SWISS-TOWER 24/07/2023

ത്രിവർണ്ണ പതാകയുടെ പിതാവ്: പിങ്കാലി വെങ്കയ്യയെ ഓർക്കുമ്പോൾ

 
Portrait of Pingali Venkayya, the designer of Indian National Flag.
Portrait of Pingali Venkayya, the designer of Indian National Flag.

Photo Credit: Facebook/ Indian National Congress

● ആദ്യം ചർക്കയായിരുന്നു പതാകയിലെ ചിഹ്നം.
● അന്തിമ രൂപത്തിൽ ചർക്കയ്ക്ക് പകരം അശോകചക്രം വന്നു.
● ജീവിതത്തിൻ്റെ അവസാന കാലം അദ്ദേഹം ദാരിദ്ര്യത്തിലായിരുന്നു.
● മരണാനന്തര ബഹുമതിയായി ഭാരതരത്നം നിർദ്ദേശിക്കപ്പെട്ടിരുന്നു.

കനവ് കണ്ണൂർ

(KVARTHA) ഇന്ന് (ഓഗസ്റ്റ് 02) പിങ്കാലി വെങ്കയ്യയുടെ 149-ാം ജന്മദിനം. നമ്മുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാകയുടെ ശിൽപിയായ ഈ ദേശാഭിമാനിയെ നമുക്കോർക്കാം.

നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ഓർമ്മിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായ പേരുകളിൽ ഒന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ പിങ്കാലി വെങ്കയ്യയുടേത്. നിർഭാഗ്യവശാൽ, ഈ പേര് പലർക്കും അപരിചിതമാണ് എന്നതാണ് വാസ്തവം. ബഹുഭാഷാ പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം വ്യത്യസ്ത മേഖലകളിലും പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്.

Aster mims 04/11/2022

ഏതൊരു രാഷ്ട്രത്തിനും ഏറ്റവും അധികം അഭിമാനം നൽകുന്ന ഒന്നാണ് ആ രാഷ്ട്രത്തിന്റെ ദേശീയ പതാക. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ദേശീയ പതാകയുടെ നിർമ്മാണം. 

ഏതഭിമാന മുഹൂർത്തത്തിലും രാജ്യസ്നേഹം പ്രകടിപ്പിക്കാൻ, ഏത് രാജ്യത്തിൽ നിന്നാണ് നമ്മൾ വരുന്നതെന്ന വ്യക്തിത്വം ലോകസമക്ഷം അറിയിക്കാൻ നാം നെഞ്ചോട് ചേർത്ത് പിടിക്കുന്നത് നമ്മുടെ ദേശീയ പതാകയാണ്.

കഴിഞ്ഞ മാസം ബഹിരാകാശത്തെത്തിയ ശുഭാംശു ശുക്ല പറഞ്ഞ വാക്കുകൾ ഈ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധേയമാണ്: ‘ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ പതിച്ചിരിക്കുന്ന ത്രിവർണ്ണ പതാക എന്നെയൊന്ന് ഓർമ്മിപ്പിക്കുന്നു... ഞാൻ ഇവിടെ ഏകനല്ല. 130 കോടി ജനങ്ങളുടെ പ്രതിനിധിയാണ്. അത് എനിക്ക് പകരുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അധികമാണ്.’ 

അതെ, ദേശീയ പതാക ആ രാജ്യത്തെ ഒരു പൗരനെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും മേലെയുള്ള വികാരങ്ങളിൽ ഒന്നുതന്നെയാണ്. 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രി ബ്രിട്ടീഷ് പതാകയായ യൂണിയൻ ജാക്ക് താഴ്ത്തി നമ്മുടെ അഭിമാനകരമായ ത്രിവർണ്ണ പതാക ഉയർത്തിയപ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞതും ഇതുതന്നെയാണ്: ‘നമ്മുടെ ഐക്യത്തിന്റെയും നമ്മുടെ പ്രതീക്ഷയുടെയും പൊൻകിരണമാണ് നമ്മുടെ ദേശീയ പതാക.’

പഴയ മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെടുന്ന (ഇന്നത്തെ ആന്ധ്രാപ്രദേശ്) ഒരു ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പത്തൊൻപതാമത്തെ വയസ്സിൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ ബോവർ യുദ്ധത്തിൽ പങ്കാളിയായിരുന്നു. 

ഉള്ളിലുള്ള ദേശീയബോധം അടക്കിവെച്ച് ബ്രിട്ടീഷ് പതാകയെ സല്യൂട്ട് ചെയ്യേണ്ടി വരുന്ന ഇന്ത്യൻ സൈനികരുടെ മനോവ്യഥ വെങ്കയ്യ എന്നും ഉൾക്കൊണ്ടിരുന്നു. അതിനൊരു പരിഹാരം കാണണമെന്ന ചിന്ത ഒരു വികാരമായി അദ്ദേഹത്തെ എന്നും പിന്തുടരുകയും ചെയ്തു.

