Compensation | തെറ്റായ രീതിയില്‍ മുടിവെട്ടി: മോഡലിന്റെ പരാതിയില്‍ 2കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍; അമിതമെന്ന് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) തെറ്റായ രീതിയില്‍ മുടിവെട്ടിയെന്ന മോഡലിന്റെ പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍. സംഭവത്തില്‍ ഇടപെട്ട സുപ്രീംകോടതി രണ്ട് കോടി രൂപ നഷ്ടപരിഹാരം അമിതമാണെന്ന് ചൂണ്ടിക്കാട്ടുകയും നടപടി പുന:പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഉപഭോക്താവിന്റെ വാദങ്ങള്‍ മാത്രം പരിഗണിച്ച് തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Compensation | തെറ്റായ രീതിയില്‍ മുടിവെട്ടി: മോഡലിന്റെ പരാതിയില്‍ 2കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍; അമിതമെന്ന് സുപ്രീംകോടതി

മോഡലിങ്ങിലും പരസ്യ മേഖലയിലുമുള്ള ഒരാളുടെ ജീവിതത്തില്‍ മുടിക്കുള്ള പ്രാധാന്യത്തെ കുറിച്ച് ഉപഭോക്തൃ കമീഷന്‍ ചര്‍ച ചെയ്തിട്ടുണ്ട്. എന്നാല്‍, നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ ഉപഭോക്താവിന്റെ വാദങ്ങള്‍ മാത്രം പരിഗണിച്ചാവരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

അഷ്‌ന റോയ് എന്ന മോഡലാണ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് പരാതി നല്‍കിയത്. ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാക്കിയെന്നും മുടി വളരുന്നതിന് നല്‍കിയ ചികിത്സയില്‍ പിഴവുകള്‍ സംഭവിച്ചുവെന്നും കാണിച്ച് ആഡംബര ഹോടെല്‍ ശൃംഖലയായ ഐടിസി മൗര്യക്കെതിരെയായിരുന്നു പരാതി.

സംഭവം ഇങ്ങനെ:

2018 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു അഭിമുഖത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുടിയുടെ നീളം കുറക്കാന്‍ വേണ്ടിയാണ് യുവതി ഹോടെലിലെത്തിയത്. മോഡലിന്റെ മുടി സ്ഥിരമായി മുറിക്കുന്ന സ്‌റ്റൈലിസ്റ്റ് അവിടെ ഇല്ലെന്നും പകരം മറ്റൊരാളെ നല്‍കാമെന്നും സലൂണ്‍ അധികൃതര്‍ അറിയിച്ചു.

ഈ ജീവനക്കാരിയുടെ സേവനത്തില്‍ യുവതി നേരത്തേ പരാതി ഉന്നയിച്ചിരുന്നു. അക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ജീവനക്കാരി ഇപ്പോള്‍ ജോലിയില്‍ മെച്ചപ്പെട്ടുവെന്ന് സലൂണ്‍ മാനേജരുടെ മറുപടി നല്‍കി. തുടര്‍ന്ന് മുടി മുറിക്കാന്‍ ജീവനക്കാരിക്ക് യുവതി അനുമതി നല്‍കി. മുടി എങ്ങനെ മുറിക്കണമെന്നത് സംബന്ധിച്ച് യുവതി ജീവനക്കാരിക്ക് കൃത്യമായി നിര്‍ദേശം നല്‍കി.

മുടി നാലിഞ്ച് വെട്ടാനും പറഞ്ഞു. എന്നാല്‍ ഇതിന് വിപരീതമായി വെറും നാലിഞ്ച് മാത്രം ബാക്കിവെച്ച് മുടി മുറിക്കുകയായിരുന്നു. ഇതോടെ കഷ്ടിച്ച് തോളൊപ്പമായി മുടിയുടെ നീളം. മുടി മുറിച്ചതിലെ അപാകതയെക്കുറിച്ച് സലൂണ്‍ മാനേജരോട് യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ മുടി കൂടുതല്‍ കേടായി. ചികിത്സക്ക് ഉപയോഗിച്ച രാസവസ്തു കാരണം തലയോട്ടിയിലെ ചര്‍മം കരിയുകയും തലയോട്ടിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് 2021 സെപ്റ്റംബറിലാണ് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധിച്ചത്. ഇതാണ് ഇപ്പോള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Keywords: Rs 2 Crore Compensation For Bad Haircut Excessive : Supreme Court Asks NCDRC To Decide Model's Claim Afresh, New Delhi, News, Supreme Court of India, Compensation, Complaint, Hotel, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia