Rahul Gandhi | മോദിയുടെ ലോകത്ത് സത്യത്തെ നീക്കം ചെയ്യാം, യാഥാര്‍ഥ്യത്തില്‍ നിന്ന് സത്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ല; ലോക് സഭയിലെ പ്രസംഗഭാഗങ്ങള്‍ നീക്കം ചെയ്ത നടപടിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി


എല്ലാത്തിനും പൂര്‍ണാധികാരം ചെയറിന് ആയരിക്കുമ്പോള്‍ തന്നെ, അത് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണം
ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ അവതരിപ്പിക്കുക എന്നത് ഓരോ അംഗത്തിന്റേയും അവകാശം
ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭയിലെ കഴിഞ്ഞദിവസത്തെ തന്റെ പ്രസംഗഭാഗങ്ങള്‍ നീക്കംചെയ്ത നടപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ ലോകത്ത് സത്യത്തെ നീക്കംചെയ്യാം, എന്നാല്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് സത്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് സഭയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗത്തിലെ അഗ്‌നിവീര്‍, ഹിന്ദു, ബിജെപി, ആര്‍ എസ് എസ്, നീറ്റ് തുടങ്ങിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് സ്പീകറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു, അത് മുഴുവന്‍ യാഥാര്‍ഥ്യമാണ്. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നീക്കംചെയ്യാം. പക്ഷേ, സത്യം നിലനില്‍ക്കും', രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതിന് പിന്നാലെ രാഹുല്‍ സ്പീകര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിരുന്നു.
പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ പൂര്‍ണാധികാരം ചെയറിന് ആയരിക്കുമ്പോള്‍ തന്നെ, അത് സഭാ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും രാഹുല്‍ സ്പീകര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. തന്റെ പ്രസംഗത്തിലെ പ്രധാനഭാഗങ്ങള്‍ ഒഴിവാക്കിയ നടപടി ഞെട്ടിച്ചു. ഒഴിവാക്കിയ ഭാഗങ്ങള്‍ 380-ാം വകുപ്പ് പ്രകാരം നീക്കം ചെയ്യപ്പെടാനുള്ള സ്വഭാവമുള്ളതല്ല. യാഥാര്‍ഥ്യമാണ് താന്‍ സഭയില്‍ പറയാന്‍ ഉദ്ദേശിച്ചത്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ അവതരിപ്പിക്കുക എന്നത് ഓരോ അംഗത്തിന്റേയും അവകാശമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
പരാമര്‍ശങ്ങള്‍ ഒഴിവാക്കിയ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. ആരോപണങ്ങള്‍ക്കൊണ്ട് നിറഞ്ഞ അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിലെ ഒരു വാക്കുപോലും നീക്കം ചെയ്തില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നു. സെലക്ടീവായുള്ള നീക്കം ചെയ്യല്‍ യുക്തിക്ക് നിരക്കാത്തതാണെന്നും രാഹുല്‍ പരാമര്‍ശിച്ചു.