Digital Rupee | റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ 'ഇ റുപി' പരീക്ഷണാടിസ്ഥാനത്തില്‍ 4 നഗരങ്ങളില്‍ ലഭ്യമാകും; ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താം
Dec 1, 2022, 09:33 IST
ന്യൂഡെല്‍ഹി: (www.kvartha.com) റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ 'ഇ റുപി' ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം മുംബൈ, ഡെല്‍ഹി, ബെംഗ്‌ളൂറു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളില്‍ ലഭ്യമാകും. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനാകും. വ്യാഴാഴ്ച മുതല്‍ ഇ റുപി സാധാരണ ഇടപാടുകാര്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആര്‍ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോകണുകളായി ആകും ഇ റുപി പുറത്തിറക്കുക. ഇടപാടുകാരും വില്‍പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപുകളിലും ഇ റുപി പരീക്ഷിക്കും.
പൊതുവേ ഡിജിറ്റല്‍ കറന്‍സി എന്നു പറയുമ്പോഴും ഇവിടെ ഇ റുപിക്ക് ഒരു വ്യത്യാസമുണ്ട്. കാരണം ഇ റുപിയുടെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസര്‍വ് ബാങ്കിനാണ് എന്നതാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപി പൂര്‍ണതോതില്‍ നടപ്പാക്കൂവെന്നാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ഘട്ടത്തില്‍ കേരളത്തിലെ കൊച്ചി ഉള്‍പെടെയുള്ള ഒന്‍പത് നഗരങ്ങളില്‍ ഇ റുപി കൊണ്ടു വരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആര്‍ ബി ഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. ബാക്കിയുള്ള ബാങ്കുകളെ വരുന്ന ഓരോ ഘട്ടത്തിലും സഹകരിപ്പിക്കും. ഇപ്പോഴുള്ള പരീക്ഷണ ഘട്ടം വിശദമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും അടുത്ത ഘട്ടങ്ങള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുക.
ബിറ്റ്‌കോയിന്‍ ഉള്‍പെടെയുള്ള ക്രിപ്‌റ്റോകറന്‍സിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ റുപിയുടെ പ്രഖ്യാപനത്തിന് വഴിവെച്ചത്. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക് ചെയിന്‍ സാങ്കേതികതയോ രഹസ്യാത്മക പ്രവര്‍ത്തനമോ അല്ല ഇ റുപിയിലേത്. അച്ചടിച്ച നോടുകള്‍ക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപി. ഇപ്പോള്‍ പുറത്തിറക്കുന്ന നോടുകളുടെയും കോയിനുകളുടെയും അതേ സംഖ്യകളില്‍ തന്നെയാണ് ഇ റുപിയും ഉണ്ടാവുക. ഇടനിലക്കാരായ ബാങ്കുകളിലൂടെ ഇ റുപി ഉപയോക്താക്കള്‍ക്ക് കിട്ടും.
ഡിജിറ്റല്‍ വാലറ്റിലൂടെ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇ റുപിയിലൂടെ ഇടപാടുകള്‍ നടത്താം. ആളുകള്‍ തമ്മില്‍ കൈമാറാം. കച്ചവടസ്ഥലങ്ങളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങിക്കാം. റേഷന്‍ കടകളിലും മറ്റ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലുമെല്ലാം ഇ റുപ്പി ഉപയോഗിച്ച് ഇടപാട് നടത്താനാകും. അച്ചടിക്കാനുള്ള ചിലവ് വേണ്ടാ സൂക്ഷിക്കാന്‍ എളുപ്പമാകും എന്നീ ഗുണങ്ങള്‍ക്കൊപ്പം ക്ഷേമപദ്ധതികള്‍ സുതാര്യമായി ഉപഭോക്താക്കള്‍ക്ക് എത്തിക്കാനും കഴിയുമെന്നാണ് റിസവര്‍വ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
എന്താണ് ഡിജിറ്റല്‍ കറന്‍സി?
കയ്യിലിരിക്കുന്ന (ഫിസികല്‍) പണത്തിന്റെ അതേ മൂല്യമുള്ള ഡിജിറ്റല്‍ അവതാരമാണ് ഡിജിറ്റല്‍ കറന്‍സി എന്ന് പറയുന്നത്. കാണാനോ സ്പര്‍ശിക്കാനോ കഴിയില്ലെങ്കിലും അതിന് മൂല്യമുണ്ട്. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികളാണ് ഡിജിറ്റല്‍ കറന്‍സിയെ പ്രചാരത്തിലാക്കിയത്. സാധാരണ പണം പോലെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇപ്പോഴത്തെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് കേന്ദ്രീകൃത അതോറിറ്റിയില്ല. ഉദാഹരണത്തിന്, ഇന്‍ഡ്യയില്‍ പണത്തിന്റെ കേന്ദ്രീകൃത അതോറിറ്റി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയും അമേരികയില്‍ യുഎസ് ഫെഡറല്‍ റിസര്‍വുമാണ്. ഇടപാടുകളുടെ ട്രാക് സൂക്ഷിക്കാന്‍ കംപ്യൂടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ചെയിന്‍ സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നത്.
നിലവില്‍ വിവിധ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങാനാകും. നിക്ഷേപകര്‍ക്ക് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ആപുകള്‍ സൈന്‍ അപ് ചെയ്ത് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകള്‍ വാങ്ങാം. എക്സ്ചേന്‍ജ് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഏത് ക്രിപ്റ്റോ കറന്‍സിയും രൂപയടക്കമുള്ള മറ്റു ഫിസികല്‍ കറന്‍സികളിലേക്ക് മാറ്റാന്‍ കഴിയും.
Keywords: News,National,India,New Delhi,Top-Headlines,Trending,Rupees, Technology,Business,Finance,RBI,Reserve Bank, RBI To Launch Retail Digital Rupee On December 1 On Pilot Basis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.