹരണമാണ്.

അടവുനയം പാളി, തൂത്തെറിഞ്ഞ് ജനം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും നേട്ടമുണ്ടാക്കാനാകാതെി സിപിഎമിന്റെ അടവുനയം സമ്പൂര്‍ണമായി പാളുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ടിക്ക് കൂടുതല്‍ ശക്തിയുണ്ടായിരുന്ന ബാഗേപള്ളിയില്‍ വന്‍ തിരിച്ചടിയേറ്റതാണ് ദേശീയമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. ബാഗേപള്ളിയില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ. എ അനില്‍കുമാറിന്റെ പ്രചാരണത്തിന് പ്രമുഖ നേതാക്കള്‍ തന്നെ എത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇവിടെ നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത സിപിഎം റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

2018ല്‍ കോണ്‍ഗ്രസിന്റെ എസ് എന്‍ സുബ്ബറെഡ്ഡിയാണ് ഇവിടെ ജയിച്ചത്. അന്ന് രണ്ടാം സ്ഥാനത്തെത്തിയത് സിപിഎം സ്ഥാനാര്‍ഥി ജി വി ശ്രീരാമറെഡ്ഡിയായിരുന്നു. കോണ്‍ഗ്രസിന് 65,710 വോട് ലഭിച്ചപ്പോള്‍ ശ്രീരാമറെഡ്ഡി 51,697 വോടുമായി തൊട്ടുപിന്നിലുമുണ്ടായിരുന്നു. അന്നു ബിജെപി സ്ഥാനാര്‍ഥി സായ്കുമാര്‍ പി യ്ക്ക് വെറും 4,140 വോടാണ് ലഭിച്ചത്. ജെ ഡി എസിന്റെ ഡോ. സി ആര്‍ മനോഹറിനും ഏറെ പിറകില്‍ നാലാം സ്ഥാനത്തായിരുന്നു ബിജെപി.

എന്നാല്‍, ഇത്തവണ സിപിഎം വോട് 19,403ലേക്ക് കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഡോ. എ. അനില്‍കുമാറായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. 81,383 വോട് നേടി കോണ്‍ഗ്രസിന്റെ എസ്എന്‍ സുബ്ബറെഡ്ഡി ഭൂരിപക്ഷം കൂട്ടി മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണ വെറും നാലായിരം വോടുമായി നാലാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി വന്‍ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. ബിജെപിയുടെ സി മുനിരാജു 62,225 വോട് നേടി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചത്. എന്നാല്‍, ജെഡിഎസ് പിന്തുണയുണ്ടായിട്ടും സിപിഎം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

ഭാരത് ജോഡോ യാത്രയോട് മുഖംതിരിച്ചത് വിനയായി

കര്‍ണാടകയെ ഇളക്കിമറിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ക്ഷണമുണ്ടായിരുന്നുവെങ്കിലും സിപിഎം ദേശീയ നേതൃത്വം സ്വീകരിച്ചില്ല. കോണ്‍ഗ്രസില്ലാതെയുളള ഒരു മതേതര പാര്‍ടികളുടെ ഐക്യം സിപി ഐ തിരിച്ചറിഞ്ഞുവെങ്കിലും വല്യേട്ടന്‍ പാര്‍ടിയായ സിപിഎമിന് ബിജെപിയെയും കോണ്‍ഗ്രസിനെയും ഒറ്റയ്ക്കു നേരിട്ടു കളയാമെന്ന മുഷ്‌കാണുണ്ടായിരുന്നത്. അതിനുളള ശിക്ഷയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ജനങ്ങള്‍ കൊടുത്തത്. പൊതുയോഗങ്ങളില്‍ പങ്കെടുത്ത സ്വന്തം പാര്‍ടിക്കാര്‍ പോലും ബിജെപിക്കാണ് കര്‍ണാടകയില്‍ വോട് ചെയ്തത്. ബാഗേപളളിയിലെ മുകളില്‍ കൊടുത്ത കണക്കുകള്‍ ഈക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്.

സിപിഎം ചിക്കബല്ലാപുര ജില്ലാ സെക്രടറിയേറ്റ് അംഗമാണ് ബാഗേപളളിയില്‍ നാണംകെട്ടു തോറ്റ അനില്‍കുമാര്‍. ഇതിനുമുന്‍പ് മൂന്നു തവണ സിപിഎം ജയിച്ചുവന്ന മണ്ഡലമാണ് ബാഗേപള്ളി. 1983, 1994, 2004 തിരഞ്ഞെടുപ്പുകളിലാണ് മണ്ഡലത്തില്‍ ചെങ്കൊടി പാറിയത്. ബാഗേപള്ളിക്കു പുറമെ മറ്റ് മൂന്ന് സീറ്റിലും സിപിഎം മത്സരിച്ചിരുന്നു. ഗുല്‍ബര്‍ഗ റൂറല്‍, കെആര്‍ പുരം, കെജിഎഫ് മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്.

കെആര്‍ പുരയില്‍ സിപിഎം നോടയ്ക്കും പിറകില്‍ നാലാം സ്ഥാനത്താണ്. കെജിഎഫില്‍ ആകെ ആയിരം വോടാണ് നേടാനായത്. ഗുല്‍ബര്‍ഗയില്‍ 821 വോടും ലഭിച്ചു. നാണക്കേടിന്റെ പുതുചരിത്രമൊഴുതി കര്‍ണാടക തിരഞ്ഞെടുപ്പ് പര്യവസാനിപ്പിച്ചപ്പോള്‍ ബിജെപിയോടൊപ്പം ആത്മപരിശോധന നടത്തേണ്ട പാര്‍ടികളിലൊന്നാണ് സിപിഎം. ഇനിയും സത്യസന്ധമായ ആത്മപരിശോധനയ്ക്കു പാര്‍ടി തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ ചുമരില്‍ ഒട്ടിച്ചുവെച്ച ചിത്രങ്ങളിലൊന്നായി മാറും പാര്‍ടിയും നേതാക്കളും.

Keywords: Kannur News, Malayalam News, CPM News, Bagepalli News, Kannur News, Politics, Kerala Politics, Karnataka Election News, Setback for CPM in Bagepalli.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia