Health | സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വിഹിതം ഉയരുന്നു, സാമൂഹിക സുരക്ഷാ ആരോഗ്യ ചിലവുകളുടെ വിഹിതം കുറയുന്നു, കാരണം എന്താണ്?

 
Rise in Private Health Insurance Amid Declining Public Spending
Rise in Private Health Insurance Amid Declining Public Spending

Representational Image Generated by Meta AI

● 2021-22 ലെ ആരോഗ്യ ബജറ്റ് 2.3% ആയി കുറഞ്ഞു.
● സ്വകാര്യ ഇന്‍ഷുറന്‍സിന്റെ വിഹിതം 7.4% ആയി വർദ്ധിച്ചു.
● പലർക്കും ആധുനിക ചികിത്സ ലഭിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.

അർണവ് അനിത 

(KVARTHA) 2020-21, 2021-22 വര്‍ഷങ്ങളിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ബജറ്റ്, കേന്ദ്ര ബജറ്റിന് അനുപാതമായി 3.7% ല്‍ നിന്ന് 2.3% ആയി കുറഞ്ഞുവെന്ന് ബജറ്റ് രേഖകള്‍ വെളിപ്പെടുത്തുന്നതായി ദേശീയ ആരോഗ്യ അക്കൗണ്ടുകള്‍ (എന്‍എച്ച്എ) പറയുന്നു. 2020-21, 2021-22 വര്‍ഷങ്ങളിലെ ഇന്ത്യക്കായുള്ള ദേശീയ ആരോഗ്യ അക്കൗണ്ടുകള്‍ ആരോഗ്യ മന്ത്രാലയം ഈ ആഴ്ചയാണ് പുറത്തുവിട്ടത്.

ജിഡിപിയുടെ ശതമാനത്തില്‍പ്പോലും, കേന്ദ്ര ആരോഗ്യ ബജറ്റ് 2017-18ല്‍ 0.48 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 0.37 ശതമാനമായി കുറഞ്ഞു. എന്‍എച്ച്എയുടെ കണക്കനുസരിച്ച്, ജിഡിപിയില്‍ സര്‍ക്കാര്‍ ആരോഗ്യ ചെലവിന്റെ (ജിഎച്ച്ഇ) വിഹിതം 2017-18ല്‍ 1.35 ശതമാനത്തില്‍ നിന്ന് 2021-22ല്‍ 1.84 ശതമാനമായി ഉയര്‍ന്നു, സര്‍ക്കാരിന്റെ പൊതു  ചെലവിന്റെ (ജിജിഇ) വിഹിതം 5.12 ശതമാനത്തില്‍ നിന്ന്  6.12% വര്‍ധിച്ചു. ഇതേ കാലയളവില്‍ മൊത്തം ആരോഗ്യ ചെലവിലെ  വിഹിതം 40.8% ല്‍ നിന്ന് 48% ആയി വര്‍ദ്ധിച്ചു.

ജിഡിപിയുടെ അനുപാതമായി സര്‍ക്കാര്‍ ആരോഗ്യച്ചെലവില്‍ വര്‍ദ്ധനവ് വരുത്തി, ഔട്ട്-ഓഫ്-പോക്കറ്റ് ആരോഗ്യ ചെലവിന്റെ (OoPE)  വിഹിതം കുറയുന്നു എന്നാണ്  എന്‍എച്ച്എ  2021-22 വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത്. ഇത്  സ്വാഗതാര്‍ഹമായ സംഭവവികാസമാണെങ്കിലും, കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ചില കണക്കുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്, അതുകൊണ്ട്  കൂടുതല്‍ വിശകലനം നടത്തേണ്ടതുണ്ട്. 

മാത്രമല്ല, ഔട്ട്-ഓഫ്-പോക്കറ്റ് ആരോഗ്യ ചെലവിലെ കുറവ് സംസ്ഥാന സര്‍ക്കാരുകള്‍ നികത്തിയതായി കാണുന്നില്ല. ഈ കാലയളവില്‍ മൊത്തം ജിഎച്ച്ഇ യുടെ ഒരു ശതമാനം കേന്ദ്രം വര്‍ദ്ധിപ്പിച്ചു, ജിഎച്ച്ഇ 40.8% ല്‍ നിന്ന് 41.8% ആയി. സംസ്ഥാന വിഹിതം ആനുപാതികമായി 59.2% ല്‍ നിന്ന് 58.2% ആയി കുറയുകയും ചെയ്തു. ഈ കണക്കുകള്‍ കൃത്യമാണെങ്കില്‍പ്പോലും, ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഇന്ത്യയില്‍ ഇപ്പോഴും വളരെ കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.  2025-ഓടെ ജിഡിപിയുടെ 2.5% എങ്കിലും ആരോഗ്യത്തിനായി ചെലവഴിക്കണം. 

ആഗോളതലത്തില്‍, ലോകബാങ്ക് ഡാറ്റാബേസ് കാണിക്കുന്നത് ജിഡിപിയുടെ ശരാശരി ആഭ്യന്തര പൊതുആരോഗ്യ ചെലവ്, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ 2.81% ആണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 8.6%. 2021-22 ലെ ജിഡിപിയുടെ അനുപാതം 3.83% എന്ന നിലയില്‍ മൊത്തം ആരോഗ്യ ചെലവും ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ ശരാശരി 5.44% ആണ്. ഇന്ത്യയുടെ ജിഡിപിയുടെ അനുപാതം 2017-18ല്‍ 3.31 ശതമാനത്തില്‍ നിന്ന് 2018-19ല്‍ 3.16 ശതമാനമായി കുറഞ്ഞു. മുന്‍ റിപ്പോര്‍ട്ടുകളില്‍ കണ്ട ഇടിവിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ജിഡിപിയുടെ ഒരു ശതമാനമെന്ന നിലയില്‍, 2013-14 ലെ 4% ല്‍ നിന്ന് 2018-19 ല്‍ 3.16% ആയി കുറഞ്ഞു.

2018-19 മുതല്‍ (3.16%ല്‍ നിന്ന്) 2021-22-ല്‍ 3.83% ആയി വര്‍ധിച്ചതുകൊണ്ട്  പുനരുജ്ജീവനം ഉണ്ടെന്ന് തോന്നുന്നു. പലരും വാദിച്ചതുപോലെ, നോട്ട് അസാധുവാക്കലിന് തൊട്ടുപിന്നാലെയുള്ള ഇടിവും, കോവിഡ് കാലത്തെ വര്‍ദ്ധിച്ച ചെലവിന്റെ ഫലവും ഇത് തന്നെയായിരിക്കാം. മറുവശത്ത്, കോവിഡ് കാലങ്ങളിലെ താഴ്ന്ന ജിഡിപിയുടെ പശ്ചാത്തലത്തിലും വര്‍ദ്ധനവ് കാണേണ്ടതുണ്ട്. നിലവിലെ ആരോഗ്യ ചെലവിന്റെ 45% വ്യക്തികള്‍ സ്വന്തമായി ചെലവഴിക്കുന്നതാണ്. ആഗോള ശരാശരിയായ 17% ഉം 34% ഉം താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ നിന്നുള്ളതാണ്.

2017-18ല്‍ നടത്തിയ ദേശീയ സാമ്പിള്‍ സര്‍വേയുടെ (എന്‍എസ്എസ്) ആരോഗ്യ ചെലവ് സര്‍വേയില്‍ നിന്നുള്ളതാണ് ഈ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഡാറ്റ. അതിനാല്‍, ഇത് കോവിഡ് കാലത്തെ ഉള്‍പ്പെടുത്തിയില്ല. ആരോഗ്യ ചെലവ് കണക്കാക്കുന്നതില്‍ എന്‍എസ്എസ് ഡാറ്റയുടെ ഗുണനിലവാരവും വളരെയധികം മെച്ചപ്പെടുത്തേണ്ടതുണ്ട്. മരുന്നുകളുടെ പതിവ് ചെലവുകള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കുള്ള ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ ചില ചെലവുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  മറ്റൊരു പ്രശ്‌നം, ഈ സര്‍വേകളില്‍ സമ്പന്നരെ കുറച്ചുകാണുന്നതാണ്,  ഇത് മൊത്തം ആരോഗ്യച്ചെലവിന്റെ കണക്കുകളില്‍ കാര്യമായ സ്വാധീനം ചെലുത്തും.

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വിഹിതം ഉയരുന്നതായി 2021-22 എന്‍എച്ച്എ റിപ്പോര്‍ട്ട് കാണിക്കുന്നു. മൊത്തം ആരോഗ്യ ചെലവിന്റെ ഒരു വിഹിതമെന്ന നിലയില്‍, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് വിഹിതം 2017-18 ല്‍ 5.8% ല്‍ നിന്ന് 2021-22 ല്‍ 7.4% ആയി വര്‍ദ്ധിച്ചു, കൂടാതെ സാമൂഹിക സുരക്ഷാ ആരോഗ്യ ചെലവുകളുടെ വിഹിതം 9% ല്‍ നിന്ന് 8.7% ആയി കുറഞ്ഞു. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ആശങ്കകള്‍ നമുക്കെല്ലാവര്‍ക്കും പരിചിതമാണ്, പല ചെലവുകളും പരിരക്ഷിക്കപ്പെടില്ല, റീഇംബേഴ്‌സ്‌മെന്റുകള്‍ എളുപ്പമല്ല, കരാറുകള്‍ സുതാര്യമല്ല, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഒരാള്‍ക്ക് നിരവധി ഉദ്യോഗസ്ഥ തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍, പ്രവേശനം, സുതാര്യത, ഉത്തരവാദിത്തം, നിയന്ത്രണം എന്നിവയുടെ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.

ആരോഗ്യ പരിപാലന ചെലവ് എസ്റ്റിമേറ്റുകളുടെ നയപരമായ പ്രത്യാഘാതങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്തിട്ടില്ല. എന്നിരുന്നാലും, നയങ്ങള്‍ രൂപകരിക്കുന്നവര്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും ഗവേഷകര്‍ക്കും ഈ റിപ്പോര്‍ട്ടില്‍ നിന്ന് അനുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്' ഇന്ത്യയിലെ ആരോഗ്യ ധനസഹായത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദമായ ഡാറ്റയും വിശകലനവും ആവശ്യമാണെന്നും എന്‍എച്ച്എ റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു.

ഇത്തരം റിപ്പോര്‍ട്ടുകളിലൂടെ ഇന്ത്യയിലെ ആരോഗ്യ നയം  മുഖ്യധാരാ ചര്‍ച്ചകളുടെ ഭാഗമായി മാറുകയാണ്, ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്. അതേ സമയം,  ആരോഗ്യ സംവിധാനത്തില്‍ നിര്‍ണായകമായ ചില നടപടികള്‍ ആവശ്യമാണ്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്രോതസ്സുകള്‍ വഴി ധനസഹായം നല്‍കുന്ന (നികുതി-ധനസഹായം)  പൊതുജനാരോഗ്യ സംവിധാനവും വലിയതോതില്‍ സ്വകാര്യമേഖലയെ ആശ്രയിക്കുന്ന ആരോഗ്യ സംവിധാനവും തമ്മിലുള്ള വ്യത്യാസത്തിന്റെ കാതല്‍ ഒന്നാണ്. വിപണികള്‍ നിര്‍വചിച്ചിരിക്കുന്ന കാര്യക്ഷമതാ പരിഗണനകള്‍ നമ്മുടെ പല ആരോഗ്യ തീരുമാനങ്ങളെയും നയിക്കുന്നുണ്ടെങ്കിലും, നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് മുന്‍ഗണന നല്‍കുന്നത് എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ ആരോഗ്യം ഉറപ്പാക്കുന്നതിലാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

 

#HealthInsurance #PublicHealth #IndiaHealthcare #NHMReport #HealthcareExpenditure #SocialSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia