Celebration | ശിശുദിനം: കുട്ടികളുടെ ചാച്ചാജിയുടെ 135-ാമത് ജന്മദിനം; ഇന്ത്യയെ കണ്ടെത്തിയ നെഹ്‌റു
● ശിശുദിനം ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ്.
● കുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവും ചർച്ചയാകുന്ന ദിനമാണിത്.
● ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു നെഹ്റു.
● നെഹ്റു ഒരു മികച്ച രചയിതാവും കൂടിയായിരുന്നു.
(KVARTHA) കുട്ടികളെ സ്നേഹിച്ചിരുന്ന കുട്ടികൾ ഏറെ സ്നേഹിച്ചിരുന്ന കുട്ടികളുടെ ഹൃദയം പോലുള്ള നൈർമല്യ ഹൃദയത്തിന് ഉടമയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.
അന്തര്‍ദേശീയ ശിശുദിനം നവംബര്‍ 20-നാണ്. നെഹ്റുവിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് ലോകരാഷ്ട്രങ്ങൾ വിശേഷിപ്പിച്ച കേന്ദ്രമന്ത്രിയായിരുന്ന മലയാളിയായ വി കെ കൃഷ്ണമേനോനാണ് അന്തര്‍ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്രസഭയും യുനെസ്‌കോയും അത് അംഗീകരിക്കുകയുമുണ്ടായി. ഇതിൽ പ്രകാരം ലോകത്ത് പല രാജ്യങ്ങളിലും പല ദിനങ്ങൾ ആയി ശിശുദിനം ആചരിച്ചുവരുന്നുണ്ട്.
മഹാത്മാഗാന്ധിയുടെ വിശ്വസ്ത അനുയായിയും ഞാൻ മരിച്ചു പോയാൽ ജവഹർലാൽ എന്റെ ഭാഷ സംസാരിക്കും എന്ന് ആത്മവിശ്വാസത്തോടെ മഹാത്മജി പറഞ്ഞ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14-നാണ് ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. അലഹബാദിലെ അതിസമ്പന്നമായ കുടുംബത്തിൽ, തന്റെ സമ്പാദ്യങ്ങൾ മുഴുവൻ രാജ്യത്തിന് സമർപ്പിച്ച മൊട്ടിലാൽ നെഹ്റുവിന്റെ പുത്രനായി ജനിച്ച ജവഹർലാൽ ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു കുട്ടിയായിരുന്നു.
കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്‌റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു. പൂക്കളെ സ്‌നേഹിക്കുന്ന സഹൃദയനായ ചാച്ചാജിയുടെ പ്രതീകമായി കൂട്ടുകാര്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറി അദ്ദേഹത്തെ സ്മരിക്കുന്നു. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ചാച്ചാജിയുടെ രൂപമാണ് ഓരോരാളുടെ മനസ്സിലും കടന്നുവരുന്നത്.
ഇന്ത്യ സ്വതന്ത്രമായ കാലം. ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാണുവാന്‍ പാരിതോഷികങ്ങളുമായി ജനങ്ങൾ എത്തുന്ന പതിവുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കാതിരുന്നതിനാൽ ആയത് നൽകാൻ പറ്റാതെ വിഷണ്ണയായി ഇരിക്കുന്നത് എങ്ങനെയോ നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു എന്നും അവരെ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും അവർ നൽകിയ സ്നേഹോപഹാരമായ അവരുടെ വീട്ടിൽ വിരിഞ്ഞ റോസാപ്പൂ നെഹ്റുവിന് നൽകിയെന്നും വളരെ ആദരപൂർവ്വം നെഹ്റു അത് സ്വീകരിച്ച് തന്റെ കോട്ടിൽ വച്ചു എന്നുമാണ് കഥ. ഗ്രാമീണയായ പാവപ്പെട്ട ആ സ്ത്രീ നല്‍കിയ റോസാപ്പൂവായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ അടയാളമായി ബാക്കിവച്ചത്.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 2500 ലേറെ ദിവസങ്ങൾ തടവറയിൽ കഴിയേണ്ടി വന്ന, അതിപ്രശസ്തമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ച, നമ്മുടെ രാഷ്ട്ര ശില്പിയായ ജവഹർലാൽ നെഹ്റു
ചെറിയ കുട്ടിയായിരിക്കുമ്പോഴേ നല്ല വായനാശീലമുള്ള വ്യക്തിയായിരുന്നു, അതീവ ബുദ്ധിശാലിയും ആയിരുന്നു. പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. അങ്ങനെയാണ് വിദേശഭാഷാ സാഹിത്യത്തിലേയ്ക്ക് അദ്ദേഹം ആകൃഷ്ടനാകുന്നത്.
ഇംഗ്ലണ്ടിലെ പഠനത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ലക്‌നൗവില്‍ വച്ച് 1916 ൽ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.
#ChildrensDay #India #JawaharlalNehru #celebration #education #history