Penalty | റിലയൻസ് ഹോം ഫിനാൻസ് കേസിൽ അനിൽ അംബാനിയുടെ മകന് ഒരു കോടി രൂപ പിഴ ചുമത്തി സെബി
ന്യൂഡൽഹി: (KVARTHA) പൊതു ഉദ്ദേശ്യ കോർപ്പറേറ്റ് വായ്പകൾക്ക് (ജിപിസിഎൽ) അംഗീകാരം നൽകുന്നതിൽ വീഴ്ച വരുത്തിയതിന് വ്യവസായി അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അംബാനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഹോം ഫിനാൻസിൽനിന്ന് ഫണ്ട് വകമാറ്റിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റിലയൻസ് ഹോം ഫിനാൻസിന്റെ മുൻ ചീഫ് റിസ്ക് ഓഫീസർ കൃഷ്ണൻ ഗോപാലകൃഷ്ണന് 15 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
ജിപിസിഎൽ അംഗീകാരം നൽകുന്നതിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ.
കമ്പനിയുടെ നിക്ഷേപകരുടെ താൽപര്യങ്ങൾ പരിഗണിക്കാതെ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ ജയ് അൻമോൽ വായ്പകൾ അനുവദിച്ചുവെന്നാണ് സെബിയുടെ നോട്ടീസിൽ പറയുന്നത്. ഡയറക്ടർ എന്ന നിലയിൽ പാലിക്കേണ്ട ധാർമ്മിക ബോധം പുലർത്തിയില്ലെന്നും സെബി കണ്ടെത്തി.
അൻമോൽ കമ്പനിയെ സ്വന്തം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു, ഡയറക്ടർ പദവിയുടെ പരിധികൾ ലംഘിച്ചു. കോർപ്പറേറ്റ് ലോണുകൾ അനുവദിക്കുന്നതിൽ വലിയ അശ്രദ്ധ കാണിച്ചുവെന്നും സെബി കുറ്റപ്പെടുത്തി. വിസ ക്യാപിറ്റൽ പാർട്ണേഴ്‌സിന് 20 കോടി രൂപയും അക്യുറ പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് 20 കോടി രൂപയും സുരക്ഷിതമല്ലാത്ത വായ്പയ്ക്ക് ജയ് അൻമോൾ അനുമതി നൽകിയതായി സെബി പറഞ്ഞു.
നേരത്തെ റിലയൻസ് ഹോമിൽ നിന്ന് ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ സെബി പിഴ ചുമത്തിയിരുന്നു. കൂടാതെ അഞ്ച് വർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസിൻ്റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങൾക്കും വിലക്കും പിഴയും അന്ന് ചുമത്തിയിരുന്നു.
#JaiAnmolAmbani #SEBI #CorporateLoans #FinanceNews #RegulatoryAction #Reliance