Agreement Scraps | അംഗീകാരം നേടാനുള്ള കഠിനശ്രമങ്ങള്‍ വിഫലം; പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദയുടെ കൈലാസ രാജ്യവുമായുള്ള കരാര്‍ യുഎസ് നഗരം ഉപേക്ഷിച്ചു; നടപടി 'ഖേദകരം' എന്ന് വിശേഷിപ്പിച്ച്
Mar 5, 2023, 16:02 IST
ന്യൂഡെല്‍ഹി: (www.kvartha.com) പീഡനക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദയുടെ 'യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസം' എന്ന സാങ്കല്‍പിക രാജ്യം അതിന്റെ പ്രതിനിധികള്‍ യുഎന്‍ മീറ്റിംഗില്‍ പങ്കെടുത്തത് മുതല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നിത്യാനന്ദയും അദ്ദേഹത്തിന്റെ സംഘവും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഐക്യരാഷ്ട്രസഭയില്‍ നിന്നും ഒരു അംഗീകാരം നേടാന്‍ കഠിനമായി ശ്രമിക്കുകകയായിരുന്നു. പക്ഷേ അവരുടെ ശ്രമങ്ങള്‍ വിഫലമായി.
നിത്യാനന്ദയുടെ പ്രതിനിധി 'വിജയപ്രിയ' യുഎന്‍ യോഗം വിളിച്ച് രാജ്യത്തെക്കുറിച്ച് സംസാരിക്കുകയും സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ അഭ്യര്‍ഥന തള്ളിക്കളഞ്ഞു. ഇപ്പോഴിതാ, അമേരികന്‍ നഗരമായ നെവാര്‍ക് 'കൈലാസ'യുമായുള്ള സഹോദരിനഗര കരാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 'ഖേദകരം' എന്ന് വിശേഷിപ്പിച്ചാണ് നടപടി.
തന്റെ പ്രതിനിധികള്‍ നെവാര്‍കില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കാണുകയും കരാര്‍ ഒപ്പിടുകയും ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങള്‍ നിത്യാനന്ദ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി 12നാണ് നെവാര്‍കിലെ സിറ്റി ഹാളില്‍ 'കൈലാസ'യും നെവാര്‍ക്കും തമ്മിലുള്ള സഹോദരിനഗര കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്.
കൈലാസയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിഞ്ഞയുടനെ നടപടിയെടുക്കുകയും ജനുവരി 18ന് കരാര്‍ റദ്ദാക്കുകയും ചെയ്തുവെന്ന് നെവാര്‍ക് സിറ്റി കമ്യൂനികേഷന്‍സ് വകുപ്പ് പ്രസ് സെക്രടറി സൂസന്‍ ഗാരോഫാലോ പറഞ്ഞു.
'വഞ്ചനയുടെ അടിസ്ഥാനത്തില്‍ നടന്ന ചടങ്ങ് അടിസ്ഥാനരഹിതവും വ്യര്‍ഥവുമായിരുന്നു. ഇത് ഖേദകരമായ സംഭവമാണ്. പരസ്പരബന്ധം, പിന്തുണ, പരസ്പര ബഹുമാനം എന്നിവയാല്‍ പരസ്പരം സമ്പന്നമാക്കുന്നതിന് വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളുമായി സഹകരിക്കാന്‍ നെവാര്‍ക് നഗരം പ്രതിജ്ഞാബദ്ധമാണ്'- ഗാരോഫാലോ പറഞ്ഞു.
ഇക്വഡോറിനടുത്തുള്ള ദ്വീപുകളിലൊന്നില്‍ സാങ്കല്‍പിക രാജ്യമായ കൈലാസ സ്ഥാപിച്ചെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ജനീവയില്‍ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങള്‍ക്കുള്ള യുഎന്‍ സമിതി യോഗത്തിലെ ചര്‍ച്ചയില്‍ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
Keywords: News,National,India,America,Top-Headlines,UN,Trending,Latest-News, 'Regrettable': US City Scraps Agreement With Nithyananda's 'Kailasa'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.