BBC raid | ബിബിസി ഓഫീസുകളിലെ റെയ്ഡ്; വിഷയം ഉന്നയിച്ച് ബ്രിടന്‍; നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ഇന്‍ഡ്യ

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിബിസിയുടെ മുംബൈ, ഡെല്‍ഹി ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്ത സംഭവം കേന്ദ്ര സര്‍കാരിനു മുന്നില്‍ അവതരിപ്പിച്ച് ബ്രിടന്‍. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായുള്ള ചര്‍ചയില്‍ ബ്രിടിഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവര്‍ലിയാണ് ബിബിസി റെയ്ഡ് വിഷയം ഉന്നയിച്ചത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഇന്‍ഡ്യയില്‍ എത്തിയതായിരുന്നു അദ്ദേഹം.

BBC raid | ബിബിസി ഓഫീസുകളിലെ റെയ്ഡ്; വിഷയം ഉന്നയിച്ച് ബ്രിടന്‍; നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ഇന്‍ഡ്യ

രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്ന മറുപടിയാണ് ജയിംസ് ക്ലെവര്‍ലിക്ക് വിദേശകാര്യ മന്ത്രി മറുപടി നല്‍കിയത്. ബിബിസിയുടെ ഓഫിസുകളില്‍ നടത്തിയ 58 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് പരിശോധന അവസാനിച്ചത്. ബിബിസി ഗ്രൂപില്‍പ്പെട്ട പല കംപനികളുടെയും കണക്കില്‍ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്‍ഡ്യയിലെ പ്രവര്‍ത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യവിഭാഗം, കണ്ടന്റ് ഡവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ടവരുടെ മൊഴികളാണ് എടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2002 ലെ ഗുജറാത് കലാപത്തെക്കുറിച്ചുമുള്ള ഡോകുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ആദായ നികുതി വകുപ്പ് ബിബിസിയുടെ ഓഫിസുകളില്‍ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ടികളും രംഗത്തെത്തിയിരുന്നു.

Keywords: Rules for all, Jaishankar tells UK minister as he raises BBC raid row, New Delhi, News, Politics, Raid, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia