Rishabh Pant | ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും 2023 ഐപിഎല്ലിലും റിഷഭ് പന്തിന് കളിക്കാനാകില്ല; വിദഗ്ധ ഡോക്ടർ പറയുന്നതിങ്ങനെ
Dec 31, 2022, 16:48 IST
ഡെറാഡൂൺ: (www.kvartha.com) കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്, ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ബംഗ്ലാദേശിനെതിരെയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പന്ത് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. വെള്ളിയാഴ്ച രാവിലെ റൂർക്കിക്ക് സമീപം കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് പരുക്കേറ്റത്.
ദൗർഭാഗ്യകരമായ അപകടത്തിൽ താരത്തിന് നിരവധി പരുക്കുകൾ പറ്റിയെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്, ഇപ്പോൾ ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബിസിസിഐ നൽകിയ ഔദ്യോഗിക വിവരം അനുസരിച്ച്, പന്തിന്റെ നെറ്റി, വലതു കാൽമുട്ടിലെ ലിഗമെന്റ്, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരലുകൾ, പുറക് വശം എന്നിവിടങ്ങളിലാണ് പരുക്കേറ്റിട്ടുള്ളത്.
ലിഗമെന്റിന്റെ പരിക്ക് ഭേദമാകാൻ മൂന്ന് മുതൽ ആറ് മാസം വരെ സമയം വേണ്ടിവരുമെന്ന് എയിംസ് ഋഷികേശിലെ സ്പോർട്സ് ഇൻജുറി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഡോക്ടറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് ചെയ്തു. പന്ത് ഒരു പ്രൊഫഷണൽ ക്രിക്കറ്ററാണ്. അതിനാൽ പരിക്കിൽ നിന്ന് മോചിതനായ ശേഷം, പഴയ അതേ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കളത്തിലേക്ക് മടങ്ങുന്ന സമയം വ്യത്യസ്തമായിരിക്കും.
പൂർണ ആരോഗ്യം നേടുന്നതിന് പന്തിന് ആറ് മാസമെടുക്കുകയാണെങ്കിൽ, ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിലും കളിക്കാൻ കഴിഞ്ഞേക്കില്ല. 25 കാരനായ പന്ത് ടെസ്റ്റ് ഫോർമാറ്റിൽ ടീം ഇന്ത്യയുടെ പ്രധാന കളിക്കാരനാണ്. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് ഇദ്ദേഹം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരായ നാല് ടെസ്റ്റ് പരമ്പര പ്രധാനമാണ്. പരമ്പര ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും. പന്തിന്റെ അഭാവത്തിൽ കെഎസ് ഭാരതിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും.
Keywords: Rishabh Pant set to miss upcoming Test series against Australia, entire IPL 2023, National,News,Top-Headlines,Dehra Dun,Australia,IPL,Cricket,Player,Injured,Car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.