മംഗലാപുരം വിമാനദുരന്തത്തിന് നാളേക്ക് രണ്ടുവയസ്സ്; നഷ്ടപരിഹാരം ലഭിച്ചത് തുച്ഛമായ തുക
May 21, 2012, 12:25 IST
കാസര്‍കോട്: മംഗലാപുരം വിമാനദുരന്തത്തിന് നാളേക്ക് രണ്ടുവയസ്സ് തികയുന്നു. 158 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന് രണ്ടുവര്‍ഷം കഴിയുമ്പോഴും നഷ്ടപരിഹാരം എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. തുച്ഛമായ തുകയാണ് പലര്‍ക്കും ലഭിച്ചിട്ടുള്ളത്. 167 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ 9 പേര്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മരിച്ചവരില്‍ 51 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 136 മൃതദേഹം മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. 22 പേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. എട്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
ദുരന്തത്തിനിരയായവരില്‍ 140 ഓളം പേര്‍ക്കാണ് ഭാഗികമായ നഷ്ടപരിഹാരം ലഭിച്ചത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കിയതെന്നാണ് എയര്‍ഇന്ത്യ അവകാശപ്പെടുന്നത്. നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ് ഇതിന്റെ വിധി ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേസിന് പോയതിന് ലക്ഷങ്ങളാണ് ചിലവായതെന്ന് ദുരന്തത്തില്‍ മരിച്ച ആരിക്കാടിയിലെ മുഹമ്മദ് ഷാഫിയുടെ പിതാവ് അബ്ദുല്‍ സലാം പറയുന്നു.
2010 മേയ് 22 നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. അബ്ദുല്‍ സലാമാണ് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ചത്. ദുരന്തമുണ്ടായപ്പോള്‍ എയര്‍ ഇന്ത്യ പത്ത് ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും മംഗലാപുരത്തു വെച്ച് വിതരണം ചെയ്തിരുന്നു. പിന്നീട് കേരള സര്‍ക്കാര്‍ 3.2 ലക്ഷം രൂപ കാസര്‍കോട്ട് വിവിധ ചടങ്ങുകള്‍ നടത്തി വിതരണം ചെയ്തിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതിന് എയര്‍ ഇന്ത്യ ചുമതലപ്പെടുത്തിയത് മുംബൈയിലെ മുല്ല ആന്റ് മുല്ല കമ്പനിയെയാണ് കമ്പിനിയുടെ തലവന്‍ എച്ച്.ഡി.നാനാവതി മംഗലാപുരത്ത് ക്യാമ്പ് ചെയ്ത് ആശ്രിതരെ വിളിച്ചുവരുത്തി വിലപേശല്‍ നടത്തി നഷ്ടപരിഹാര തുക വിതരണം ചെയ്യുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നിരീക്ഷകനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും നിരീക്ഷകനും എയര്‍ ഇന്ത്യയുടെ ദല്ലാളായി മാറുകയായിരുന്നുവെന്നാണ് ആക്ഷേപം. ഗള്‍ഫ് മലയാളികളായ നിരവധി പേര്‍ ദുരന്തത്തില്‍ കത്തിയമര്‍ന്നെങ്കിലും കാസര്‍കോട്ട് ക്യാമ്പ് ചെയ്ത് കമ്പനിയെ കൊണ്ട് നഷ്ടപരഹാര തുക നല്‍കുന്നതില്‍ എം.പിയോ, മറ്റു ജനപ്രതിനിധികളോ, സര്‍ക്കാറോ ശ്രമിക്കാതിരുന്നതും പ്രതിഷേധത്തിന് കാരണമായിരുന്നു.
120 കോടി രൂപയായ നഷ്ടപരിഹാരയിനത്തില്‍ എയര്‍ ഇന്ത്യ നല്‍കിയത്. 22 ലക്ഷം രൂപ മുതല്‍ 55 ലക്ഷം രൂപവരെയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഗള്‍ഫിലെ വരുമാനവും കുടുംബ പശ്ചാത്തലവും നോക്കിയാണ് മുല്ല ആന്റ് മുല്ല കമ്പനി നഷ്ട പരിഹാരം നിശ്ചയിച്ചത്. ഇതിനായി ഗള്‍ഫില്‍ ജോലി ചെയ്ത കമ്പനിയില്‍ നിന്നുള്ള ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആശ്രിതരോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായപ്പോള്‍ മംഗലാപുരത്തെത്തിയ അന്നത്തെ വ്യോമയാന മന്ത്രി പ്രഫൂല്‍ പട്ടേല്‍ മോണ്ടിബ്രയര്‍ അന്താരാഷ്ട്ര കരാര്‍ അനുസരിച്ചുള്ള ഇന്‍ഷൂറന്‍സ് തുകയായ 75 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പകുതി പോലും ഭൂരിഭാഗം കുടുംബാംഗങ്ങള്‍ക്കും ലഭിച്ചില്ല.
അന്തരിച്ച കാസര്‍കോട്ടെ എന്‍.എ.സുലൈമാന്‍, മൊഗ്രാല്‍ പുത്തൂരിലെ മാഹിന്‍ കുന്നില്‍, ഏതാനും ചില പ്രവാസി സംഘടനകള്‍ എന്നിവര്‍ മാത്രമാണ് ദുരന്തത്തിനിരയായവര്‍ക്കു വേണ്ടി അല്‍പ്പമെങ്കിലും ശബ്ദിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഒത്തൊരുമയോടെ പൊരുതിയെ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് മംഗലാപുരം വിമാന ദുരന്തരുടെ ആശ്രതിര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ശബ്ദിക്കുന്നതിന് കഴിയാതെ പോയത് പരക്കെ ചര്‍ച്ചാവിഷയമായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട് കണ്ണീരുമായി കഴിയുന്ന ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ ഭരണകൂടമോ ജനപ്രതിനിധികളോ മറ്റു സംഘടനകളോ ശക്തമായ ശബ്ദം ഉയര്‍ത്താത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ബന്ധുക്കളും ആശ്രിതരും നാളെ അന്തിമോപചാരം അര്‍പ്പിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.