കോവിഡ് വ്യാപനം: ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com 08.05.2021) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവും സുപ്രീംകോടതി ഇറക്കി. 

ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാനാണ് കോടതിയുടെ നിര്‍ദേശം. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
കോവിഡ് വ്യാപനം: ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി
കഴിഞ്ഞ തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരുടെ അപേക്ഷ വീണ്ടും ഉന്നത അധികാര സമിതി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥ ഉന്നത അധികാര സമിതിക്ക് തീരുമാനിക്കാം. ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ സര്‍കാരിന്റെയും ഹൈകോടതികളിലൂടെയും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഉന്നതാധികാര സമിതി നിലവിലില്ലാത്ത സംസ്ഥാനങ്ങളില്‍ ഉടന്‍ സമിതി രൂപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് ജയില്‍ മോചനം ഉള്‍പെടെ അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച് രൂപികൃതമായ ഉന്നതാധികാര സമിതി കഴിഞ്ഞ വര്‍ഷം ജയിലില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതി ലഭിച്ചവര്‍ക്ക് വീണ്ടും അടിയന്തിരമായി പുറത്ത് ഇറങ്ങാനുള്ള നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നവര്‍ക്ക് ലോക്ഡൗണ്‍, കര്‍ഫ്യൂ എന്നിവയുടെ പശ്ചാത്തലത്തില്‍ യാത്രാ സൗകര്യം ഒരുക്കാനും ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു. ജാമ്യത്തിലോ, പരോളിലോ വിടാന്‍ കഴിയാത്തവര്‍ക്ക് മെച്ചപ്പെട്ട വൈദ്യ സഹായവും ചികത്സയും ഉറപ്പാക്കണം. ജയില്‍ പുള്ളികളെയും ജയില്‍ ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

നിലവില്‍ രാജ്യത്തെ ജയിലുകളില്‍ നാല് ലക്ഷത്തില്‍ അധികം ജയില്‍ പുള്ളികളാണുള്ളത്. ജയിലുകള്‍ നിറയുന്നത് ഇന്ത്യ ഉള്‍പെടെ ഉള്ള രാജ്യങ്ങളെ പകര്‍ച്ചവ്യാധി പോലെ ബാധിക്കുന്ന വിഷയമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഡെല്‍ഹി മാതൃകയില്‍ ജയിലില്‍ പാര്‍പിച്ചിരിക്കുന്നവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Keywords:  SC orders release of prisoners to decongest jails amid Covid-19 second wave, New Delhi, Supreme Court of India, Jail, Lockdown, Treatment, High Court, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia