രാജീവ് ഗാന്ധി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള സ്വപ്നങ്ങളുടെ രക്തസാക്ഷി

 
Portrait of former Indian Prime Minister Rajiv Gandhi.
Portrait of former Indian Prime Minister Rajiv Gandhi.

Photo Credit: Facebook/ Rajiv Gandhi

● ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.
● ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കാൻ ശ്രമിച്ചു.
● ശ്രീപെരുമ്പത്തൂരിൽ എൽ.ടി.ടി.ഇയുടെ ബോംബ് സ്ഫോടനത്തിൽ മരണം.
● ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മകനാണ്.
● അനുജൻ സഞ്ജയ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയത്തിലെത്തി.
● കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നു.
● വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ചു.

കനവ് കണ്ണൂർ

(KVARTHA) ‘ഇന്ത്യ ഒരു പുരാതന രാജ്യവും ഒരു യുവ രാഷ്ട്രവുമാണ്. ഞാനൊരു യുവാവാണ്. എനിക്കൊരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ മാനവ സമൂഹത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.’

ഇന്ത്യയെക്കുറിച്ച് ഏറ്റവും മനോഹരമായ സ്വപ്നങ്ങൾ കണ്ട, ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ ആവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നടപ്പിലാക്കാൻ ഏറെ പരിശ്രമിച്ച നേതാവായിരുന്നു. 

ഇന്ത്യൻ രാഷ്ട്രീയത്തിൽ സൂര്യതേജസ്സായി തിളങ്ങി നിൽക്കെ, തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ നടത്തിയ മനുഷ്യ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിയായിട്ട് 34 വർഷം പിന്നിടുന്നു.

മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും അതിക്രൂരമായ രക്തസാക്ഷിത്വത്തിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച മൂന്നാമത്തെ രക്തസാക്ഷിത്വമായിരുന്നു രാജീവ് ഗാന്ധിയുടേത്.

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും പുത്രനായി 1944 ഓഗസ്റ്റ് 20-നാണ് രാജീവ് ജനിച്ചത്. അമ്മയുടെയും അച്ഛൻ്റെയും രാഷ്ട്രീയ ജീവിതത്തോട് ഒട്ടും താല്പര്യമില്ലാതെ പൈലറ്റായി ജീവിതം നയിച്ച രാജീവ്, അമ്മ പിൻഗാമിയായി വളർത്തിക്കൊണ്ടുവന്ന ഇളയ അനുജൻ സഞ്ജയ് ഗാന്ധി 1980 ജൂൺ 23-ന് ഒരു വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അമ്മയുടെ നിർബന്ധപ്രകാരം പൊതുജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു.

നാല് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ, സ്വന്തം കുടുംബത്തിൽ അതിക്രൂരമായ മറ്റൊരു ദുരന്തത്തിനും രാജീവിന് സാക്ഷിയാകേണ്ടിവന്നു. പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാഗാന്ധി ന്യൂഡൽഹിയിലെ സ്വന്തം വസതിയിൽ വെച്ച് അംഗരക്ഷകരുടെ വെടിയേറ്റ് രക്തസാക്ഷിയായപ്പോൾ, നിസ്സഹായരായ സ്വന്തം രാജ്യത്തെ ജനങ്ങളുടെ വിളി കേൾക്കാൻ രാജീവ് നിർബന്ധിതനായി.

1984 ഒക്ടോബർ 31-ന് വെടിയേറ്റുവീണ അമ്മയുടെ ഭൗതിക ശരീരത്തിന് സാക്ഷിയായി, 80 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി, ഇതുവരെ കേന്ദ്രത്തിൽ ഒരു മന്ത്രി പദവി പോലും അലങ്കരിച്ചിട്ടില്ലാത്ത 40-കാരനായ യുവാവ് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിപ്പെട്ടു. നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ട് രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാനുള്ള ഒരു പുതുപുത്തൻ ടീമുമായി രാജീവ് പ്രയാണം ആരംഭിച്ചു. 

ദേശീയവും അന്താരാഷ്ട്രീയവുമായ നിരവധി വെല്ലുവിളികൾ രാജീവിൻ്റെ മുന്നിലുണ്ടായിരുന്നു. അമ്മയുടെ രക്തസാക്ഷിത്വത്തിന് കാരണമായ ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രശ്നം തമിഴ്നാട്ടിലുണ്ടാക്കുന്ന കുടിയേറ്റം, ആസാമിലെ വിദ്യാർത്ഥി പ്രശ്നവും ബോഡോ പ്രശ്നവും തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതോടൊപ്പം രാജ്യത്തെ മുന്നോട്ട് നയിക്കുക എന്ന ഇരട്ട ഉത്തരവാദിത്വമായിരുന്നു രാജീവിൻ്റെ ചുമലിലുണ്ടായിരുന്നത്. ഇതിന് രാജ്യത്തെ ജനങ്ങൾ പൂർണ്ണ പിന്തുണ നൽകി. 

