Advertisements | ജൂൺ 18 മുതൽ എല്ലാ പുതിയ പരസ്യങ്ങൾക്കും സത്യവാങ്മൂലം നിർബന്ധം; പോർട്ടലിൽ സംവിധാനം ഒരുക്കി കേന്ദ്ര സർക്കാർ
സാധുവായ സത്യവാങ്മൂല സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു പരസ്യവും അനുവദിക്കില്ല
ന്യൂഡെൽഹി: (KVARTHA) ഏതെങ്കിലും പരസ്യം പ്രസിദ്ധീകരിക്കുന്നതിനോ സംപ്രേക്ഷണം ചെയ്യുന്നതിനോ മുമ്പായി സത്യവാങ്മൂലം സമർപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ടിവി, റേഡിയോ വിഭാഗങ്ങൾക്കായി ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിലും പ്രിൻ്റ്, ഡിജിറ്റൽ/ഇൻ്റർനെറ്റ് പരസ്യങ്ങൾക്കായി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പോർട്ടലിലും പുതിയ ഫീച്ചർ അവതരിപ്പിച്ചു. പരസ്യദാതാവിൻ്റെ അല്ലെങ്കിൽ പരസ്യ ഏജൻസിയുടെ അംഗീകൃത പ്രതിനിധി ഒപ്പിട്ട സത്യവാങ്മൂലം ഈ പോർട്ടലുകൾ വഴി സമർപ്പിക്കണം.
ഫീച്ചർ ജൂൺ നാല് മുതൽ ലഭ്യമാകും. 2024 ജൂൺ 18നോ അതിനുശേഷമോ സംപ്രേക്ഷണം ചെയ്യുന്ന അല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ പുതിയ പരസ്യങ്ങൾക്കും പരസ്യദാതാക്കളും പരസ്യ ഏജൻസികളും സർട്ടിഫിക്കറ്റ് നേടിയിരിക്കണം. നിലവിലുള്ള പരസ്യങ്ങൾക്ക് സത്യവാങ്മൂലം ആവശ്യമില്ല. പരസ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ അടങ്ങിയിട്ടില്ലെന്നും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമം ഉൾപെടെ എല്ലാ പ്രസക്തമായ മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നതിനാണ് സത്യവാങ്മൂലം നിർബന്ധമാക്കിയിരിക്കുന്നത്.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം, സാധുവായ സത്യവാങ്മൂല സർട്ടിഫിക്കറ്റ് ഇല്ലാതെ ടെലിവിഷൻ, പ്രിൻ്റ് മീഡിയ, ഇൻ്റർനെറ്റ് എന്നിവയിൽ ഒരു പരസ്യവും അനുവദിക്കില്ല. സുതാര്യത, ഉപഭോക്തൃ സംരക്ഷണം, ഉത്തരവാദിത്തമുള്ള പരസ്യ രീതികൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് സുപ്രീം കോടതി നിർദേശമെന്നും എല്ലാ പരസ്യദാതാക്കളും പ്രക്ഷേപകരും പ്രസാധകരും ഈ നിർദേശം പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.