Appointment | സഞ്ജീവ് ഖന്ന അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; 11 ന് ചുമതല ഏല്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
● കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ഇക്കാര്യം അറിയിച്ചത്
● നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കും
● ചീഫ് ജസ്റ്റിസ് പദവിയില്‍ സഞ്ജീവ് ഖന്ന ആറുമാസം ഉണ്ടാകും
● സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആണ്
ന്യൂഡെല്‍ഹി: (KVARTHA) സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ 11-ന് സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖന്ന ചുമതലയേല്‍ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ഇക്കാര്യം അറിയിച്ചത്.
നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയര്‍ ജഡ്ജിയെ തന്റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. നിയമ മന്ത്രാലയത്തിനുള്ള ശുപാര്‍ശ കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.
2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13-നാണ് വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹം ആറുമാസം ഉണ്ടാകും. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആണ്.
ഡെല്‍ഹി ഹൈകോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡെല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദമെടുത്തശേഷം ഡെല്‍ഹിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005-ല്‍ ഡെല്‍ഹി ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. അടുത്തവര്‍ഷം ഡെല്‍ഹി ഹൈകോടതിയില്‍ സ്ഥിരം ജഡ്ജിയുമായി.
#SanjivKhanna #ChiefJusticeOfIndia #SupremeCourt #IndianJudiciary #DYChandrachud #Law