അധോലോക കുറ്റവാളി രവി പൂജാരി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; വന്‍ സുരക്ഷാ സന്നാഹത്തോടെ വിമാനമാര്‍ഗം കൊച്ചിയിലേക്ക്
Jun 2, 2021, 21:51 IST
ബംഗളൂരു: (www.kvartha.com 02.06.2021) അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി. ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വൈകിട്ടോടെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെനിന്ന് രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും.
കൊച്ചി ബ്യൂടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം.
നേരത്തെ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നുവെങ്കിലും മുംബൈ പൊലീസ് പൂജാരിയെ നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയതോടെ അത് നടന്നില്ല. മുംബൈ പൊലീസ് പൂജാരിയെ മെയ് അവസാനവാരത്തോടെ ബംഗളൂരുവില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്.
2018 ഡിസംബര്‍ 15-നായിരുന്നു കൊച്ചിയിലെ ബ്യൂടി പാര്‍ലറില്‍ വെടിവെപ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂടിപാര്‍ലറിലേക്ക് ബൈകിലെത്തിയ രണ്ടു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ലീന മൊഴിയും നല്‍കി.
ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരില്‍ ഒരാള്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
ബംഗളൂരു പരപ്പന സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. ബ്യൂടി പാര്‍ലര്‍ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് രവി പൂജാരി പരാതിക്കാരിയായ ലീന മരിയ പോളിനെ വിളിച്ചതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി രവി പൂജാരിയുടെ ശബ്ദ സാംപിളുകള്‍ ശേഖരിക്കും.
Keywords: Ravi pujari in crime branch custody, Bangalore, News, Crime Branch, Airport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.