ഈ വികാരം മനസ്സിൽ വെച്ച് 1906-ലെ കൽക്കട്ട എഐസിസി സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം അന്നത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കോൺഗ്രസ് സമ്മേളനത്തിൽ ബ്രിട്ടീഷ് പതാകയെ സല്യൂട്ട് ചെയ്യുന്ന രീതി ഒഴിവാക്കി നമ്മുടേതായ ഒരു പതാക ആവിഷ്കരിക്കേണ്ട ആവശ്യം ഉന്നയിക്കുകയുണ്ടായി.

ഇതിനെ തുടർന്ന് പലവിധത്തിലുള്ള മുപ്പതോളം തരം ദേശീയ പതാകകൾ സൃഷ്ടിക്കപ്പെട്ടുവെങ്കിലും, നിരവധി പോരായ്മകൾ ചൂണ്ടിക്കാട്ടി ഒന്നും തന്നെ സ്വീകരിക്കുകയുണ്ടായില്ല. 1921-ൽ മഹാത്മജി വിജയവാഡ സന്ദർശിച്ചപ്പോൾ വെങ്കയ്യ അദ്ദേഹത്തെ കാണുകയും താൻ രൂപകൽപ്പന ചെയ്ത പതാക ഗാന്ധിജിയെ കാണിക്കുകയും ചെയ്തു. 

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പ്രതിനിധാനം ചെയ്ത് ഇരു നിറങ്ങളിലുള്ള പതാകയാണ് അവതരിപ്പിച്ചതെങ്കിലും, മൂന്നാമതൊരു നിറം കൂടി വേണം എന്ന ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് മറ്റു സമുദായങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് വെള്ള നിറം കൂടി അവതരിപ്പിച്ചു.

ഈ ത്രിവർണ്ണ പതാകയാണ് പിന്നീട് ഭരണഘടനാ നിർമ്മാണ സമിതി വരുത്തിയ ആവശ്യമായ ഭേദഗതികളോടുകൂടി ഇന്ത്യൻ സ്വാതന്ത്ര്യത്തിന് 20 ദിവസം മുമ്പ്, 1947 ജൂലൈ 22-ന് അംഗീകരിക്കപ്പെട്ടത്. വെങ്കയ്യ രൂപകൽപ്പന ചെയ്ത പതാകയിൽ ഭാരതത്തിന്റെ സാമ്പത്തിക നവോത്ഥാനത്തിന്റെ പ്രതീകമായി ചർക്കയാണ് ആദ്യമായി ഉൾപ്പെടുത്തിയതെങ്കിലും, അന്തിമ അംഗീകാരം വരുമ്പോൾ സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയ്ക്ക് പകരം സ്വീകരിക്കുകയാണ് ഉണ്ടായത്. 

ചുവപ്പിന് പകരം കാവി നിറമായും വെള്ളയും പച്ചയും അതേപോലെ തുടരുകയും ചെയ്തു. യഥാക്രമം ധീരത, സത്യം, സമ്പത്ത് എന്നിവയാണ് ഈ നിറങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഏറെ ഖേദകരമെന്ന് പറയട്ടെ, രാജ്യം ഏറെ ആദരവ് നൽകേണ്ട വെങ്കയ്യ തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ആരാലും പരിഗണിക്കാതെ വിസ്മൃതിയിലകപ്പെട്ട്, പട്ടിണിയിലും പരിവട്ടത്തിലും ദുസ്സഹമായ സാഹചര്യങ്ങളിലാണ് ജീവിതാവസാനം ചെലവഴിച്ചു മരണപ്പെട്ടത് എന്ന വാർത്ത കേൾക്കുന്നത് വളരെ വിഷമം തോന്നുന്ന ഒന്നാണ്.

അർഹിച്ച അംഗീകാരമോ പരിഗണനയോ ഒന്നും ലഭിക്കാതെ പോയ പിങ്കാലി വെങ്കയ്യക്ക് മരണാനന്തരം ഭാരതരത്നം നൽകണമെന്ന് ശുപാർശ വന്നുവെങ്കിലും അതും വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയി എന്ന് കേൾക്കുന്നു. സ്മരണയ്ക്കായി ഭാരത സർക്കാർ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും വിജയവാഡ റേഡിയോ സ്റ്റേഷന് ഇദ്ദേഹത്തിന്റെ പേര് നൽകുകയും ആന്ധ്രാപ്രദേശിൽ വിവിധയിടങ്ങളിൽ പ്രതിമകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ടാണ് ഒരു പരിധി വരെയെങ്കിലും ഇതിന് പരിഹാരം ചെയ്തത്.

1963-ൽ തന്റെ 87-ാമത്തെ വയസ്സിൽ പിങ്കാലി വെങ്കയ്യ നിര്യാതനായി.

 

നമ്മുടെ ദേശീയ പതാകയുടെ ശില്പിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Remembering Pingali Venkayya, the designer of India's national flag.

#PingaliVenkayya #NationalFlag #Tricolor #IndianHistory #FreedomFighter #Tribute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia