Sachin Tendulkar | 'കായികലോകത്തിന്റെ ദൈവം, വനിതാ താരങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയി'; മൗനം വെടിഞ്ഞ് അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സചിന്‍ തെന്‍ഡുല്‍കറുടെ വീടിന് മുന്നില്‍ ഫ്‌ളെക്‌സ് പതിപ്പിച്ച് യൂത് കോണ്‍ഗ്രസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ക്രികറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍കര്‍ക്കെതിരെ പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ്.

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മറ്റ് കായിക താരങ്ങളുടെ ഭാഗത്തുനിന്നോ, സിനിമാ മേഖലയില്‍ നിന്നോ ഇതുവരെ യാതൊരുവിധ പിന്തുണയും ലഭിക്കാത്തതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം ആവശ്യപ്പെട്ട് സചിന്റെ വീടിന് മുന്നില്‍ യൂത് കോണ്‍ഗ്രസ് ഫ്‌ളെക്‌സ് സ്ഥാപിച്ചത്. ഇതു പിന്നീട് പൊലീസ് നീക്കം ചെയ്തു.

'സചിന്‍ തെന്‍ഡുല്‍കര്‍, താങ്കള്‍ ഭാരത രത്‌ന സ്വീകരിച്ച ആളാണ്, മുന്‍ എംപിയും ഇതിഹാസ ക്രികറ്റ് താരവുമാണ്. എന്നാല്‍ ഗുസ്തി പരിശീലകര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളില്‍ താങ്കള്‍ എന്താണ് പ്രതികരിക്കാത്തത്?

വര്‍ഷങ്ങളായി ഗുസ്തി താരങ്ങള്‍ പീഡനത്തിനിരയാകുന്നു. താങ്കളുടെ വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. അത് ഈ പെണ്‍കുട്ടികളെ സഹായിക്കാന്‍ ഉപയോഗിച്ചു കൂടെ? ദയവായി ശബ്ദിക്കൂ, അവര്‍ക്ക് നീതി വാങ്ങിനല്‍കൂ.' എന്നെഴുതിയ ഫ് ളക്‌സാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സചിന്റെ വസതിക്കു മുന്നില്‍ സ്ഥാപിച്ചത്. കായികലോകത്ത് നിങ്ങള്‍ ദൈവമാണെന്നും എന്നാല്‍ വനിതാ താരങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയെന്നും പോസ്റ്ററില്‍ ചോദിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പെടെ ഏഴു വനിതാ താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായില്ലെന്ന് കാട്ടിയാണ് ഏപ്രില്‍ 23ന് താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിക്കുന്നത്. തുടര്‍ന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡെല്‍ഹി പൊലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തു. പോക്‌സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആദ്യത്തെ കേസ്.

രണ്ടാമത്തെ കേസില്‍ ബ്രിജ് ഭൂഷനെയും റെസ്ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രടറി വിനോദ് തോമറിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 354എ(ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുക), 354ഡി(ശല്യപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണ് രണ്ടാമത്തെ എഫ് ഐ ആറില്‍ ചേര്‍ത്തിരിക്കുന്നത്.

2012 മുതല്‍ 2022 വരെയുള്ള സമയത്തായി പല തവണ ബ്രിജ് ഭൂഷന്‍ ശല്യപ്പെടുത്തിയെന്നാണ് പരാതി. നാലുതവണ അതിക്രമമുണ്ടായത് അശോക റോഡിലെ ബ്രിജ് ഭൂഷന്റെ എംപി വസതിയിലാണ്. റെസ്ലിങ് ഫെഡറേഷന്‍ ഓഫിസും ഇതു തന്നെയാണ്.

ഇക്കഴിഞ്ഞ മെയ് 28 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങള്‍ക്ക് നേരെ പൊലീസ് ക്രൂരമായ നടപടികള്‍ കൈകൊണ്ടിരുന്നു. സമരം ചെയ്ത താരങ്ങളെ കസ്റ്റഡിയിലെടുക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തുവെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. മാത്രമല്ല താരങ്ങളുടെ സമരപന്തല്‍ പൊളിച്ചു മാറ്റുകയും ചെയ്തു.

Sachin Tendulkar | 'കായികലോകത്തിന്റെ ദൈവം, വനിതാ താരങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയി'; മൗനം വെടിഞ്ഞ് അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സചിന്‍ തെന്‍ഡുല്‍കറുടെ വീടിന് മുന്നില്‍ ഫ്‌ളെക്‌സ് പതിപ്പിച്ച് യൂത് കോണ്‍ഗ്രസ്

തുടര്‍ന്ന് തങ്ങള്‍ക്ക് കിട്ടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ പിന്തിരിപ്പിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ പിന്മാറുകയായിരുന്നു. താരങ്ങളുടെ കയ്യില്‍നിന്നു മെഡലുകള്‍ ഏറ്റുവാങ്ങിയ കര്‍ഷകനേതാവും ഖാപ്പ് പഞ്ചായത് തലവനുമായ നരേഷ് ടികായത് അഞ്ചു ദിവസത്തെ സാവകാശം തേടുകയും ചെയ്തു. 

Keywords:  Sachin Tendulkar questioned by Mumbai Youth Congress for silence on wrestlers' protest, Mumbai, News, Trending, Sachin Tendulkar, Protest, Wrestlers, Youth Congress, Flex, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia