Legal Restriction | കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
● ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിലയിരുത്തല്‍
● നിലപാട് അറിയിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നോട്ടീസ്
● തീരുമാനം അഭിഭാഷകനായ മുഹമ്മദ് കമ്രാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ
ന്യൂഡെല്‍ഹി: (KVARTHA) കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണെന്ന് പറഞ്ഞ കോടതി ഒരു അഭിഭാഷകന് താനൊരു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ആണെന്ന് പറയാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിലയിരുത്തല്‍.
പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകന്‍ മറ്റൊരു ജോലി ചെയ്യാന്‍ പാടില്ലെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ബിജെപി മുന്‍ എംപി ബ്രിജ് ഭൂഷണ്‍ ശരണിനെതിരായ ക്രിമിനല്‍ മാനനഷ്ട കേസ് റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി ചോദ്യം ചെയ്ത് അഭിഭാഷകനായ മുഹമ്മദ് കമ്രാന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
അഭിഭാഷകനായ താന്‍ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണെന്ന് കമ്രാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കമ്രാന് ഒന്നുകില്‍ അഭിഭാഷകനായോ അല്ലെങ്കില്‍ ഫ്രീ ലാന്‍സ് മാധ്യമ പ്രവര്‍ത്തകനായോ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
#SupremeCourt #LegalEthics #MediaFreedom #Lawyers #India