Legacy | സരോജിനി നായിഡു വിട വാങ്ങിയിട്ട് 76 വർഷം; ഇന്ത്യയുടെ സ്വന്തം വാനമ്പാടി


● കോൺഗ്രസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായിരുന്നു
● ഇന്ത്യയുടെ ആദ്യത്തെ വനിതാ ഗവർണർ കൂടിയായിരുന്നു
● ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
● ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ചു.
(KVARTHA) സ്വാതന്ത്ര്യ സമര സേനാനി, കവയിത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 44-ാമത് പ്രസിഡണ്ട്, അദ്ധ്യക്ഷയാവുന്ന ഇന്ത്യക്കാരിയായ ആദ്യ വനിത, ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിത ഇങ്ങനെ നിരവധി നേട്ടങ്ങൾക്ക് ഉടമയായ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡു ഈ ലോകത്തോട് വിടവാങ്ങിയിട്ട് മാർച്ച് ഒന്നിന് 76 വർഷം. മഹാത്മാഗാന്ധിയുമായി വളരെ വ്യക്തിപരമായ അടുപ്പം പുലർത്തിയിരുന്ന സരോജിനി നായിഡു സ്നേഹപൂർവം ഗാന്ധിജിയെ മിക്കി മൗസ് എന്നാണ് വിളിച്ചിരുന്നത്.
പദ്യ ഗദ്യ സാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി 'ഭാരതകോകിലം' എന്ന പേരും നൽകിയിട്ടുണ്ട്
ഉപ്പ് സത്യാഗ്രഹ യാത്രയിൽ വനിതകളുടെ പ്രാതിനിധ്യത്തെ മഹാത്മജി എതിർത്തപ്പോൾ സരോജിനി നായിഡു തന്റെ കർശനമായ നിലപാട് ഉപയോഗിച്ചാണ് സ്ത്രീ സാന്നിദ്ധ്യം ഉറപ്പുവരുത്തിയതും ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹ യാത്രയിൽ അനുഗമിച്ചതും. ഗാന്ധി, അബ്ബാസ് ത്യാബ്ജി, കസ്തൂർബാ ഗാന്ധി എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ സരോജിനി നായിഡുവാണ് സത്യാഗ്രഹം നയിക്കുകയുണ്ടായത്.
സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ ദേശീയ വനിതാദിനമായിട്ടാണ് ആചരിക്കുന്നത് .
ബംഗാളിൽ നിന്നും ഹൈദരാബാദിലേക്ക് കുടിയേറിയ ബ്രാഹ്മണ കുടുംബത്തിൽ 1879 ഫെബ്രുവരി 13-നാണ് സരോജിനി ജനിച്ചത്. മിശ്രവിവാഹം അസാധാരണമായിരുന്ന കാലത്ത്, ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട് അബ്രാഹ്മണനായ ഗോവിന്ദ രാജമോർ നായിഡുവിനെ വിവാഹം കഴിച്ചതോടെ ഇവർ സരോജിനി നായിഡുവായി.
സരോജിനി നായിഡു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുന്നണി പോരാളിയായി ദേശീയ ധാരയുടെ ഭാഗമായി സ്വാതന്ത്രസമര പോരാട്ടം നയിച്ചുവെങ്കിൽ സഹോദരങ്ങൾ മുഴുവൻ സ്വാതന്ത്രസമര പോരാട്ട മേഖലയിലെ കമ്മ്യൂണിസ്റ്റ് ചിന്താധാര വഴി കടന്നു വന്നവരാണ്. വീരേന്ദ്രനാഥ് ചതോപാധ്യായ, ഹരീന്ദ്രനാഥ് ചതോപാധ്യായ എന്നീ രണ്ട് സഹോദരങ്ങൾ ഇന്ത്യക്കും പുറത്തും വിപ്ലവം നയിച്ചവരാണ്. സഹോദരിയായിരുന്ന സുഹാസിനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ ആദ്യ വനിത അംഗം ആയിരുന്നു. തലശ്ശേരി സ്വദേശിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ സി എൻ നമ്പ്യാരുടെ ഭാര്യ കൂടിയാണ് സുഹാസിനി.
ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായ സരോജിനി നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു. റൗലത്ത് ആക്റ്റിൽ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയ പ്രവർത്തകയായ അവർ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ നിർണായക പങ്കുവഹിക്കുകയുണ്ടായി. ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു.
ദണ്ഡിയാത്രയിൽ (1930) പുരുഷന്മാരെ മാത്രം ഉൾപ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടൽ മൂലം സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുവാൻ ഗാന്ധിജി തയ്യാറായി. ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദർശനയിലുള്ള ഉപ്പു പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാൻ ഗാന്ധിജി നിശ്ചയിച്ചെങ്കിലും ദർശനയിലേക്ക് മാർച്ച് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. തുടർന്ന് ദർശനയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത് നായിഡുവാണ്.
ഉത്തർപ്രദേശിലെ ഗവർണർപദവിയിലിരിക്കെ 1949 മാർച്ച് രണ്ടിന് തന്റെ എഴുപതാമത് വയസ്സിൽ ഹൃദയ സ്തംഭനത്താലാണ് ഇന്ത്യൻ രാഷ്ട്രീയ നഭസിലെ വെള്ളിനക്ഷത്രമായ സരോജിനി നായിഡു ഈ ലോകത്തോട് വിട പറയുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Sarojini Naidu, known as the "Nightingale of India," played a pivotal role in India’s freedom struggle and served as the first woman president of the Indian National Congress and first woman governor of an Indian state.
#SarojiniNaidu #WomenInHistory #IndependenceMovement #NationalWomensDay #IndianLeaders #NightingaleOfIndia