1984-ൽ നടന്ന തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകളുമായി കോൺഗ്രസ് വൻ വിജയം നേടി. പഞ്ചാബ് പ്രശ്നം പരിഹരിക്കുന്നതിന് രാജീവ് ലോംഗോവാൾ കരാറും ആസാം കരാറും ഒപ്പുവെച്ചു. എന്നാൽ ശ്രീലങ്കൻ പ്രസിഡൻ്റ് ജയവർധനെ ഒരു കുരുക്കിൽപ്പെടുത്തിയപ്പോൾ, തൻ്റെ രാഷ്ട്രീയ തന്ത്രജ്ഞതയിലെ പരിമിതി കാരണം അത് മനസ്സിലാവാതെ പോയതാണ് ശ്രീലങ്കൻ കരാർ. രാജീവ് സ്വന്തം ആത്മഹത്യ കുറിപ്പിൽ ഒപ്പുവെക്കുകയായിരുന്നു ശ്രീലങ്കൻ കരാർ എന്ന് പിന്നീട് തെളിഞ്ഞു.

ഇന്ത്യക്കാരായ തമിഴ് വംശജരെ ഇന്ത്യൻ സൈന്യത്തെക്കൊണ്ട് തന്നെ ഇല്ലാതാക്കുക എന്ന തന്ത്രം ശ്രീലങ്ക നടപ്പാക്കിയപ്പോൾ, ശ്രീലങ്കയിലേക്ക് നിയോഗിക്കപ്പെട്ട ഐ.പി.കെ.എഫിൻ്റെ പല പ്രവർത്തികളും തമിഴ് വംശജരുടെ എതിർപ്പിന് കാരണമാവുകയും അന്തിമമായി രാജീവ് ഗാന്ധിയോടുള്ള രോഷത്തിന് കാരണമായി മാറുകയും ചെയ്തു. ആ രോഷത്തിൻ്റെ ബാക്കിപത്രമാണ് 1991-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശ്രീപെരുമ്പത്തൂരിൽ നടന്ന ബോംബ് സ്ഫോടനം.

ഇന്ത്യൻ രാഷ്ട്രീയത്തിലെ കൂറുമാറ്റക്കാരെ നിലയ്ക്ക് നിർത്തി സമഗ്രമായ കൂറുമാറ്റ നിരോധന നിയമം ഇന്ത്യയിൽ നടപ്പിലാക്കിയ രാജീവ്, ഇന്ത്യയിൽ വോട്ടിംഗ് പ്രായം 18 വയസ്സാക്കി ചുരുക്കി യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിന് നിർണായക പങ്കുവഹിച്ചു. 

മഹാത്മാഗാന്ധിയുടെ സ്വപ്നമായ ഗ്രാമസ്വരാജ് എന്ന ത്രിതല പഞ്ചായത്ത് രാജ് സമ്പ്രദായം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നെങ്കിലും പ്രാവർത്തികമാക്കാൻ സാധിച്ചില്ല.

കേവലം നാല് വർഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള ടെക്നോക്രാറ്റായ പ്രധാനമന്ത്രി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളിൽ പരാജയപ്പെട്ടു. സ്വന്തം പാർട്ടി പ്രവർത്തകരും മന്ത്രിസഭയിലെ വിശ്വസ്തരായ സഹപ്രവർത്തകരും രാജീവിനെതിരെ തിരിയുകയും പ്രതിപക്ഷത്തിൻ്റെ വക്താക്കളാവുകയും ചെയ്തു. 1989-ൽ നടന്ന തിരഞ്ഞെടുപ്പിൽ രാജീവ് അധികാരത്തിൽ നിന്ന് പുറത്തായി.

തുടർന്ന് വന്ന അൽപ്പായുസ്സായ മന്ത്രിസഭകൾ ഭരണ സ്ഥിരത ഉറപ്പുവരുത്താതിരിക്കുകയും രണ്ടു വർഷത്തിനകം രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറാകേണ്ടി വരികയും രാജീവ് ഗാന്ധി ശക്തമായ തിരിച്ചുവരവിന് തയ്യാറായി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇടിത്തീ പോലെയുള്ള ബോംബ് സ്ഫോടനം നടന്നതും 47 വയസ്സ് പൂർത്തിയാക്കുന്നതിനിടെ രാജീവ് ഈ ലോകത്തോട് വിടവാങ്ങിയതും.

ജീവിച്ചിരിക്കുന്നത് പോലെയായിരുന്നു രാജീവിൻ്റെ മരണവും. മുഖത്ത് ചെറുപുഞ്ചിരിയും ഹൃദയത്തിൽ സഹാനുഭൂതിയും ബാക്കിവെച്ച് തൻ്റെ സ്വപ്നങ്ങളെല്ലാം രാജ്യത്തെ യുവാക്കൾക്ക് കൈമാറി. തനു എന്ന മനുഷ്യ ബോംബ് നടത്തിയ സ്ഫോടനത്തിൽ രാജീവ് ഗാന്ധി ചിതറിത്തെറിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യയുടെ സ്വപ്നത്തിൻ്റെ ബലിക്കല്ല് ശ്രീപെരുമ്പത്തൂരിൽ സൃഷ്ടിച്ചുകൊണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: 34 years have passed since Rajiv Gandhi, India's youngest Prime Minister, was assassinated by an LTTE human bomb. A visionary leader who aimed to lead India into the 21st century, he championed technological advancements and democratic reforms.

#RajivGandhi, #IndianPolitics, #Martyrdom, #FormerPM, #LTTETerrorism, #IndianHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia