Warning | 'ജീവനോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം, അല്ലെങ്കില്‍ 5 കോടി നല്‍കണം'; സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി
● 'പിന്നില്‍ പ്രവര്‍ത്തിച്ചത് ജയിലില്‍ കിടക്കുന്ന ലോറന്‍സ് ബിഷ് ണോയ് യുടെ സഹോദരന്‍'
● സന്ദേശത്തെ പൊലീസ് എടുത്തിരിക്കുന്നത് അതീവ ഗൗരവത്തില്‍
● വര്‍ലി പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
● സല്‍മാന്റെ വീടിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു
മുംബൈ:(KVARTHA) ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട് സ് ആപ്പ് നമ്പറിലേക്ക് തിങ്കളാഴ്ച രാത്രിയാണ് വധഭീഷണി സന്ദേശം എത്തിയത്. ജയിലില്‍ കിടക്കുന്ന ലോറന്‍സ് ബിഷ് ണോയ് യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. സന്ദേശത്തെ അതീവ ഗൗരവത്തിലാണ് പൊലീസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ വര്‍ലി പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സന്ദേശം അയച്ച നമ്പര്‍ കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം. 'ഇതു ലോറന്‍സ് ബിഷ്‌ണോയ് യുടെ സഹോദരനാണ്. സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്' - എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
പത്തു ദിവസത്തിനിടെ നടനുനേരെ ഉയരുന്ന മൂന്നാമത്തെ വധഭീഷണിയാണിത്. ഒക്ടോബര്‍ മുപ്പതിനും മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് സല്‍മാനെതിരെ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. രണ്ടുകോടി രൂപയാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം സല്‍മാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദീഖിയുടെ മകന്‍ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ 20 കാരന്‍ ഗഫ് റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിക്കടിയുള്ള വധഭീഷണിക്ക് പിന്നാലെ സല്‍മാന്റെ വീടിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് സല്‍മാന് നേരത്തെയും വധഭീഷണി ലഭിച്ചിരുന്നു.
ലോറന്‍സ് ബിഷ് ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ചു കോടി രൂപയാണ് അന്ന് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജംഷഡ് പൂരില്‍ നിന്നുള്ള പച്ചക്കറി വില്‍പനക്കാരനായ ഷെയ്ഖ് ഹുസൈന്‍ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലപ്പെട്ട ബാബ സിദ്ദീഖി സല്‍മാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ലോറന്‍സ് ബിഷ് ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്.
#SalmanKhan #DeathThreat #Bollywood #MumbaiPolice #LawrenceBishnoi #BreakingNews