Search | ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ; ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതം; സൈന്യവും സ്ഥലത്തേക്ക്; മുഖ്യമന്ത്രിയുമെത്തും


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷിരൂർ: (KVARTHA) ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെത്തി. രാവിലെയോടെ സൈന്യവും തിരച്ചിലിന് ഒപ്പം ചേരും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയോടെ സ്ഥലത്ത് എത്തുമെന്നാണ് അറിയുന്നത്. ആറാം ദിനത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമായി തുടരുകയാണ്.

അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തിൽ നീക്കം ചെയ്യുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ടിപ്പർ ലോറികളും മറ്റ് ഉപകരണങ്ങളും പ്രദേശത്തെത്തിച്ചിട്ടുണ്ട്. മണ്ണ് വേഗത്തിൽ നീക്കം ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രാഈൽ സ്ഥലത്തുനിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം, ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മാറുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി 10 മണി വരെ നീണ്ടുനിൽക്കേണ്ടിയിരുന്ന തിരയല്‍ രാത്രി 8:30 ന് നിർത്തിവെച്ചിരുന്നു.
ഷിരൂരിലെ രക്ഷാദൗത്യം വേഗത്തിലാക്കുന്നതിനായി ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 സൈനികരാണ് സ്ഥലത്തെത്തുക. ദുരന്തസ്ഥലത്തെ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഐഎസ്ആർഒയുടെ സംഘവും സ്ഥലത്ത് എത്തുമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നുള്ള ശക്തമായ സമ്മർദം രക്ഷാപ്രവർത്തനത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.