ശ്രീരംഗപട്ടണം ജുമാമസ്ജിദ് പൊളിക്കാൻ ആഹ്വാനം ചെയ്ത ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ ഋഷികുമാർ സ്വാമി റിമാൻഡിൽ

 


മംഗ്ളുറു: (www.kvartha.com 19.01.2022) മാണ്ട്യ ജില്ലയിൽ ശ്രീരംഗപട്ടണം ടൗണിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ജുമാമസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയണം എന്ന് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ ചികമംഗളൂറു അരസികെരെ കാളി മഠാധിപതി ഋഷികുമാർ സ്വാമിയെ കോടതി റിമാൻഡ് ചെയ്തു. സ്വാമിയുടെ അഭിഭാഷകൻ ബലരാജ് സമർപിച്ച ജാമ്യഹരജി ചിക്കമംഗളൂറു ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളി. മതവിദ്വേഷം പ്രകടിപ്പിക്കുകയല്ല ചരിത്രം ഓർമയിൽ കൊണ്ടുവരുക മാത്രമാണ് സ്വാമി ചെയ്തതെന്ന അഭിഭാഷകന്റെ വാദത്തെ സർകാർ അഭിഭാഷകൻ ശക്തമായി ഖണ്ഡിച്ചു.

  
ശ്രീരംഗപട്ടണം ജുമാമസ്ജിദ് പൊളിക്കാൻ ആഹ്വാനം ചെയ്ത ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ ഋഷികുമാർ സ്വാമി റിമാൻഡിൽ



കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് മസ്ജിദ്. സ്വാമി തന്റെ ഫേസ്ബുകിൽ വിവാദ ആഹ്വാനം നടത്തിയത് ശ്രദ്ധയിൽ പെട്ട ആർകിയോളജികൽ സർവേഓഫ് ഇൻഡ്യ സെക്യൂരിറ്റി സൂപെർ വൈസർ യതിരാജുവാണ് പൊലീസിൽ പരാതി നൽകിയത്. പുരാവസ്തു രേഖകൾ പ്രകാരം 1786 കാലഘട്ടത്തിൽ ടിപ്പുസുൽത്താൻ പണികഴിപ്പിച്ചതാണ് മസ്ജിദ്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഉച്ച ഒന്നരയോടെ മസ്ജിദിന്റെ പശ്ചാത്തലത്തിൽ സ്വാമി ചെയ്ത വീഡിയോ ഫേസ്ബുകിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഹനുമാൻ ക്ഷേത്രത്തിന് മുകളിലാണ് പള്ളി പണിതതെന്ന് ഋഷികുമാര സ്വാമി അവകാശപ്പെട്ടു. തൂണുകളും ചുമരുകളും അംഗശുദ്ധി വരുത്താനുള്ള നീർത്തടവും ക്ഷേത്രത്തിന്റേതാണെന്ന് ആർക്കും ബോധ്യമാകും. അയോധ്യയിൽ ബാബ് രി മസ്ജിദ് എന്ന പോലെ ഇതും പൊളിച്ച് ക്ഷേത്രം പണിയാൻ ഒട്ടും അമാന്തം അരുത്-പോസ്റ്റിൽ പറഞ്ഞു.

മതസ്പർധ ഉണർത്താനും ചരിത്രത്തിൽ ദുഷ്ടത കലർത്താനും ശ്രമം നടത്തി തുടങ്ങിയ കുറ്റം ആരോപിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് ചികമംഗളൂറിൽ അറസ്റ്റിലായ സ്വാമിക്കെതിരെ കേസെടുത്തത്.
പരാതി ലഭിച്ചതിന് പിന്നാലെ ശ്രീരംഗപട്ടണം സർക്ൾ ഇൻസ്പെക്ടർ പുനീതിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ചികമംഗളൂറിൽ ചെന്ന് സ്വാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി ചൊവ്വാഴ്ച പുലർചെ ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുവന്ന് ജനറൽ ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് ഉൾപെടെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.


ബെംഗ്ളൂറിൽ ഈയിടെ വാഹന അപകടത്തിൽ മരിച്ച ടിവി റിയാലിറ്റി ഷോ ബാലതാരം സമൻവി നായിഡുവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് സ്വാമി ഋഷികുമാർ ശ്രീരംഗപട്ടണം ജുമാമസ്ജിദ് വീഡിയോയിൽ പകർത്തി വിവാദ കമന്റുകളോടെ ഫേസ്ബുകിൽ പോസ്റ്റ് ചെയ്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia