NDA Alliance | തമിഴ് നാട്ടില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ. പാര്‍ടി വക്താവും മുന്‍ മന്ത്രിയുമായ ഡി ജയകുമാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പു വരുമ്പോള്‍ സഖ്യം ആവശ്യമാണോയെന്നു പരിശോധിച്ചു മാത്രം തീരുമാനിക്കുമെന്നും ദേശീയ തലത്തില്‍ എന്‍ഡിഎയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് ഇനി അണ്ണാഡിഎംകെയും ബിജെപിയും സഖ്യകക്ഷികളല്ലെന്നും ജയകുമാര്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പരാമര്‍ശമാണ് അണ്ണാഡിഎംകെയുടെ കടുത്ത തീരുമാനത്തിന് പിന്നില്‍. എന്നാല്‍, പാര്‍ടി ജെനറല്‍ സെക്രടറി എടപ്പാടി പളനിസാമി വിഷയത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

NDA Alliance | തമിഴ് നാട്ടില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ

ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാര്‍ടി നേതൃത്വവും തമ്മിലുള്ള ഉരസല്‍ തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുന്‍പ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടര്‍ന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ക്കു താല്‍കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മില്‍ വീണ്ടും വാക്‌പോരു തുടങ്ങിയത്. അണ്ണാമലൈക്കെതിരെ കടുത്ത വിമര്‍ശനവുമായി അണ്ണാഡിഎംകെ നേതാക്കാളായ ഡി ജയകുമാര്‍, സെല്ലൂര്‍ രാജു, സിവി ഷണ്‍മുഖം എന്നിവര്‍ രംഗത്തെത്തിയിരുന്നു.

അണ്ണാദുരൈയെക്കുറിച്ചു മോശമായി പറയുന്ന നാവുകള്‍ പിഴുതെടുക്കണമെന്നായിരുന്നു സെല്ലൂര്‍ രാജുവിന്റെ പ്രതികരണം. അണ്ണാദുരൈയെക്കുറിച്ചു പറയാന്‍ അര്‍ഹത പോലും അണ്ണാമലൈക്കില്ലെന്നും പാര്‍ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതു നിര്‍ത്തണമെന്നും ഡി ജയകുമാര്‍ പറഞ്ഞു.

പാര്‍ടിയെ തൊട്ടുകളിക്കരുതെന്നും അണ്ണാമലൈക്കുള്ള അന്ത്യശാസനമാണിതെന്നും സിവി ഷണ്‍മുഖം പറഞ്ഞു. അണ്ണാമലൈ നടത്തുന്നത് കാല്‍ നടയാത്രയല്ല, പിരിവ് യാത്രയാണെന്നും ഷണ്‍മുഖം പരിഹസിച്ചു. എന്നാല്‍, മന്ത്രിമാരാകുന്നത് പിരിവിനു വേണ്ടിയാണെന്നു കരുതുന്നവരാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നായിരുന്നു അണ്ണാമലൈ തുറന്നടിച്ചത്. ബിജെപിയുടെ വളര്‍ചയില്‍ പലര്‍ക്കും അസൂയയുണ്ട്. താന്‍ ആരുടെയും അടിമയല്ല. തന്റേത് വേറിട്ട പാര്‍ടിയും പ്രത്യയശാസ്ത്രവുമാണെന്നും സഖ്യത്തിലായതിനാല്‍ അടിമയാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Rift in NDA alliance in Tamil Nadu; AIADMK announced that there is no alliance with BJP, Chennai, News, Rift In NDA Alliance, Politics, BJP, AIADMK, Controversy, Criticism, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia